തട്ടിപ്പ് വീരൻ മോന്‍സൺ മാവുങ്കലിന് ജാമ്യമില്ല ; ഹര്‍ജി തള്ളി കോടതി

തട്ടിപ്പ് വീരൻ മോന്‍സൺ മാവുങ്കലിന് ജാമ്യമില്ല ; ഹര്‍ജി തള്ളി കോടതി

കൊച്ചി: പുരാവസ്തു വില്പനയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തി പിടിയിലായ മോന്‍സൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രണ്ട് കേസുകളിലെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

സാമ്പത്തിക തട്ടിപ്പ് കേസിലും ഭൂമിയിടപാട് കേസിലുമാണ് ജാമ്യം തേടിയിരുന്നത്. മോന്‍സണ് വലിയ സ്വാധീനമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.

പുരാവസ്തുവിന്റെ മറവിലെ സാമ്പത്തിക തട്ടിപ്പിലും, വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിലുമാണ് മോന്‍സന്‍ ജാമ്യം തേടിയിരുന്നത്. പുരാവസ്തുക്കളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു മോന്‍സണിന്‍റെ വാദം . എന്നാല്‍ കരുതിക്കൂട്ടിയുളള കോടികളുടെ തട്ടിപ്പാണ് നടന്നതെന്നും മോന്‍സനെ സഹായിച്ചവരെ കണ്ടെത്താനുളള ശ്രമം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കിയിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷകള്‍ തളളിയത്. ഇതിനിടെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് തുടങ്ങി. കൊച്ചി കലൂരിലുളള മോന്‍സണിന്റെ മ്യൂസിയത്തിലെ വസ്തുക്കള്‍ സുരക്ഷിതമായി മറ്റെവിടേക്കെങ്കിലും മാറ്റുന്നതും ആലോചിക്കുന്നുണ്ട്. വ്യാജ ബാങ്ക് രേഖകള്‍ അടക്കമുണ്ടാക്കാന്‍ മോന്‍സണിനെ ആരൊക്കെ സഹായിച്ചെന്നാണ് പരിശോധിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.