നെടുംകുന്നം: കഴിഞ്ഞ ദിവസം നിര്യാതനായ, നെടുംകുന്നം പതാലിൽ പി.എസ്.തോമസിന്, ജന്മനാടിനൊപ്പം തന്നെ താനാക്കിയ യുഎഇയോടുമുള്ള സ്‌നേഹത്തിന്റെ കഥ ഹൃദയസ്പർശിയായി.
അബുദാബിയിലെ ലിവായിൽ ട്രാൻസ്‌പോർട് കോർപറേഷനിൽ സൂപ്പർവൈസർ ആയി അദ്ദേഹം ജോലി ചെയ്തിരുന്നു. നീണ്ട 25 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് 2002 ൽ നാട്ടിലേക്ക് മടങ്ങുമ്പോൾ, പോറ്റമ്മയായ യുഎഇ യോടും, അവിടുത്തെ ഭരണാധികാരികളോടുമുള്ള തൻ്റെ സ്നേഹത്തിൻറെയും നന്ദിയുടെയും സൂചകമായി, ഒരു പിടി മണ്ണും ചില്ലു കുപ്പിക്കുള്ളിലാക്കി അദ്ദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. മണ്ണ് സൂക്ഷിച്ചിരുന്ന കുപ്പിയുടെ മുകളിൽ, ശേഖരിച്ച സ്ഥലവും തീയതിയും വ്യക്തമാക്കി ‘ലിവാ 30.06.2002’ എന്ന് എഴുതിയിരുന്നു.
തൻ്റെ മൃതദേഹം വയ്ക്കുന്ന പെട്ടിക്കുള്ളിൽ, 'ലിവാ' യിൽ നിന്ന് കൊണ്ടുവന്ന ഈ മണ്ണും വയ്ക്കണമെന്നതായിരുന്നു അദ്ദേഹത്തിൻറെ ആഗ്രഹം. മരിക്കുന്നതിനു മുൻപ് ആ ആഗ്രഹം തൻറെ പ്രിയപ്പെട്ടവരോടും, ഇടവകയിലെ അച്ചനോടും പങ്കുവച്ചിരുന്നു. നീണ്ട പത്തൊൻപത് വർഷം ഒരു നിധിപോലെ സൂക്ഷിച്ചുവച്ച ആ മണ്ണ്, അദ്ദേഹത്തിൻറെ ആഗ്രഹം പോലെ, മൃതദേഹത്തിനൊപ്പം നെടുംകുന്നം പള്ളിയിൽ സംസ്കരിച്ചു. സെപ്റ്റംബർ 28 ന് നടന്ന ശവസംസ്ക്കാര ശ്രുശ്രൂഷയിൽ അദ്ദേഹത്തിൻറെ സഹോദരീപുത്രി പങ്കുവച്ച ഈ കാര്യങ്ങൾ, കേട്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
കാലമെത്ര കഴിഞ്ഞാലും ഓരോ പ്രവാസിയുടെയും ഹൃദയതാളമായി ജന്മനാടിനൊപ്പം പോറ്റമ്മയായിരുന്ന നാടും ഉണ്ടാകും എന്നതിൻറെ ഉത്തമ ഉദാഹരണമാണ് മരണത്തിലും നെഞ്ചോട് ചേർത്ത ആ ഒരു പിടി മണ്ണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.