പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ചു; ഔദ്യോഗിക വസതിയും കാറും കൂടി മടക്കി നല്‍കാമെന്ന് സതീശന്റെ പ്രതികരണം

പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ചു; ഔദ്യോഗിക വസതിയും കാറും കൂടി മടക്കി നല്‍കാമെന്ന് സതീശന്റെ പ്രതികരണം


തിരുവനന്തപുരം: തന്റെ സുരക്ഷ പിന്‍വലിച്ചത് തന്നെ അറിയിക്കാതെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പത്രങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ചീഫ് വിപ്പിനും താഴെയാണ് സുരക്ഷയില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവിന്റെ പദവി ഇടിച്ചു താഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ സ്ഥാനം അത്ര വലുതൊന്നുമല്ലെന്ന് തന്നെയും പൊതുസമൂഹത്തെയും അറിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കാം സര്‍ക്കാരിന്റെ നടപടി. അങ്ങനെയെങ്കില്‍ അത് നടക്കട്ടെ. വ്യക്തിപരമായി ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. ഔദ്യോഗിക വസതിയും കാറും മാത്രമാണ് ഇനിയുള്ളത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതും മടക്കി നല്‍കാമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന് നല്‍കിയിരുന്ന സെഡ് കാറ്റഗറി സുരക്ഷയാണ് വൈ പ്ലസ് ആയി കുറച്ചത്. കഴിഞ്ഞ മാസം ചേര്‍ന്ന സുരക്ഷാ അവലോകന സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ഗവര്‍ണറും മുഖ്യമന്ത്രിക്കുമാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളത്. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്ക് എ കാറ്റഗറി സുരക്ഷയും പ്രതിപക്ഷ നേതാവിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയുമാണ് പുതുതായി അനുവദിച്ചത്.

കാറ്റഗറി മാറിയതോടെ എസ്‌കോര്‍ട്ട് ഇല്ലാതായി. പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്ന് വി.ഡി സതീശന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അഞ്ച് പൊലീസുകാര്‍ മാത്രമാണ് ഓഫീസ് ഡ്യൂട്ടിക്ക് ഒപ്പമുള്ളത്. സിപിഎം നേതാവ് പി ജയരാജന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് വൈ പ്ലസ് സുരക്ഷയുണ്ട്. എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, വി.എസ് അച്യുതാനന്ദന്‍ കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് സെഡ് വിഭാഗത്തില്‍ സുരക്ഷ തുടരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.