തിരുവനന്തപുരം: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് പാര്‍ട്ടി വക്താക്കള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശം നല്‍കി.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും മോന്‍സണുമായി ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകാരനെ മാത്രം ചര്‍ച്ചകള്‍ ലക്ഷ്യം വെക്കുന്നുവെന്നും അതിനാല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.
മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മോന്‍സണുമായി അടുത്തബന്ധം പുലര്‍ത്തിയിട്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് മാത്രമാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഇത് വിഷയം പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാനാണെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. മോൺസണെതിരെ സുധാകരന്‍ നിയമനടപടി സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നും നേതൃത്വം പറയുന്നു. ഇന്നുമുതല്‍ മോന്‍സണുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.
മോന്‍സന്‍ വിഷയത്തില്‍ സുധാകരനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ തുറന്നടിച്ചിരുന്നു. ജാഗ്രതക്കുറവ് ഉണ്ടായെന്ന് ബെന്നി ബഹന്നാന്‍ പറഞ്ഞു. എന്നാല്‍ ബെന്നിയുടെ പ്രതികരണം മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. തനിക്ക് മോന്‍സണെ പരിചയമുണ്ടെങ്കിലും പരാതിക്കാര്‍ ഉന്നയിക്കുന്ന ഇടപാടുകളിലോ മറ്റ് കാര്യങ്ങളിലോ പങ്കില്ലെന്ന നിലപാടിലാണ്.
തന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയെങ്കില്‍ മോന്‍സണിനെതിരെ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ഉയരുന്നത് പോലെ മോന്‍സണിന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം സുധാകരനെതിരായ ആരോപണം എല്‍ഡിഎഫ് ആയുധമാക്കുകയാണ്. സുധാകരന്റെ വിശദീകരണമെല്ലാം തള്ളിയ എല്‍ഡിഎഫ് കൂടുതല്‍ ബന്ധമുണ്ടെങ്കില്‍ അതും പുറത്തുവരട്ടെ എന്ന നിലപാടിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.