സാമ്പത്തിക ബാധ്യതയിലെന്ന് കെ.എസ്.ആര്‍.ടി.സി; പുതിയ പെന്‍ഷന്‍ പദ്ധതി സുപ്രീം കോടതിക്ക് കൈമാറി

സാമ്പത്തിക ബാധ്യതയിലെന്ന് കെ.എസ്.ആര്‍.ടി.സി; പുതിയ പെന്‍ഷന്‍ പദ്ധതി സുപ്രീം കോടതിക്ക് കൈമാറി

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെന്‍ഷന്‍ തിട്ടപ്പെടുത്താന്‍ പരിഗണിക്കുന്ന പദ്ധതി സുപ്രീം കോടതിക്ക് കൈമാറി. പുതിയ സ്‌കീം പ്രകാരം ജൂലായ് 2021 മുതലുള്ള പെന്‍ഷന്‍ മാത്രമേ നല്‍കുകയുള്ളൂ. നിലവില്‍ 9,000 കോടി രൂപയുടെ ബാധ്യത തങ്ങള്‍ക്ക് ഉണ്ടെന്നും കെ.എസ്.ആര്‍.ടി.സി. സുപ്രീം കോടതിയെ അറിയിച്ചു.

ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടിയാണ് പെന്‍ഷന് കണക്കാക്കുന്നത്. ചുരുങ്ങിയത് പത്തുദിവസം എങ്കിലും ജോലി ചെയ്തിട്ടുള്ള മാസം മാത്രമേ പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കുകയുള്ളൂ.

എന്നാല്‍ പത്തുദിവസം പോലും ജോലി ഇല്ലാതിരുന്ന മാസങ്ങളുടെ അന്‍പത് ശതമാനവും ആകെ പെന്‍ഷന്റെ കണക്കെടുപ്പിനായി കൂട്ടുമെന്നും സ്‌കീമില്‍ വ്യക്തമാക്കിയിട്ടുണ്ട്. പെന്‍ഷന്‍ ഒഴികെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ഈ സ്‌കീം പ്രകാരം നല്‍കില്ലെന്നും കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കി.

പെന്‍ഷന്‍ സംബന്ധിച്ച അപേക്ഷകള്‍ പരിഗണിക്കുന്നതിന് എറണാകുളം കേന്ദ്രമാക്കി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കും. സ്‌കീം സുപ്രീം കോടതി അംഗീകരിക്കുന്നതിന്റെ അന്ന് മുതല്‍ മൂന്നു മാസത്തിനുള്ളില്‍ അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ തീരുമാനം എടുക്കണമെന്നും സ്‌കീമില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ഓഫീസറിന്റെ തീരുമാനം ഉണ്ടായാല്‍ ഒരു മാസത്തിനുള്ളില്‍ പുതിയ സ്‌കീം പ്രകാരം ഉള്ള പെന്‍ഷന്‍ ലഭിക്കും. ജീവനക്കാര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ക്കും കുടുംബ പെന്‍ഷനായി സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാം.

സ്ഥിരപ്പെടുന്നതിന് മുന്‍പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെന്‍ഷന്‍ തിട്ടപ്പെടുത്താന്‍ പരിഗണിക്കുമെന്ന് 1999-ല്‍ തൊഴിലാളി സംഘടനകളും, കോര്‍പറേഷനും തമ്മില്‍ ഒപ്പുവച്ച കരാറില്‍ വ്യക്തമാക്കിയിരുന്നു. 2000, 2001, 2007 വര്‍ഷങ്ങളില്‍ സ്ഥിരപ്പെട്ട 2,939 ജീവനക്കാര്‍ക്കാണ് സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുക.

കടുത്ത സാമ്പത്തിക ബാധ്യതയിലാണ് തങ്ങളെന്ന് സുപ്രീം കോടതിക്ക് കൈമാറിയ സ്‌കീമില്‍ കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കിയിട്ടുണ്ട്. 9,000 കോടി രൂപയുടെ ബാധ്യത ഉണ്ട്. 7,500 ഓളം അധിക ജീവനക്കാര്‍ ഉണ്ടെന്നും അഭിഭാഷകന്‍ ദീപക് പ്രകാശ് മുഖേനെ സുപ്രീം കോടതിക്ക് കൈമാറിയ സ്‌കീമില്‍ കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കി.

ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചും ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെന്‍ഷന്‍ തിട്ടപ്പെടുത്താന്‍ പരിഗണിക്കണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.