സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും; വിമുഖതമൂലം വാക്‌സിനെടുക്കാത്തവരെ പ്രവേശിപ്പിക്കേണ്ടെന്ന് ആര്‍ ബിന്ദു

സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും; വിമുഖതമൂലം വാക്‌സിനെടുക്കാത്തവരെ പ്രവേശിപ്പിക്കേണ്ടെന്ന് ആര്‍ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ ഇന്ന് മുതല്‍ പൂര്‍ണതോതില്‍ അധ്യയനം തുടങ്ങും. ഒന്ന്, രണ്ട് വര്‍ഷ ബിരുദ ക്ലാസുകള്‍, ഒന്നാം വര്‍ഷ ബിരുദാനന്തര ക്ലാസുകള്‍‌ എന്നിവ ഇന്നാരംഭിക്കും. കോളേജുകൾ തുറന്ന് പ്രവര്‍ത്തിക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

കോവിഡ് ഉണ്ടാക്കിയ നീണ്ട ഇടവേളയ്ക്കുശേഷമാണ് കലാലയങ്ങള്‍ എല്ലാ ക്ലാസുകാര്‍ക്കുമായി തുറക്കാന്‍ പോകുന്നത്. തുറക്കല്‍ ഒരിക്കല്‍ക്കൂടി നീട്ടാന്‍ കാരണമായ തീവ്രമഴയുടെ അന്തരീക്ഷവും ചിലയിടത്തെങ്കിലും നിലനില്‍ക്കുന്നുണ്ട്. രണ്ടും കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്ഥാപനമേധാവികളുടെ ജാഗ്രതയുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

സമയക്രമത്തിന്റെ കാര്യത്തിലും ഷിഫ്റ്റുകളുടെ കാര്യത്തിലും മുൻപ് നല്‍കിയ നിര്‍ദ്ദേശപ്രകാരം അതാത് സ്ഥാപനങ്ങളാണ് തീരുമാനമെടുക്കുന്നത്. വാക്‌സിനേഷന്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കപ്പെടുന്നുണ്ടെന്ന് കോവിഡ് ജാഗ്രതാസമിതികളുടെ മേല്‍നോട്ടത്തില്‍ സ്ഥാപനമേധാവികള്‍ ഉറപ്പാക്കണം. ആവശ്യാനുസരണം ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മുഖാവരണങ്ങള്‍, തെര്‍മല്‍ സ്‌കാനറുകള്‍ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പതിനെട്ട് വയസ് തികയാത്തതുകൊണ്ട് വാക്‌സിനെടുക്കാന്‍ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാംഡോസിന് സമയമാകാത്തവരെയും ക്ലാസില്‍ പ്രവേശിപ്പിക്കണം. എന്നാല്‍, ഇവരുടെ വീടുകളിലെ പതിനെട്ട് തികഞ്ഞവരെല്ലാം ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിമുഖതമൂലം വാക്‌സിനെടുക്കാത്ത അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കലാലയങ്ങളില്‍ പ്രവേശിപ്പിക്കേണ്ടതില്ല. എന്തെങ്കിലും രോഗമുള്ളവരും ഭിന്നശേഷിക്കാരും ആദ്യ രണ്ടാഴ്‌ച ക്യാമ്പസുകളിൽ വരാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.