സിനിമാ തീയറ്ററുകള്‍ തുറക്കുമെങ്കിലും ബിഗ് ബജറ്റ് സിനിമകള്‍ ഉടന്‍ റിലീസിനെത്തില്ല

സിനിമാ തീയറ്ററുകള്‍ തുറക്കുമെങ്കിലും ബിഗ് ബജറ്റ് സിനിമകള്‍ ഉടന്‍ റിലീസിനെത്തില്ല

കൊച്ചി: സംസ്ഥാനത്ത് 25ന് സിനിമ തിയറ്ററുകൾ തുറക്കുമെങ്കിലും ബിഗ് ബജറ്റ് സിനിമകള്‍ ഉടന്‍ റിലീസിനെത്തില്ല. 50% പ്രേക്ഷകർക്ക് മാത്രമാണ് പ്രവേശനമെന്നതിനാൽ ബിഗ് ബജറ്റ് സിനിമകളായ ‘മരയ്ക്കാർ–അറബിക്കടലിന്റെ സിംഹം’, ‘ആറാട്ട്’, ‘തുറമുഖം’ എന്നിവ ഈ ഘട്ടത്തിൽ റിലീസിനുണ്ടാകില്ല. മമ്മൂട്ടിയുടെ ‘ഭീഷ്മപർവ’ത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ നടക്കുന്നു. പല മുൻനിര താരങ്ങളുടെയും ചിത്രങ്ങൾ ഒടിടി വഴി റിലീസ് ചെയ്തതിനാൽ തീയറ്റർ റിലീസ് കാക്കുന്ന മറ്റു പ്രധാന ചിത്രങ്ങളില്ല.

എന്നാൽ ആദ്യ റിലീസുകൾ ഏതെന്നു തീരുമാനമായിട്ടില്ല. ആദ്യ ആഴ്ചയിൽ ഏതൊക്കെ സിനിമകൾ എത്തുമെന്ന് ഇപ്പോൾ പറയാറാനാവില്ലെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്ത് പറഞ്ഞു.
നവംബർ നാലിന് ഏതാനും തമിഴ് സിനിമകൾ എത്തും. രജനീകാന്ത് ചിത്രം ‘അണ്ണാത്തെ’, ‘മാനാട്’ (ചിമ്പു) , ‘എനിമി’ (വിശാൽ) എന്നിവയാണു ദീപാവലി റിലീസിനുള്ളത്. രോഹിത് ഷെട്ടി–അക്ഷയ് കുമാർ ചിത്രം ‘സൂര്യവൻശി’യും റിലീസ് ചെയ്യും.

തീയറ്ററുകൾ തുറക്കാൻ എല്ലാ ഒരുക്കങ്ങളും നടത്തിവരികയാണെന്നു തീയറ്റർ ഉടമകളുടെ സംഘടന ഫിയോക് സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് ജോസഫ് മണർകാട് പറഞ്ഞു. ക്രിസ്മസിനായിരിക്കും ബിഗ് ബജറ്റ് റിലീസുകൾ എന്നാണു സൂചന.

തിയറ്ററുകൾ തുറക്കാൻ അനുവദിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നു നിർമാതാക്കളുടെയും വിതരണക്കാരുടെയും തീയറ്റർ ഉടമകളുടെയും ഔദ്യോഗിക കൂട്ടായ്മയായ കേരള ഫിലിം ചേംബർ പ്രതികരിച്ചു. ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ടു സർക്കാരുമായി ചർച്ചകൾ നടത്തിവരികയാണ്. തീയറ്ററുകൾ തുറക്കുന്നതു സംബന്ധിച്ചു കൂടുതൽ വിശദാംശങ്ങൾ അതിനുശേഷം പ്രഖ്യാപിക്കുമെന്നു ചേംബർ പ്രസിഡന്റ് ജി.സുരേഷ് കുമാർ പറഞ്ഞു.

അതേസമയം മന്ത്രി സജി ചെറിയാൻ സിനിമാ സംഘടനകളുടെ യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യോഗത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘടനകൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.