ദൈവത്തിന് നിയമപോരാട്ടം കൊണ്ട് ഒരു ഗുണവുമില്ല; ഇരുസഭകളും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു: വിമർശനവുമായി ഹൈക്കാേടതി

ദൈവത്തിന് നിയമപോരാട്ടം കൊണ്ട് ഒരു ഗുണവുമില്ല; ഇരുസഭകളും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു: വിമർശനവുമായി ഹൈക്കാേടതി

കൊച്ചി: ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ തര്‍ക്കം തുടരുന്നതിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി. സഭാ തര്‍ക്കം ഇങ്ങനെ തുടരുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് കോടതി ഇരു സഭകളോടും ചോദിച്ചു.

എന്നാൽ സഭാ തര്‍ക്കത്തില്‍ രണ്ട് വിഭാഗങ്ങളില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. യാക്കോബായ, ഓര്‍ത്തഡോക്സ് പളളിത്തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്.

'സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു സഭയും ഒരു ഭരണഘടനയും മാത്രമേയുള്ളൂ. അനന്തമായി നീളുന്ന വ്യവഹാരങ്ങള്‍ ഇരുസഭയെയും മുറിപ്പെടുത്തുകയേ ഉള്ളൂ. നിയമവ്യവഹാര പ്രക്രിയയുടെ അവസാനമെത്തിയെന്ന് ഇരുസഭകളും മനസിലാക്കണം. നാളുകളായി ഈ തര്‍ക്കം തുടരുന്നു, ഇതിന് ഒരു അവസാനം ആവശ്യമാണ്. ഇരുവിഭാ​ഗവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ്. സര്‍ക്കാര്‍ ബലം പ്രയോഗിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാവും എന്ന് നിങ്ങള്‍ക്ക് അറിയില്ലേയെന്ന്' കോടതി ഓർമിപ്പിച്ചു.

'കഴിഞ്ഞത് കഴിഞ്ഞു. ഇത് മറക്കാനും പൊറുക്കാനുമുള്ള സമയമാണ്. ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. ഇരുസഭകളിലെയും വിവേകശാലികളായ നേതൃത്വം തീരുമാനമെടുക്കണം. സര്‍വേശ്വരന്‍ ഈ നിയമപോരാട്ടവും ഏറ്റുമുട്ടലും കണ്ട് വേദനിക്കുന്നു. ആര്‍ക്കാണ് ഈ നിയമപോരാട്ടം കൊണ്ട് ഗുണം. ദൈവത്തിന് ഒരു ഗുണവുമില്ല. തര്‍ക്കം മൂലം കുറെ പള്ളികള്‍ പൂട്ടിക്കിടക്കുന്നു. കുറേ രക്തച്ചൊരിച്ചിലുണ്ടായി. വികാരിയെയും വിശ്വാസികളെയും പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാനാകില്ല. പൊലീസിനെ നിയോഗിച്ചല്ല ഈ പ്രശ്നം പരിഹരിക്കേണ്ടതെന്നും കോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.