തൊടുപുഴ: തൊടുപുഴ കാഞ്ഞാറില്‍ ഒഴുക്കില്‍പെട്ട കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെ (27) മൃതദേഹമാണ് കണ്ടെടുത്തത്. ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത യുവതിയുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. വാഗമണ്ണില്‍ നിന്ന് തൊടുപുഴയ്ക്ക് വരുമ്പോഴാണ് വാഹനം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയത്. 
കാര്‍ കിടന്നതിന്റെ നൂറു മീറ്റര്‍ മാറി മരങ്ങള്‍ ഒടിഞ്ഞു കിടക്കുന്നിടത്ത് നിന്നായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. വെള്ളം താഴ്ന്നപ്പോള്‍ പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. റെന്റിന് എടുത്ത കാറിലായിരുന്നു ഇവരുടെ യാത്ര. ഇദ്ദേഹത്തിനൊപ്പം ജോലിചെയ്യുന്ന യുവതിയാണ് ഒപ്പം ഉണ്ടായിരുന്നതെന്നാണ് വിവരം. യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 
അതിശക്തമായ ഒഴുക്കായിരുന്നു പാലത്തിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. ഇവരുടെ കാര്‍ കലുങ്കില്‍ ഇടിച്ചു നില്‍ക്കുന്ന രീതിയിലായിരുന്നു. ഇതില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു പേരും പുഴയിലേക്ക് വീണു പോയതാകാം എന്നാണ് വിവരം.
കാര്‍ വടംകെട്ടി പുഴയില്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. പുറത്തേക്കെടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്.  ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കാര്‍ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കാറിനകത്ത് പരിശോധിച്ചപ്പോഴാണ് കാര്‍ വാടകയ്ക്ക് എടുത്തതാണെന്ന് മനസിലായത്. തുടര്‍ന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് യുവാവിന്റെ വിവരങ്ങള്‍ ലഭിച്ചത്.
നല്ല ഒഴുക്കും വെള്ളവും കാരണം പുഴയില്‍ ഇറങ്ങാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.