വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ആവശ്യത്തെ പിന്തുണച്ച് സര്‍ക്കാര്‍

വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ആവശ്യത്തെ പിന്തുണച്ച് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയില്‍ നിലപാടെടുത്ത് സംസ്ഥാന സര്‍ക്കാര്‍. വിചാരണ കോടതി പക്ഷപാതം കാണിക്കുന്നുണ്ട് എന്നതുള്‍പ്പടെയുള്ള ആരോപണങ്ങളാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പരാതിക്കാരിയുടെ ആരോപണം വിചാരണക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട പല പ്രധാന രേഖകളും കോടതി പ്രതിഭാഗത്തിനു നല്‍കുമ്പോള്‍ പ്രോസിക്യൂഷനു നല്‍കുന്നില്ല, രഹസ്യ വിചാരണ എന്നതിന്റെ അന്തസത്ത തകര്‍ക്കും വിധമാണ് പലപ്പോഴും കോടതി പെരുമാറിയത്. ഇരയാക്കപ്പെട്ട നടിയെ വിസ്തരിക്കുമ്പോള്‍ 20 അഭിഭാഷകരാണ് കോടതിയില്‍ ഉണ്ടായിരുന്നത്. വിസ്താരത്തിനിടെ അഭിഭാഷകരുടെ ചോദ്യങ്ങള്‍ പലതും അതിരുവിട്ടുള്ളതായിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് വിചാരണ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് നല്‍കിയ അപേക്ഷയില്‍ ഇതേ വിചാരണക്കോടതി തന്നെ തീരുമാനമെടുത്തത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്.

വിചാരണക്കോടതിയില്‍ നടന്ന കാര്യങ്ങളെല്ലാം വിശദമാക്കി മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്ക് നല്‍കാന്‍ തയാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. തനിക്ക് ഈ കോടതിയില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് നടിയും വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന്റെ പേരില്‍ മാനസിക പീഡനമുണ്ടായപ്പോള്‍ കോടതി നിശബ്ദമായി നില്‍ക്കുകയായിരുന്നുവെന്നും നടി കോടതിയില്‍ പറഞ്ഞു. സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടി കേസിലെ എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടും കോടതി തീരുമാനം എടുത്തില്ല. പലപ്രാവശ്യം ഇത് ഉന്നയിച്ചിട്ടും അവഗണിക്കുകയായിരുന്നുവെന്നും നടി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.