മഴക്കെടുതി: മുന്നറിയിപ്പും രക്ഷാപ്രവര്‍ത്തനവും വൈകി; മുഖ്യമന്ത്രിയെ വിമർശിച്ച് വി.ഡി സതീശന്‍

മഴക്കെടുതി: മുന്നറിയിപ്പും രക്ഷാപ്രവര്‍ത്തനവും വൈകി; മുഖ്യമന്ത്രിയെ വിമർശിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: മഴക്കെടുതി മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രളയദുരന്തം പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാര്‍ വന്‍പരാജയമാണ്.

'വിമര്‍ശനമായല്ല കാര്യങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചത്. ദുരന്തനിവാരണ അതോറിറ്റി പരാജയമാണെന്ന് പറഞ്ഞത് വ്യക്തമായ തെളിവുകളോടെയാണ്. ഈ ന്യൂനമര്‍ദ്ദം അറബിക്കടലില്‍ രൂപപ്പെട്ട സമയത്ത് അത് തെക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് ഇന്ത്യന്‍ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതനുസരിച്ച്‌ സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നല്‍കണമായിരുന്നു. ഇടുക്കിയിലും കോട്ടയത്തും ദുരന്തമുണ്ടായതിന് പിന്നാലെയാണ് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നും സതീശന്‍ പറഞ്ഞു.

നദികളില്‍ വെള്ളം പൊങ്ങിയാല്‍ എവിടെയൊക്കെ കയറുമെന്ന് സര്‍ക്കാര്‍ പഠിച്ചില്ലെന്നും സംവിധാനം മെച്ചപ്പെടുത്താന്‍ ഭരണകൂടത്തിന് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയം, ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശത്ത് ഉരുള്‍പൊട്ടല്‍ കൊടുനാശം വിതച്ച ശേഷം ഉച്ചക്ക് ഒരു മണിക്കാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

ഇടുക്കിയില്‍ രക്ഷാപ്രവര്‍ത്തനവും വൈകി. രണ്ടാം ദിനത്തിലാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണനിലയിലായത്. അതിനുള്ള സംഘം ആദ്യദിനം സ്ഥലത്തില്ലായിരുന്നു. മുഖ്യമന്ത്രി സ്തുതിപാടകരുടെ നടുവിലാണ് കഴിയുന്നത്. തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ മുഖ്യമന്ത്രിക്ക് ഇഷ്ടമല്ല. മോഡിയുടെ അതേ രീതിയിലാണ് പിണറായി വിജയനും. വിമര്‍ശകരെ രാജ്യവിരുദ്ധരാക്കാനാണ് ശ്രമമെന്നും സതീശന്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.