കോഴിക്കോട്: വയനാട്ടില്‍ മാവോവായിസ്റ്റ് കമാന്‍ഡര്‍ കീഴടങ്ങിയതായി പൊലീസ്. കേരള സര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആദ്യ കീഴടങ്ങലാണിത്.
സിപിഐ മാവോയിസ്റ്റ് കബനി ദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡന്റായിരുന്ന ലിജേഷ് (38) എന്ന രാമു രമണയാണ് കീഴടങ്ങിയതെന്ന് കോഴിക്കോട് നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവ് പറഞ്ഞു. അതേസമയം മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് ലിജേഷ് പറഞ്ഞു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന രാമു രമണ എന്ന് വിളിപ്പേരുള്ള ലിജേഷ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് മുന്നില്‍ കീഴടങ്ങിയത്. ലിജേഷ് വയനാട് പുല്‍പ്പള്ളി അമരക്കുനി സ്വദേശിയാണ്. കബനി ദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡന്റായിരുന്ന ലിജേഷ് കേരളം, കര്‍ണാടക, ആഡ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ഭാര്യ കവിത നിലവില്‍ മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. എന്നാല്‍ ഇയാള്‍ ഇതിന് മുന്‍പ് ഏതൊക്കെ ഓപറേഷനില്‍ പങ്കെടുത്തു, ആയുധങ്ങള്‍ ഹാജരാക്കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പൊലീസ് മറുപടി നല്‍കിയിട്ടില്ല. മാവോയിസ്റ്റ് സംഘടനകളിലേക്ക് പോയ യുവാക്കള്‍ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് ലിജേഷ് പറഞ്ഞു.
2018 മെയ് മാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍ കുടുങ്ങിയവരെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അറസ്റ്റ് വരിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വരെ സഹായധനവും ജോലിയും നല്‍കും. എന്നാല്‍ അവർ അഞ്ച് വര്‍ഷത്തോളം കാലം പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.