വിശുദ്ധഗ്രന്ഥ വായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്റെ ആവശ്യം: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി

 വിശുദ്ധഗ്രന്ഥ വായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്റെ ആവശ്യം: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി

സീറോമലബാര്‍ ആരാധന്രകമ കമ്മീഷന്‍ തയ്യാറാക്കിയ ''വചനവിളക്ക്'' എന്ന ഗ്രന്ഥം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ചു സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ടിനു നല്‍കി പ്രകാശനം ചെയ്യുന്നു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഫാ. തോമസ് ആദോപ്പിള്ളില്‍, ഫാ. തോമസ് മേല്‍വെട്ടം, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ നിര്‍മല്‍ എം.എസ്.ജെ എന്നിവര്‍ സമീപം.

കൊച്ചി: വിശുദ്ധ ഗ്രന്ഥ വായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. അത് ക്രൈസ്തവ വിശ്വാസത്തെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. സീറോമലബാര്‍ ആരാധനക്രമ വായനകളുടെ രണ്ടാമത്തെ ഗണം അടിസ്ഥാനപ്പെടുത്തി ആരാധനക്രമ കമ്മീഷന്‍ തയ്യാറാക്കിയ വചനവിളക്ക് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ചു നടന്ന ചടങ്ങില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ടിനു വചനവിളക്ക് നല്‍കി പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.

2021 ജനുവരി മാസത്തിലെ സീറോ മലബാര്‍ സിനഡിന്റെ തീരുമാനം അനുസരിച്ച് പ്രസിദ്ധീകരിച്ച ആരാധനക്രമ വായനകളുടെ രണ്ടാം ഗണത്തെ അടിസ്ഥാനപ്പെടുത്തിയാണ് വചനവിളക്ക് എന്ന വിശുദ്ധ ഗ്രന്ഥ പ്രഘോഷണസഹായി ആരാധനക്രമ കമ്മീഷന്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ ആരാധനക്രമ ബൈബിള്‍ പണ്ഡിതരാണ് ഇതിന്റെ രചനയില്‍ സഹകാരികളായിരിക്കുന്നത്.

സീറോമലബാര്‍ സഭയിലെ പൗരസ്ത്യ സുറിയാനി ആരാധനക്രമ കലണ്ടര്‍ അനുസരിച്ചുള്ള ഒമ്പതു കാലങ്ങളിലേയും വായനകളുടെ പരസ്പര ബന്ധത്തെക്കുറിച്ചുള്ള വിശകലനവും വ്യാഖ്യാനവുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സഭാ പിതാക്കന്മാരുടെ പ്രബോധനങ്ങളുടെ പിന്‍ബലത്തോടും അജപാലന ആഭിമുഖ്യത്തോടും കൂടെയാണ് വിശുദ്ധ ഗ്രന്ഥവായനകളുടെ വ്യാഖ്യാനം തയാറാക്കിയിരിക്കുന്നത്.

സീറോമലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഫാ. തോമസ് ആദോപ്പിള്ളില്‍, ഫാ. തോമസ് മേല്‍വെട്ടം, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ നിര്‍മല്‍ എം.എസ്.ജെ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

വചനവിളക്കിന്റെ കോപ്പികള്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ലഭ്യമാണ്. ഫോണ്‍: 9446477924.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.