ബീജിങ്: ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളെ തങ്ങളുടെ നിരീക്ഷണ വലയത്തിലാക്കാന്‍ ബൃഹത് ബഹിരാകാശ പദ്ധതിയുമായി ചൈന. 2030 ഓടെ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിന്റെ ട്രയല്‍ റണ്‍ ചൈനീസ് പത്രങ്ങളില്‍ വാര്‍ത്തയായി.
ഇതിലൂടെ കൃഷി, വനവല്‍ക്കരണം, ഭൂമിശാസ്ത്ര പരമായ നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം, സ്മാര്‍ട്ട് സിറ്റി, ഭൂമിയുടെ ആസൂത്രണം ഇവ സാധ്യമാകുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് ചൈനീസ് പത്രങ്ങള്‍ പറയുന്നതെങ്കിലും മറ്റ് രാജ്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയെന്ന ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ടെന്നാണ് നയതന്ത്ര വിദഗ്ധരുടെ അനുമാനം.
ട്രയല്‍ റണ്ണിന്റെ ഭാഗമായി ജിലിയന്‍-1 എന്ന ഉപഗ്രഹം ഉപയോഗിച്ച് ഒരു സര്‍വകലാശാലയിലെ കുട്ടികളുടെ ചിത്രം ഒപ്പിയെടുത്തത് ചൈനീസ് ഔദ്യോഗിക മാധ്യമമായ ദി ഗ്ലോബല്‍ ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപഗ്രഹത്തിലെ ഏഴാം നമ്പര്‍ ക്യാമറയില്‍ കുട്ടികളുടെ ചിത്രം ഭംഗിയായി പതിഞ്ഞു.
ചൈനയിലെ ആദ്യ വാണിജ്യ സാറ്റലൈറ്റ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഭൂമിയുടെ വളരെ അടുത്താണ് ഇതിന്റെ ഭ്രമണപഥം. ചൈനീസ് സര്‍ക്കാര്‍ അധീനതയിലുളള ചാങ്ചുന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റിക്ക്‌സ്, ഫൈന്‍ മെക്കാനിക്സ് ആന്റ് ഫിസിക്സിന് കീഴിലെ ദി ചാങ് ഗുവാങ് സാറ്റലൈറ്റ് കമ്പനി എന്നിവര്‍ സംയുക്തമായി 2030ഓടെ ഭൂമിയെ ഇത്തരത്തില്‍ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങളുടെ നക്ഷത്ര സമൂഹം തന്നെ ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ജിലിയന്‍-1 നക്ഷത്ര സമൂഹം എന്നാണ് ഇതിന് പേര്. 138 ഓളം ഹൈ പെര്‍ഫോമന്‍സ് ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഭൂനിരീക്ഷണ സാറ്റലൈറ്റുകള്‍ വഴി പരമാവധി 10 മിനുട്ടിനിടയിലെ ഭൂമിയിലെ എല്ലാ കാര്യങ്ങളും ഒപ്പിയെടുക്കാന്‍ കഴിയും. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ക്യാമ്പുകള്‍ എവിടെയെന്ന് കൃത്യമായി അറിയാന്‍ പാകിസ്ഥാന്‍ ചൈനയില്‍ നിന്നും ഇത്തരം സാറ്റലൈറ്റുകള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.
2020 സെപ്തംബറില്‍ ഒന്‍പത് ജിലിയന്‍-1 സാറ്റലൈറ്റുകള്‍ ചൈന കടലില്‍ നിന്നും വിക്ഷേപിച്ചു. ഭാരം കുറഞ്ഞ, എന്നാല്‍ മികച്ച ക്യാമറയുളള കൃത്രിമ ഉപഗ്രഹങ്ങളായിരുന്നു ഇവ. ഈ വര്‍ഷം അവസാനത്തോടെ 60 ഉപഗ്രഹങ്ങള്‍ ഈ നക്ഷത്ര സമൂഹത്തിലെത്തിക്കാനും പിന്നീട് വരുന്ന എട്ട് വര്‍ഷങ്ങള്‍ കൊണ്ട് 78 ഉപഗ്രഹങ്ങള്‍കൂടി അയയ്ക്കാനുമാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇത് സാക്ഷാത്കരിക്കപ്പെട്ടാല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് അത് വന്‍ ഭീഷണിയായി മാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.