കോഴികളെപ്പോലെ കൊന്ന് കെട്ടി തൂക്കും; യൂത്ത് കോണ്‍ഗ്രസ് നേതാവിന് വധ ഭീഷണി

കോഴികളെപ്പോലെ കൊന്ന് കെട്ടി തൂക്കും; യൂത്ത് കോണ്‍ഗ്രസ് നേതാവിന് വധ ഭീഷണി

ആലത്തൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് ഭീഷണിയുണ്ടെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ നിയോജക മണ്ഡലം മുന്‍ സെക്രട്ടറി സുരേഷ് കുമാറിനാണ് ഭീഷണി. ഇദ്ദേഹത്തിന്റെ വീട്ടിലെ നായകളെ വിഷം കൊടുത്ത് കൊല്ലുകയും കോഴികളെ മോഷ്ടിച്ച് ഇലക്ട്രിക് പോസ്റ്റില്‍ കൊന്ന് കെട്ടിത്തൂക്കുകയും ചെയ്തു. 'നിന്നെയും ഇതുപോലെ കെട്ടിത്തൂക്കു'മെന്നാണ് മുന്നറിയിപ്പ്. എംപിയുടെ വാഹനത്തിലെ താല്‍ക്കാലിക ഡ്രൈവറാണ് സുരേഷ് കുമാര്‍.

ഈ മാസം 17നാണ് ദുരൂഹമായ ചില സംഭവങ്ങളുണ്ടായതെന്ന് എംപി വിശദീകരിക്കുന്നു. വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഇതുവരെ ആര്‍ക്കെതിരെയും നടപടിയെടുത്തില്ലെന്നും എംപി പറയുന്നു. ഇത്തരത്തില്‍ നടപടി ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നതെന്നും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.

17നാണ് കോഴികളെ മോഷ്ടിച്ചു കൊണ്ടു പോയത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്. കൃത്യമായ ആസൂത്രണത്തോടെ നടന്ന സംഭവങ്ങളാണിതെന്നും എംപി പറഞ്ഞു. ആലത്തൂര്‍ വടക്കാഞ്ചേരി പാളയം ഭാഗത്ത് നടന്ന സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നാണ് രമ്യ ഹരിദാസിന്റെ ആവശ്യം.

രമ്യ ഹരിദാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആലത്തൂര്‍ വടക്കഞ്ചേരി പാളയം ഭാഗത്ത് ഈ മാസം 17 ന് രാത്രി എന്റെ വാഹനത്തിന്റെ ഡ്രൈവര്‍ അവധിയിലാകുമ്പോള്‍ വാഹനം ഓടിക്കാറുള്ള യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ നിയോജക മണ്ഡലം മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് കുമാറിന്റെ നായകളെ വിഷം കൊടുത്തു കൊല്ലുകയും കോഴികളെ മോഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. 17ന് രാത്രി മോഷ്ടിച്ചു കൊണ്ടു പോയ രണ്ട് കോഴികളെ ഇന്നലെ രാത്രി കൊന്ന് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടി തൂക്കിയിരിക്കുന്നു. കൂടെ തന്നെയും ഇതുപോലെ തീര്‍ത്ത് കെട്ടിത്തൂക്കും എന്ന ഭീഷണിയുമുണ്ട്.

മുന്‍ ദിവസങ്ങളില്‍ നടന്ന മോഷണവും നായകളെ വിഷം കൊടുത്തു കൊന്നതും യാദൃശ്ചികം ആയിരുന്നില്ല മറിച്ച് കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു എന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഇന്നലെ രാത്രി നടന്നിരിക്കുന്നത്. ജനങ്ങള്‍ സമാധാനത്തോടെയും സൗഹൃദത്തോടെയും ജീവിക്കുന്ന വടക്കഞ്ചേരി പ്രദേശത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നിരിക്കുന്നത്. രാത്രിയുടെ മറവില്‍ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കൃത്യസമയത്ത് നടപടി സ്വീകരിക്കാത്തതാണ് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നത്. ഇതിനു പിന്നിലെ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ അധികാരികള്‍ തയ്യാറാകണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.