'ക്രിസ്തുവിനെ നെഞ്ചിലേറ്റി അവന്‍ യാത്രയായി': ബിഹാറില്‍ ഹിന്ദുത്വവാദികളുടെ ആസിഡ് ആക്രമണത്തിനിരയായ ദളിത് ക്രിസ്ത്യന്‍ ബാലന്‍ മരിച്ചു

'ക്രിസ്തുവിനെ നെഞ്ചിലേറ്റി അവന്‍ യാത്രയായി': ബിഹാറില്‍ ഹിന്ദുത്വവാദികളുടെ ആസിഡ് ആക്രമണത്തിനിരയായ ദളിത് ക്രിസ്ത്യന്‍ ബാലന്‍ മരിച്ചു

ഗയ: ബിഹാറിലെ ഗയയില്‍ ക്രൂരമായ ആസിഡ് ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന പതിനാലുകാരനായ ദളിത് ക്രൈസ്തവ ബാലന്‍ നിതീഷ് കുമാര്‍ മരിച്ചു. ഏതാനും ദിവസങ്ങളായി നിതീഷിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. സീന്യൂസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന മരണപ്പെട്ട ബാലന്റെ കുടുംബം നല്‍കിയ പരാതി ഗയാ പോലീസോ, പട്‌ന പോലീസോ കാര്യമായെടുത്തില്ലെന്ന് ദി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 11 ന് വീടിനടുത്തുള്ള കടയില്‍ പച്ചക്കറി വാങ്ങാന്‍ പോയ നിതീഷിനു നേരെ മോട്ടോര്‍ സൈക്കളില്‍ എത്തിയ മൂന്നു പേര്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് നിതീഷിന്റെ സഹോദരനായ സഞ്ജീത്ത് കുമാര്‍ പരാതിയില്‍ പറയുന്നത്. ഇതൊരു ആത്മഹത്യയായി ചിത്രീകരിക്കുവാനാണ് പ്രാദേശിക പോലീസും കുട്ടിയെ ചികിത്സിച്ച ആശുപത്രിയും ശ്രമിക്കുന്നതെന്നും പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ ബോഡി വിട്ടുനല്‍കിയതു സംശയാസ്പദമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ശേഷം ഹിന്ദുത്വവാദികള്‍ ഉള്‍പ്പെടെ പ്രദേശവാസികളില്‍ ചിലര്‍ ദേവാലയത്തില്‍ പോകരുതെന്ന് വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും നിതീഷ് കുമാറിന്റെ പിതാവ് രവിദാസ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ആക്രമണത്തിന് മുന്‍പോ ശേഷമോ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിതീഷ് കുമാര്‍ ആശുപത്രിയിലായിരിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 'ടെലിഗ്രാഫ്' രവിദാസിന്റെ കുടുംബത്തെ ബന്ധപ്പെട്ടെങ്കിലും ഭീതിനിമിത്തം അവര്‍ തങ്ങളുടെ മതത്തേക്കുറിച്ച് പറയുന്നതിനോ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനോ വിസമ്മതിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിതീഷ് കുമാറിന്റെ ശരീരത്തില്‍ 65 ശതമാനം പൊള്ളലേറ്റിരിന്നുവെന്നും ഇതില്‍ 15 ശതമാനം ആഴത്തിലുള്ളതാണെന്നും അതിജീവന സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. സമീപത്തുള്ള ദേവാലയത്തിലെ ശുശ്രൂഷകളില്‍ സജീവമായി സഹകരിച്ചിരിന്ന ബാലനായിരുന്നു നിതീഷ് കുമാര്‍.

എന്നാല്‍ ഇവരുടെ കുടുംബം കഴിയുന്ന പ്രദേശത്ത് ശക്തമായ ക്രൈസ്തവ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടായിരുന്നുവെന്നും  റിപ്പോര്‍ട്ടുകളുണ്ട്. നിതീഷിന്റെ സംസ്‌കാരം നടത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.