ഡെങ്കിപ്പനി ഭീതിയില്‍ ഡല്‍ഹി; അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ഡെങ്കിപ്പനി ഭീതിയില്‍ ഡല്‍ഹി; അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഡെങ്കിപ്പനിയുടെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ഏതെല്ലാം രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രത്തിന് കഴിയുമെന്ന് യോഗത്തില്‍ ചര്‍ച്ചയായി.

പ്ലേറ്റ്ലറ്റ് കൗണ്ടുകളുടെ എണ്ണം കുറഞ്ഞവര്‍ക്കിടിയിലാണ് ഡെങ്കിപ്പനി അതിരൂക്ഷമായി ബാധിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും പാവപ്പെട്ടവരാണ്. രോഗത്തിന്റെ കാരണത്തെ ചികിത്സിക്കാതെ രോഗലക്ഷണങ്ങളെ അടിച്ചമര്‍ത്താന്‍ ആന്റിപൈററ്റിക് മരുന്നുകള്‍ നിര്‍ദേശിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നടപടി അത്യധികം അപകടകരമാണ്. ഇത് പലപ്പോഴും രോഗിയുടെ മരണത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

പരിശോധനകള്‍ വ്യാപകമാക്കുക എന്നത് മാത്രമാണ് രോഗം നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗം. രോഗത്തെ പരമാവധി വേഗം തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുകയാണ് വേണ്ടത്. സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ പൂര്‍ണ സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല ആശുപത്രികളിലും ഡെങ്കിപ്പനി ബാധിതര്‍ കവിഞ്ഞ് കിടക്കകള്‍ ഒഴിവില്ലാത്ത അവസ്ഥയാണെങ്കില്‍ മറ്റ് പല ആശുപത്രികളിലും കിടക്കകള്‍ ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്നുണ്ട്. ആശുപത്രികള്‍ തമ്മില്‍ ശരിയായി ആശയ വിനിമയം നടത്തി അത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കൊതുകു വല ഉപയോഗിക്കുക, ശരീരം പൂര്‍ണമായും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ഡെങ്കിപ്പനി രോഗികളുടെ വീട്ടിലും സമീപത്തെ 60 വീടുകളിലും ഫോഗിങ് നടത്തുക തുടങ്ങിയ കാര്യങ്ങള്‍ പിന്തുടരണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് ഡല്‍ഹിയില്‍ ഡെങ്കിപ്പനി രൂക്ഷമായത്. ഒക്ടോബര്‍ 18ന് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നുവെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.