രക്ഷിതാക്കള്‍ നോക്കുന്ന പോലെ കുട്ടികളെ അധ്യാപകര്‍ നോക്കും; ആരോഗ്യ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

രക്ഷിതാക്കള്‍ നോക്കുന്ന പോലെ കുട്ടികളെ അധ്യാപകര്‍ നോക്കും; ആരോഗ്യ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിന് ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പൊതു വിദ്യാഭ്യാസത്തിന് ഇത് ചരിത്ര ദിനമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവരുടെ ആരോഗ്യകാര്യങ്ങളില്‍ ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു. വീട്ടില്‍ മാതാപിതാക്കള്‍ എങ്ങനെയാണോ കുട്ടികളെ നോക്കുന്നത് അതുപോലെയായിരിക്കും അധ്യാപകരും സ്‌കൂളുകളിലെ ജീവനക്കാരും കുട്ടികളെ നോക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്ന പ്രോട്ടോക്കോള്‍ കൃത്യമായി നടപ്പിലാക്കും. ശുചിമുറി ഉള്‍പ്പെടെ കുട്ടികള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷയും ശുചിത്വവും പാലിക്കുന്നതിന് എല്ലാം തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ യാത്രയ്ക്കും പ്രശ്‌നങ്ങളുണ്ടാകില്ലെന്നും സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രക്ഷിതാക്കളുടെ ആശങ്ക സ്‌കൂളുകള്‍ തുറക്കുമ്പോള്‍ മാറും. ഉല്‍കണ്ഠയുള്ളവര്‍ അത് പരിഹരിക്കുന്നതുവരെ കുട്ടികളെ സ്‌കൂളുകളില്‍ അയക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. അവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടെന്നും ഹാജര്‍ നഷ്ടമാകില്ല. ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന മാര്‍ഗരേഖ അനുസരിച്ചാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. ഇതില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ പോരായ്മകള്‍ പരിഹരിക്കാന്‍ ഉന്നതതല യോഗം ചേരും.

ധൈര്യമായി സ്‌കൂളുകളിലേക്ക് വരാമെന്നും ആവേശവും ആഹ്ലാദവും ആത്മവിശ്വാസവും സമ്മാനിക്കുന്ന ദിനങ്ങളായിരിക്കും വിദ്യാര്‍ഥികളെ കാത്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.