എൻജിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; തൃശൂര്‍ സ്വദേശി ഫയിസ് ഹാഷിമിന് ഒന്നാം റാങ്ക്

 എൻജിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു;  തൃശൂര്‍ സ്വദേശി ഫയിസ് ഹാഷിമിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കര്‍ എം രണ്ടാം റാങ്കും നയന്‍ കിഷോര്‍ നായര്‍ കൊല്ലം മൂന്നാം റാങ്കും നേടി. റാങ്ക് പട്ടികയില്‍ ഇടം പിടിച്ച ആദ്യ അഞ്ച് പേരും ആണ്‍കുട്ടികളാണ്. എസ് സി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി അമ്മു ഒന്നാം റാങ്കും അക്ഷയ് നാരായണന്‍ മലപ്പുറം രണ്ടാം റാങ്കും കരസ്ഥമാക്കയപ്പോള്‍ എസ്.ടി വിഭാഗത്തില്‍ ജോനാഥന്‍ ഡാനിയേല്‍ ഒന്നാം റാങ്കും ശബരിനാഥ് എറണാകുളം രണ്ടാം റാങ്കും നേടി. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. 

ഫാര്‍മസി വിഭാഗത്തില്‍ ഫാരിസ് തൃശൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ ഒന്നാം റാങ്ക് നേടിയപ്പോള്‍ തേജസ്വിനി വിനോദ് രണ്ടാം റാങ്ക് നേടി. ആര്‍കിടെക്ചര്‍ പരീക്ഷയില്‍ തേജസ് ജോസഫ് കണ്ണൂര്‍ ഒന്നാം റാങ്കും, അമ്രീന്‍ കല്ലായി രണ്ടാം റാങ്കും നേടി.

എഞ്ചിനീയറിംഗ് കീം പരീക്ഷയില്‍ റാങ്ക് പട്ടികയിലിടം നേടിയ ആദ്യ നൂറ് പേരില്‍ 22 പേര്‍ പെണ്‍കുട്ടികളും 78 പേര്‍ ആണ്‍കുട്ടികളുമാണ്. ഇതില്‍ 64 പേര്‍ ആദ്യമായി പരീക്ഷയെഴുതിയതാണ്. എറണാകുളം 21, തിരുവനന്തപുരം17, കോഴിക്കോട് 11 എന്നീങ്ങനെയാണ് ആദ്യ നൂറില്‍ ഇടം പിടിച്ചത്.

73,977 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 51,031 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. 47,629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. കോവിഡ് സാഹചര്യത്തില്‍ ഒരുപാട് പ്രത്യേകതകളോടെയാണ് ഇത്തവണ പരീക്ഷ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. റാങ്ക് പട്ടിക cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.