കർഷകരെ അരുംകൊല ചെയ്തവരെ ശിക്ഷിക്കണം : കെ.സി.വൈ.എം മാനന്തവാടി രൂപത

കർഷകരെ അരുംകൊല ചെയ്തവരെ ശിക്ഷിക്കണം : കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി : ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രതിഷേധം നടത്തിയ കർഷകരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ മന്ത്രി പുത്രന്റെ പ്രവർത്തി അപലപനീയവും നീതീകരിക്കാനാവാത്തതുമെന്ന് കെസിവൈഎം മാനന്തവാടി രൂപത. പത്തുമാസത്തിലേറെയായി തുടരുന്ന കർഷക പ്രക്ഷോഭം കൂടുതൽ വൈകാരികമായ തലത്തിലെത്തിയിരിക്കുന്നു.

കൃഷിക്കാരുടെ തലവര മാറ്റുന്ന പുരോഗമനപരമായ നിയമങ്ങളാണ് കൊണ്ടുവന്നതെന്ന് കേന്ദ്രസർക്കാർ തുടർച്ചയായി വാദിക്കുന്നുണ്ടെങ്കിലും കൃഷിച്ചെലവ് കൂടുന്നതും ഉൽപ്പന്നങ്ങൾക്ക് ന്യായവില കിട്ടാതിരിക്കുന്നതുമാണ് കൃഷിക്കാരുടെ ജീവിതം ദുരിത പൂർണ്ണമാക്കുന്നത്. അന്നം തരുന്ന കർഷകർ ഈ പ്രതിസന്ധിയുടെ ഘട്ടത്തിലും സമരം ചെയ്യുമ്പോൾ ഭയപ്പെടുത്തിയും ഭീതി വിതച്ചും പ്രതിഷേധ സ്വരങ്ങൾ ഇല്ലാതാക്കുന്നതിന് പകരം, പാവപ്പെട്ട കർഷകരുടെ വികാരം ഉൾക്കൊണ്ട് നീതിപൂർവ്വകമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ പറഞ്ഞു.

ജുഡീഷ്യൽ അന്വേഷണം വേഗത്തിലാക്കണമെന്നും ഈ അരുംകൊലയ്ക്ക് കാരണമായവരെ നിയമത്തിനുമുൻപിൽ കൊണ്ടുവരണമെന്നും കർഷക വികാരം മനസ്സിലാക്കി ഉത്തരവാദിത്വം നിർവ്വഹിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെസിവൈഎം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.

രൂപത ഭാരവാഹികളായ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ഗ്രാലിയ അന്ന അലക്സ്‌ വെട്ടുകാട്ടിൽ, ജിയോ ജെയിംസ് മച്ചുക്കുഴിയിൽ, റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ, അഭിനന്ദ് കൊച്ചുമലയിൽ, ജിജിന കറുത്തേടത്ത്, സി. സാലി ആൻസ് സിഎംസി എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.