മലയാളം സിനിമ നല്‍കില്ല; തിരുവനന്തപുരത്തെ ആഡംബര തിയേറ്റര്‍ അടച്ചു പൂട്ടാനൊരുങ്ങി വ്യവസായ പ്രമുഖന്‍

മലയാളം സിനിമ നല്‍കില്ല; തിരുവനന്തപുരത്തെ ആഡംബര തിയേറ്റര്‍ അടച്ചു പൂട്ടാനൊരുങ്ങി വ്യവസായ പ്രമുഖന്‍

തിരുവനന്തപുരം: നഗരത്തിലെ പ്രധാന തിയേറ്ററായ ഏരീസ് പ്ലക്‌സ് അടച്ചു പൂട്ടലിന്റെ വക്കില്‍. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാടാണ് അടച്ചുപൂട്ടലിലേക്ക് വഴിവച്ചതെന്ന് ഉടമ സോഹന്‍ റോയ് പറയുന്നു. ഏരീസിലേക്ക് മലയാള സിനിമകള്‍ നല്‍കില്ല എന്നാണ് അസോസിയേഷന്റെ നിലപാട്. മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ടാണ് തിയേറ്റര്‍ പൂട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏരീസില്‍ ഇംഗ്ലീഷ് സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഒരിക്കലും ഇത്രയും വലിയ ഒരു തീയേറ്റര്‍ ഇംഗ്ലീഷ് സിനിമകള്‍ മാത്രം ഓടിച്ച് മുന്നോട്ടു കൊണ്ടു പോകാനാവില്ല. അഡ്വാന്‍സ് വാങ്ങി ചാര്‍ട്ട് ചെയ്ത സിനിമകളുടെ പണം കഴിഞ്ഞ ദിവസം തിരിച്ചു നല്‍കേണ്ടി വന്നു. സ്റ്റാര്‍, ഡോക്ടര്‍ തുടങ്ങിയ സിനിമകളൊന്നും പ്രദര്‍ശിപ്പിക്കാനായില്ല. ടിക്കറ്റ് തുകയെല്ലാം തിരികെ നല്‍കിയെന്നും സോഹന്‍ പറഞ്ഞു.

ഏരീസിന്റെ ബ്രാന്‍ഡിംഗ് തിയേറ്ററായിരുന്നു തിരുവനന്തപുരത്തുള്ളത്. എല്ലാ നഗരങ്ങളിലും വ്യവസായ രംഗങ്ങളിലുള്ളവരെക്കൊണ്ട് അവരുടെ ജന്മനാട്ടില്‍ ഒരു തീയേറ്റര്‍ പണി കഴിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഈയൊരു സംഭവത്തോടെ ഇനിയാര്‍ക്കും ഇങ്ങനെയൊരു രംഗത്തേക്ക് വരാന്‍ ധൈര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് നിര്‍മാതാക്കള്‍ മനസിലാക്കുന്നില്ല. സിനിമയെ സ്നേഹിക്കുന്ന വ്യക്തിക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പറ്റില്ല.

വെള്ളിയാഴ്ച നിരോധനമേര്‍പ്പെടുത്തുന്നു. ശനിയാഴ്ച രാവിലെ 8.50ന് ഒരു കത്തു കിട്ടുന്നു. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. താലിബാനാണോ ഇന്ത്യന്‍ ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നതെന്ന സംശയമുണ്ടെന്നും സോഹന്‍ പറയുന്നു. അല്ലാതെ സാധാരണ മനുഷ്യരില്‍ നിന്ന് ഇങ്ങനെയുള്ള നീക്കങ്ങളുണ്ടാവാന്‍ സാദ്ധ്യതയില്ലെന്നും സോഹന്‍ റോയ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.