ന്യൂയോര്‍ക്ക്/ബീജീംഗ്: ചൈന എല്ലായ്പ്പോഴും ലോകസമാധാനവും അന്താരാഷ്ട്ര നിയമങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ഐക്യരാഷ്ട്രസഭയിലേക്കുള്ള ചൈനയുടെ തിരിച്ചുവരവിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ വീഡിയോ പ്രസംഗത്തിലാണ്, തായ് വാനില്‍ ഉള്‍പ്പെടെ ചൈന സൃഷ്ടിക്കുന്ന സംഘര്‍ഷത്തിനിടെയും ഷി ജിന്‍പിംഗ് സമാധാന സംരക്ഷണ പ്രതിജ്ഞ ആവര്‍ത്തിച്ചത്.
ചൈനയുമായുള്ള സൈനിക സംഘര്‍ഷം കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ സ്ഥിതിയിലാണെന്ന് തായ്വാന്‍ ഈ മാസം പറഞ്ഞിരുന്നു. പക്ഷേ 'ലോകസമാധാനത്തിന്റെ നിര്‍മ്മാതാവും അന്താരാഷ്ട്ര ക്രമത്തിന്റെ സംരക്ഷകനും' ആയിരിക്കാനാണ് ചൈന അഭിലഷിക്കുന്നതെന്ന് ഷി അറിയിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.1971 -ല്‍ ആണ് ഐക്യരാഷ്ട്രസഭയില്‍ നിന്ന് തായ്വാനെ ഒഴിവാക്കി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെ പകരം എടുത്തത്.
'എല്ലാത്തരം മേധാവിത്വത്തെയും അധികാര രാഷ്ട്രീയത്തെയും ഏകപക്ഷീയതയെയും സംരക്ഷണവാദത്തെയും ചൈന നിശ്ചയദാര്‍ഢ്്യത്തോടെ എതിര്‍ക്കും'- ഷി ജിന്‍പിംഗ് പറഞ്ഞു.തായ് വാന്‍ വിഷയം അദ്ദേഹം പരാമര്‍ശിച്ചതേയില്ല. പ്രാദേശിക സംഘര്‍ഷങ്ങള്‍, തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം, സൈബര്‍ സുരക്ഷ, ബയോസെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ആഗോള സഹകരണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനം, വികസനം, നീതി, ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള്‍ ചൈന പ്രോത്സാഹിപ്പിക്കും. എല്ലാ എല്ലാ രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നും ഷി ജിന്‍പിംഗ് വാഗ്ദാനം ചെയ്തു.
ഇന്ത്യയുമായുള്ള ചൈനയുടെ അതിര്‍ത്തി സംഘര്‍ഷം എങ്ങുമെത്താതെ നില്‍ക്കുകയാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി തെക്കന്‍ ചൈന കടലില്‍ അവകാശത്തര്‍ക്കവുമുണ്ട്. കിഴക്കന്‍ ചൈന കടലിലെ ചില ദ്വീപുകളുടെ പേരില്‍ ജപ്പാനുമായും ചൈന കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചുവരുന്നു.ഇതിനിടെ് ചൈന പ്രകടമാക്കുന്ന സമാധാന സംരക്ഷണ വാഞ്ഛയ്ക്ക് പതിവ് നയതന്ത്ര അഭ്യാസത്തിനപ്പുറമായ പ്രസക്തി ഇല്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യക്കു ഭീഷണിയായി
അതിര്‍ത്തി നിയമം
അതിര്‍ത്തിയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ അതിര്‍ത്തി നിയമം ചൈന പാസാക്കിയത് കഴിഞ്ഞ ദിവസമാണ്.നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. നിയമം അടുത്ത വര്‍ഷം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും.ഇന്ത്യ, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈന പുതിയ നിയമം പാസാക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. അതിര്‍ത്തി മേഖലകളില്‍ താമസിക്കുന്നവരുടെ സാമ്പത്തിക, സാമൂഹിക വികസനത്തിനുള്ള നടപടികള്‍ സ്വീകരിക്കും, അതിര്‍ത്തി മേഖലകളിലെ അടിസ്ഥാന സൗകര്യവികസനവും മെച്ചപ്പെടുത്തും തുടങ്ങിയ നിര്‍ദ്ദേശങ്ങളും നിയമത്തിലുണ്ട്. ആക്രമണം, നുഴഞ്ഞുകയറ്റം, പ്രകോപനം എന്നിവയില്‍ നിന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും പീപ്പിള്‍സ് ആംഡ് പൊലീസ് ഫോഴ്‌സും രാജ്യത്തെ സംരക്ഷിക്കുമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
അതിര്‍ത്തിയില്‍ യുദ്ധമോ സൈനിക സംഘര്‍ഷമോ ഉണ്ടായാല്‍ അതിര്‍ത്തി അടച്ചിടാമെന്നും നിയമത്തില്‍ പറയുന്നുണ്ട്. അടുത്തിടയായി മ്യാന്‍മര്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കടന്നു കയറ്റം വര്‍ദ്ധിച്ചത് ചൈനീസ് ഭരണകൂടത്തിന് തലവേദനയായിരുന്നു.ഇന്ത്യയും റഷ്യയും ഉള്‍പ്പെടെ 14 രാജ്യങ്ങളുമായി ഏകദേശം 22,000 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ചൈന പങ്കിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.