കോന്നി, ഇടുക്കി മെഡി. കോളേജുകളില്‍ എംബിബിഎസ് പ്രവേശനത്തിന് നടപടി; 200 സീറ്റുകള്‍ കൂടും

കോന്നി, ഇടുക്കി മെഡി. കോളേജുകളില്‍ എംബിബിഎസ് പ്രവേശനത്തിന് നടപടി; 200  സീറ്റുകള്‍ കൂടും

തിരുവനന്തപുരം: കോന്നി, ഇടുക്കി സർക്കാർ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനാനുമതിക്കായി മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്, ദേശീയ മെഡിക്കൽ കമ്മിഷന് അപേക്ഷനൽകി. കോന്നിയിലും ഇടുക്കിയിലും 100 സീറ്റുകൾക്ക് വീതമാണ് അനുമതി തേടിയിട്ടുള്ളത്.

മെഡിക്കൽ കമ്മിഷൻ പരിശോധനകൾക്കുശേഷം അനുമതി ലഭിച്ചാൽ ഇരുകോളേജുകളിലും ഇക്കൊല്ലംതന്നെ പ്രവേശനം നടത്താനാകും. ഇരുകോളേജുകൾക്കും ആരോഗ്യ സർവകലാശാലയുടെ അനുമതിയുണ്ട്. നിലവിൽ, സർക്കാർ-സാശ്രയ മേഖലകളിലായി 4105 എം.ബി.ബി.എസ്. സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇടുക്കിയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

എന്നാൽ കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് തുടക്കമിട്ട ഇടുക്കി മെഡിക്കൽ കോളേജിൽ 50 സീറ്റിൽ പ്രവേശനം ആരംഭിച്ചിരുന്നെങ്കിലും സൗകര്യങ്ങളില്ലെന്നുകണ്ടതോടെ, പിന്നാലെവന്ന ഇടതുസർക്കാർ കോളേജ് പ്രവർത്തനം അവസാനിപ്പിക്കുകയും വിദ്യാർഥികളെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്കുംമറ്റും മാറ്റുകയും ചെയ്തിരുന്നു.
കോന്നി മെഡിക്കൽ കോളേജ് അനുമതിക്ക് അപേക്ഷ സമർപ്പിച്ചതിനു തൊട്ടുപിന്നാലെ പത്തനംതിട്ട ജനറൽ ആശുപത്രിയെ താത്‌കാലികമായി കോന്നി മെഡിക്കൽ കോളേജിന്റെ അനുബന്ധ ആശുപത്രിയാക്കി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

അതിന്റെ ഭാഗമായി ജനറൽ ആശുപത്രിയുമായി ബന്ധപ്പെട്ട 47 ഡോക്ടർമാരെ മെഡിക്കൽ കോളേജിലേക്ക് നിയമിച്ചു.
കേന്ദ്രപദ്ധതി പ്രകാരം ജില്ലാ, ജനറൽ ആശുപത്രികളെ മെഡിക്കൽ കോളേജുകളായി ഉയർത്തുന്നതിന് അനുമതിയുള്ള സാഹചര്യത്തിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയെ കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാക്കുന്നതെന്ന് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്‌ അധികൃതർ പറഞ്ഞു. നേരത്തേ മഞ്ചേരി, ഇടുക്കി എന്നിവയെ ഇത്തരത്തിൽ ഉയർത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.