മോഷ്ടിച്ചത് ഇരുന്നൂറോളം വാഴക്കുലകള്‍; മഞ്ഞ പെയിന്റടിച്ച് പഴുത്തതെന്ന് പറഞ്ഞ് വിറ്റതോടെ പൊലീസ് പിടിയിലായി

മോഷ്ടിച്ചത് ഇരുന്നൂറോളം വാഴക്കുലകള്‍; മഞ്ഞ പെയിന്റടിച്ച് പഴുത്തതെന്ന് പറഞ്ഞ് വിറ്റതോടെ പൊലീസ് പിടിയിലായി

ഇടുക്കി: മോഷ്ടിച്ച വാഴക്കുലകളില്‍ മഞ്ഞ പെയിന്റടിച്ച് പഴുത്ത കുലയെന്ന് പറഞ്ഞ് വിറ്റ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടില്‍ ഏബ്രഹാം വര്‍ഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് കമ്പംമെട്ട് പൊലീസിന്റെ പിടിയിലായത്. ഇടുക്കി പഴയ കൊച്ചറയിലെ കൃഷിയിടത്തില്‍ നിന്നാണ് ഇവര്‍ വാഴക്കുലകള്‍ മോഷ്ടിച്ചത്.

ഒരു ലക്ഷത്തോളം രൂപയുടെ വാഴകുലകളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. പല ദിവസങ്ങളിലായി കൃഷിയടത്തില്‍ നിന്നും വാഴ കുലകള്‍ മോഷ്ടിച്ച് കടത്തുകയായിരുന്നു. പഴയകൊച്ചറ സ്വദേശി വാണിയപ്പുരയ്ക്കല്‍ പാപ്പുവിന്റെ കൃഷിയിടത്തിലാണ് മോഷണം നടന്നത്. സമ്മിശ്ര കൃഷി നടത്തുന്ന ഭൂമിയില്‍ ഇടവിളയായി, വിവിധ ഇനങ്ങളില്‍ പെട്ട 2000ത്തോളം വാഴകളാണ് നട്ടിരുന്നത്.

ഏത്ത, ഞാലിപൂവന്‍, പാളയംകൂടന്‍, റോബസ്റ്റ തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പല ദിവസങ്ങളിലായി ഇരുനൂറോളം വാഴക്കുലകളാണ് മോഷ്ടാക്കള്‍ കടത്തിയത്.

ഓരോ ദിവസവും 30 കുലകള്‍ വരെ നഷ്ടപെട്ടിരുന്നുവെന്ന് ഉടമ പറയുന്നു. പച്ച വാഴ കുല വെട്ടി മഞ്ഞ ചായം പൂശി വ്യാപാരികളെയും പ്രതികള്‍ കബളിപ്പിച്ചു. ചായം പൂശിയ വാഴക്കുലകള്‍ കൊച്ചറയിലെ ഒരു പച്ചക്കറി കടയില്‍ പഴുത്ത പഴമെന്ന് പറഞ്ഞ് വില്‍പന നടത്തി. ഇത് ചായം പൂശിയ കായകളാണെന്ന് മനസിലാക്കിയ വ്യാപാരി വിവരം പൊലീസിനെ അറിയിച്ചതോടെയാണ് മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.