കൊച്ചി: വിശ്വാസികള്‍ക്ക് നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. പാലാ മെത്രാനെതിരെ ഇമാം കൗണ്‍സില്‍ നല്‍കിയ കേസില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവുണ്ടായിരിക്കുന്നത് കേരളത്തിന്റെ മതമൈത്രിയെയും സാമൂഹിക സഹോദര്യത്തെയും തകര്‍ക്കുന്ന നടപടിയാണെന്നും കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
സമൂഹത്തിന്റെ നന്മയാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ ഇമാം കൗണ്‍സിലും ഇസ്ലാമിക സംഘടനകളും ഒറ്റപ്പെടുത്തേണ്ടത് ഈ സമൂഹത്തില്‍ തീവ്രവാദ ചിന്തകള്‍ പ്രചരിപ്പിക്കുകയും വിദ്വേഷം പരത്തുകയും ചെയ്യുന്ന ഇസ്ലാം വിശ്വാസികള്‍ക്കിടയിലെ ഒരു വിഭാഗത്തെയും അവരുടെ വാക്കുകള്‍ കേട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്ന ചിലരെയുമാണ്. അല്ലാതെ, ഗുരുതരമായ ചില രോഗ ലക്ഷണങ്ങള്‍ കണ്ട് തങ്ങളുടെ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുന്നവരെയല്ല.
കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്റെ പ്രസ്താവന:
ലോകമെമ്പാടും കാലങ്ങളോളമായി ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ചില ആപത്തുകളുടെ ലക്ഷണങ്ങള്‍ കേരളത്തിലും പ്രകടമാകുന്നു എന്നുള്ള ആശങ്ക ഒരു മെത്രാന്റേതു മാത്രമല്ല, ചിന്തിക്കുന്ന ഓരോ മലയാളിയുടേതും കൂടിയാണ്. മയക്കുമരുന്നിന്റെ വില്‍പ്പനയും ഉപയോഗവും വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചിട്ടുള്ള ചരിത്രം ലോകത്തില്‍ പല രാജ്യങ്ങളിലുമുണ്ട്.
അതിന്റെ സൂചനകള്‍ ഇന്ന് നമുക്കിടയിലും പല രീതിയില്‍ പ്രകടമാകുന്നു. കേരളത്തിലെ തീവ്രസ്വഭാവമുള്ള ചില ഇസ്ലാമിക സംഘടനകള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും കേരളത്തില്‍ തീവ്രവാദികളുടെ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്നും പോലീസ് മേധാവികളും കേന്ദ്ര അന്വേഷണ ഏജന്‍സികളും അന്താരാഷ്ട്ര ഏജന്‍സികളും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്.
ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്കു വെളിയിലേക്ക് പോയിട്ടുള്ളവരുടെ എണ്ണം നൂറോളം വരുമെന്ന് ബഹു. മുഖ്യമന്ത്രി തന്നെ കഴിഞ്ഞയിടെ പറയുകയുണ്ടായി. മാത്രമല്ല, കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ ഇസ്ലാം സമൂഹത്തിനിടയില്‍ സര്‍ക്കാര്‍ നടത്തിയ ഡീറാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ വഴിയായി ആറായിരത്തോളം പേരെ തീവ്രവാദ പ്രവര്‍ത്തനങ്ങളോടുള്ള ആഭിമുഖ്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയത് നടുക്കത്തോടെയാണ് മലയാളികള്‍ കേട്ടത്.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു സമുദായത്തിനുള്ളില്‍ ഡീറാഡിക്കലൈസേഷന്‍ നടത്തിവരുന്നുണ്ടെങ്കില്‍ ആ സമൂഹത്തില്‍ തീവ്രവാദ പ്രചാരണങ്ങളും അതിനായുള്ള സ്വാധീനങ്ങളും സജീവമായുണ്ട് എന്നുള്ളതിന് അത് ശക്തമായ തെളിവ് തന്നെയാണ്. വാസ്തവങ്ങള്‍ ഇപ്രകാരമായിരിക്കെ, അപൂര്‍വ്വം ചില ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് കത്തോലിക്കാ വിശ്വാസികള്‍ക്ക് പാലാ മെത്രാന്‍ നല്‍കിയ മുന്നറിയിപ്പ് വര്‍ഗീയ പ്രചാരണമാകുന്നത് എങ്ങനെയെന്ന് അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളമെമ്പാടും ഒപ്പുശേഖരണവും കാമ്പെയിനിംഗുകളും നടത്തുകയും നിയമനടപടികള്‍ക്കായി പരക്കം പായുകയും ചെയ്യുന്നവര്‍ വ്യക്തമാക്കേണ്ടതുണ്ട്.
ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചു എന്നതാണ് പ്രശ്‌നമെങ്കില്‍, വര്‍ഷങ്ങളായി കേരളത്തില്‍ പ്രചരിക്കുന്ന ചില ഗ്രന്ഥങ്ങളില്‍ ജിഹാദ് എന്നാല്‍ അമുസ്ലീങ്ങളോട് ആയുധവും അടവുകളും ഉപയോഗിച്ച് പോരാടുന്നതും അവരെ ഇല്ലാതാക്കുന്നതുമാണെന്ന് ഊന്നിപ്പറയുന്നതിനെക്കുറിച്ച് ഇസ്ലാമിക പണ്ഡിതര്‍ വ്യക്തമാക്കേണ്ടതുണ്ട്. നാര്‍ക്കോ ജിഹാദ് എന്ന വാക്ക് പതിറ്റാണ്ടുകള്‍ക്കു മുമ്പ് മുതല്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നതും അതില്‍ വാസ്തവമുണ്ടെന്ന് നിരവധി സാമൂഹിക നിരീക്ഷകര്‍ സ്ഥാപിച്ചിട്ടുള്ളതുമാണ്. അത്തരമൊരു പ്രതിഭാസവും ലോകത്തില്‍ നടക്കുന്നുണ്ടെന്നുളളതിന് നിരവധി പത്രവാര്‍ത്തകള്‍ തന്നെ തെളിവായുണ്ട്. അങ്ങനെയല്ലെങ്കില്‍ യുക്തിഭദ്രമായ വിശദീകരണങ്ങള്‍ ഈ സമൂഹത്തിന് നല്‍കുകയാണ് ആവശ്യം.
ചില തീവ്രവാദ സംഘടനകള്‍ കേരളത്തിലും തീവ്രവാദ ചിന്തകള്‍ പ്രചരിപ്പിക്കുന്നുണ്ട് എന്നുള്ളതിന് സമീപകാലത്ത് ചര്‍ച്ചാവിഷയമായ ''വിജയത്തിന്റെ വാതില്‍ വാളിന്റെ തണലില്‍'' എന്ന ഗ്രന്ഥം തന്നെ ഉത്തമ ഉദാഹരണമാണ്. പീസ് സ്‌കൂള്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ മലയാളികള്‍ മറന്നിട്ടുണ്ടാകാനിടയില്ല. തീവ്ര ഇസ്ലാമിക പ്രചാരണങ്ങള്‍ മുതല്‍, വിദേശത്തേയ്ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പോയതു വരെയുള്ള സംഭവവികാസങ്ങള്‍ അതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തപ്പെട്ടിരുന്നു. ഇസ്ലാമിക തീവ്രവാദികളെ അനുകരിച്ച് മതമൗലികവാദികള്‍ ഒരു അദ്ധ്യാപകന്റെ കൈ പരസ്യമായി വെട്ടിമാറ്റിയതും ഇതേ കേരളത്തില്‍ തന്നെയാണ്.
സത്യമാകാനിടയാവരുതെന്ന് സാമാന്യജനത എന്നും ആഗ്രഹിക്കുന്ന ചില ആഹ്വാനങ്ങള്‍ ഇസ്ലാമിക മതപണ്ഡിതര്‍ പൊതുവേദികളില്‍ മലയാളത്തില്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്ന ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ലഭ്യമാണ്. ആരാണ് ഇവിടെ വര്‍ഗ്ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നതെന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാനിടയില്ല.
അന്യമതസ്ഥരെ ഇല്ലാതാക്കണമെന്ന് പച്ചയ്ക്ക് ആഹ്വാനം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നവരും അഭിമാനത്തോടെ പറഞ്ഞയക്കുന്നവരും പൊതു സദസുകളില്‍ തീവ്രവാദം പ്രസംഗിക്കുന്നവരും കേരളത്തിലുമുണ്ട് എന്നുള്ളത് തികഞ്ഞ വാസ്തവമായിരിക്കെ, ഒരു ദേവാലയ പ്രസംഗത്തിനിടയില്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രം ചെയ്ത മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെതിരെ കേസുമായി മുന്നോട്ടു പോകാന്‍ ഇസ്ലാമിക സമൂഹം തീരുമാനിച്ചിരിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്.
അഭിവന്ദ്യ പാലാ മെത്രാന്‍ മറ്റാര്‍ക്കും ദ്രോഹം ചെയ്യണമെന്നോ, ആരെയും ഇല്ലാതാക്കണമെന്നോ, ആര്‍ക്കെങ്കിലുമെതിരെ കരുനീക്കങ്ങള്‍ നടത്തണമെന്നോ, ആരെയെങ്കിലും വെറുക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. മറിച്ച്, മറ്റുള്ളവരുടെ നാശം ആഗ്രഹിക്കുന്ന ഈ സമൂഹത്തിലെ അപൂര്‍വ്വം ചിലര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു മാത്രമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
സാധാരണക്കാരും നല്ലവരുമായ ഭൂരിപക്ഷം ഇസ്ലാം മതവിശ്വാസികള്‍ക്ക് യാതൊരു അസ്വസ്ഥതയും തോന്നേണ്ടതില്ലാത്ത ഒരു ദേവാലയപ്രസംഗത്തെ തുടര്‍ന്ന് അത്ഭുതകരമായ കോലാഹലങ്ങളാണ് കേരളത്തിലുണ്ടായത്. സമസ്തയും ജമാഅത്തെ ഇസ്ലാമിയും തുടങ്ങിയ സംഘടനകളും ചില രാഷ്ട്രീയ പാര്‍ട്ടികളും വലിയ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാനിടയായി. നിര്‍ദോഷമായ ഒരു മുന്നറിയിപ്പ് നല്‍കിയ പാലാ മെത്രാനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേരളമെമ്പാടും ഒപ്പുശേഖരണം നടന്നു. വാസ്തവത്തില്‍ ഒരു ശരാശരി മലയാളി വലിയ കൗതുകത്തോടെയാണ് ഈ സംഭവവികാസങ്ങളെ നോക്കിക്കണ്ടത്.
പൊലീസിന് സ്വമേധയാ കേസെടുക്കാന്‍ കഴിയുന്ന വിധത്തില്‍ അന്യമതസ്ഥരെയും അന്യമത വിശ്വാസങ്ങളെയും അവഹേളിച്ചു കൊണ്ടും മതസ്പര്‍ദ്ധ വളര്‍ത്തിക്കൊണ്ടും കേരളത്തില്‍ നടന്നിട്ടുള്ള പ്രഭാഷണങ്ങള്‍ പലതുണ്ട്. അത്തരത്തിലുള്ള പുസ്തകങ്ങള്‍ ഇന്നും പ്രചാരത്തിലുള്ളവയും നിരോധിക്കപ്പെട്ടവയുമുണ്ട്. മതസ്പര്‍ദ്ധ വളര്‍ത്തുകയും വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങള്‍ പലതുണ്ടായിട്ടുണ്ട്.
അത്തരം നിരവധി അവസരങ്ങളില്‍ തിരുത്തല്‍ നടപടികള്‍ സ്വയം സ്വീകരിക്കേണ്ടതുണ്ടെന്ന് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ലാത്ത വ്യക്തികളും സംഘടനകളും, പലതും കണ്ടും കേട്ടും തോന്നിയ ആശങ്ക ഒരു വ്യക്തി സ്വന്തം ജനതയുടെ മുന്നില്‍ സ്വകാര്യമായി പങ്കുവച്ചതിനെ ക്രിമിനല്‍ കുറ്റമായി കരുതുന്നു!
വാസ്തവത്തില്‍, പാലാ മെത്രാനെതിരെ ഇമാം കൗണ്‍സില്‍ നല്‍കിയ കേസില്‍, അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവുണ്ടായിരിക്കുന്നത് കേരളത്തിന്റെ മതമൈത്രിയെയും സാമൂഹിക സഹോദര്യത്തെയും തകര്‍ക്കുന്ന നടപടിയാണ്. കാരണം, സമൂഹത്തിന്റെ നന്മയാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ ഇമാം കൗണ്‍സിലും ഇസ്ലാമിക സംഘടനകളും ഒറ്റപ്പെടുത്തേണ്ടത് ഈ സമൂഹത്തില്‍ തീവ്രവാദ ചിന്തകള്‍ പ്രചരിപ്പിക്കുകയും വിദ്വേഷം പരത്തുകയും ചെയ്യുന്ന ഇസ്ലാം വിശ്വാസികള്‍ക്കിടയിലെ ഒരു വിഭാഗത്തെയും അവരുടെ വാക്കുകള്‍ കേട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്ന ചിലരെയുമാണ്. അല്ലാതെ, ഗുരുതരമായ ചില രോഗലക്ഷണങ്ങള്‍ കണ്ട് തങ്ങളുടെ സമൂഹത്തിന് മുന്നറിയിപ്പ് നല്കുന്നവരെയല്ല.
തങ്ങള്‍ക്കിടയിലുള്ള ഗുരുതരമായ അപചയങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് അതിനെതിരായി മുന്നറിയിപ്പുകള്‍ നല്‍കുന്നവര്‍ക്കെതിരെ പോരാടാനുള്ള തീരുമാനം ഇത്തരം വിഷയങ്ങളെ ഗൗരവമായി വീക്ഷിക്കുന്ന അനേകര്‍ക്ക് ആശങ്കാജനകവും മുസ്ലിം സമുദായത്തിലെ നല്ലവരായ അനേകര്‍ക്ക് ദുര്‍മാതൃക നല്‍കുന്നതുമാണ്. മാത്രമല്ല, ഈ പ്രവൃത്തി മതസൗഹാര്‍ദ്ദത്തെക്കുറിച്ചുള്ള തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുന്നു.
ഒരേ സമൂഹത്തില്‍ ഒരുമിച്ചായിരിക്കുന്നവര്‍ എന്ന നിലയില്‍ പരസ്പരം പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനും തെറ്റുകള്‍ തിരുത്താന്‍ അന്യോന്യം സഹായിക്കാനും എല്ലാ സമുദായനേതൃത്വങ്ങള്‍ക്കും കടമയുണ്ട്. ഈ വിവാദത്തില്‍ ക്രിയാത്മകമായ നിലപാടുകള്‍ സ്വീകരിച്ച് സമൂഹത്തില്‍ കടന്നുകൂടിയിട്ടുള്ള ആശങ്കകളെ ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവാദിത്വമായിരുന്നു ഇസ്ലാമിക സമൂഹം ഏറ്റടുക്കേണ്ടത്.
കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നതും യുവജനങ്ങളിലും വിദ്യാര്‍ത്ഥികളിലും ഒരു വലിയ വിഭാഗം അതിന് അടിപ്പെടുന്നതും തികഞ്ഞ യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്ത്യയിലുള്‍പ്പെടെ ലോകത്തില്‍ വിറ്റഴിക്കപ്പെടുന്ന മയക്കുമരുന്നില്‍ 80 ശതമാനവും ഉല്‍പാദിപ്പിക്കപ്പെടുന്നത് അഫ്ഘാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ ആണെന്നുള്ളതും അത് വിറ്റു കിട്ടുന്ന പണം ഉപയോഗിക്കപ്പെടുന്നത് കൂടുതലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നുള്ളതും യുഎനും അന്താരാഷ്ട്ര ഏജന്‍സികളും വെളിപ്പെടുത്തിയിട്ടുള്ള ചില യാഥാര്‍ത്ഥ്യങ്ങളാണ്.
മയക്കുമരുന്ന് വിതരണ ശൃംഖലയിലെ ഇടനിലക്കാരും അവസാന കണ്ണിയിലുള്ളവരും ഉപഭോക്താക്കളും ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതരാണ് എന്നതിനാല്‍ അതിന്റെ മുഖ്യ ലാഭവിഹിതം പോകുന്നത് തീവ്രവാദ സംഘടനകള്‍ക്കാണ് എന്നത് വാസ്തവമല്ലാതാകുന്നില്ല. ലോകത്തെ മുഴുവന്‍ ആലസ്യത്തിലകപ്പെടുത്താന്‍ കഴിയുന്നത്ര വിവിധ രൂപഭാവങ്ങളിലുള്ള മയക്കുമരുന്ന് ഉല്‍പാദിപ്പിക്കാന്‍ വേദിയൊരുക്കുന്ന അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും അതിന്റെ ലാഭം കൊണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയും തള്ളിപ്പറയാനും ഒറ്റപ്പെടുത്താനുമാണ് ഇസ്ലാമിക സമൂഹം ആര്‍ജ്ജവം കാണിക്കേണ്ടത്.
അതോടൊപ്പം കേരളത്തില്‍ ഇന്ന് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതായി പലരും ഇതിനകം വെളിപ്പെടുത്തിയിട്ടുള്ള വിവിധ തീവ്രവാദ സ്വാധീനങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും ഇസ്ലാമിക സമൂഹവും സംഘടനകളും തയ്യാറാകണം.സാമുദായിക ഐക്യം ഒരു സമൂഹത്തില്‍ പുലരാന്‍ വേണ്ടത് തീവ്രവാദ പ്രവണതകളെയും തിന്മയുടെ സ്വാധീനങ്ങളെയും കണ്ടില്ലെന്നു നടിച്ച് പുറമെ സൗഹാര്‍ദ്ദം നടിക്കുകയും ഐക്യത്തില്‍ ജീവിക്കുന്നതായി അഭിനയിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുകയല്ല.
മറിച്ച്, സമൂഹത്തിന്റെ പൊതുനന്മയെ ലക്ഷ്യമാക്കി പക്വമായ നിലപാടുകള്‍ സ്വീകരിക്കുകയും മറ്റുളവരുടെ ആശങ്കകളെയും മുന്നറിയിപ്പുകളെയും മുഖവിലയ്ക്കെടുത്ത് ആവശ്യമായ തിരുത്തല്‍ നടപടികള്‍ക്ക് സ്വയം വിധേയമാകാനുമുള്ള സന്നദ്ധത പ്രകടിപ്പിക്കുകയുമാണ്. അതിലൂടെ മാത്രമേ ഈ സമൂഹത്തില്‍ സഹവര്‍ത്തിത്വവും സാഹോദര്യവും സാധ്യമാവുകയുള്ളൂ. ഈ ലക്ഷ്യത്തിനായി പരസ്പര ആദരവോടും ഐക്യത്തോടും പ്രയത്‌നിക്കാനുള്ള ഉത്തരവാദിത്വം എല്ലാ മതസമുദായ നേതൃത്വങ്ങള്‍ക്കുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.