'പരാതിക്കാരനെ പോലീസ് വിലങ്ങിട്ട് കെട്ടിയിട്ടത് കാടത്തം': പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

'പരാതിക്കാരനെ പോലീസ് വിലങ്ങിട്ട് കെട്ടിയിട്ടത് കാടത്തം': പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: പൊലീസിന് വീണ്ടും കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പരാതി നൽകാനെത്തിയ ആളെ വിലങ്ങുവെച്ച് കൈവരിയിൽ കെട്ടിനിർത്തിയ സാഹചര്യത്തിലാണ് പോലീസിനെ വീണ്ടും കോടതി വിമർശിച്ചത്. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലീസുകാർക്ക്  ഇനിയും മനസിലായിട്ടില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.

പരാതി നൽകാനെത്തിയ ആളെ വിലങ്ങുവെച്ച് കൈവരിയിൽ കെട്ടിനിർത്തിയത് ചിന്തിക്കാൻ പോലും കഴിയാത്ത കാടത്തമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. തെന്മല സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ഉറുകുന്ന് ഇന്ദിരാ നഗറിൽ രജനിവിലാസത്തിൽ രാജീവിനുണ്ടായ ദുരനുഭവമാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനു കാരണമായത്.

പരാതിയുടെ രസീത് ചോദിച്ചതിനായിരുന്നു അതിക്രമം. സംഭവത്തിൽ ആരോപണവിധേയരായ ഇൻസ്പെക്ടർ വിശ്വംഭരനും കൂട്ടുനിന്ന എസ്.ഐ. ശാലുവും സർവീസിൽ തുടരുന്നത് ഞെട്ടിപ്പിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു. ആരോപണം സ്ഥിരീകരിച്ച് കൊല്ലം ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. ജില്ലാ പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് രാജീവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ബന്ധു ഫോണിലൂടെ അസഭ്യം പറഞ്ഞതിൽ പരാതി നൽകാനാണ് ഫെബ്രുവരി മൂന്നിന് രാജീവ് സ്റ്റേഷനിലെത്തിയത്. ആദ്യം ചൂരൽകൊണ്ട് അടിച്ച സി.ഐ. പരാതിയുടെ രസീത് ചോദിച്ചതിന്റെ പേരിൽ വിലങ്ങണിയിച്ച് തടഞ്ഞുവെക്കുകയും ചെകിടത്ത് അടിക്കുകയും ചെയ്തതായി ഹർജിയിൽ പറയുന്നു.

അമ്മയെയും സഹോദരനെയും വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്. അടുത്തദിവസം ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്നു പറഞ്ഞ് എസ്.ഐ. ശാലു കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് ഡിവൈ.എസ്.പി. അന്വേഷണം നടത്തിയത്.

ഇത്തരം നടപടികള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കുന്ന നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

പിന്നാക്ക വിഭാഗത്തിൽപ്പെട്ടതിനാലാണ് തനിക്കെതിരേ അതിക്രമം ഉണ്ടായതെന്നാണ് ഹർജിക്കാരൻ പറയുന്നത്. അത്തരത്തിലുള്ളവർക്ക് നിയമസംവിധാനത്തിന്റ പൂർണപിന്തുണ ലഭിക്കണമെന്നും ഇക്കാര്യം മനസിൽ വെച്ചായിരിക്കണം പോലീസ് മേധാവി നടപടി സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.