മുന്നോക്ക-സവര്‍ണ്ണ സംവരണം എന്ന പ്രയോഗം ഭരണഘടനാ വിരുദ്ധം; സര്‍ക്കാര്‍ ഉത്തരവുകള്‍ തിരുത്തണം: ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍

മുന്നോക്ക-സവര്‍ണ്ണ സംവരണം എന്ന പ്രയോഗം ഭരണഘടനാ വിരുദ്ധം; സര്‍ക്കാര്‍ ഉത്തരവുകള്‍ തിരുത്തണം: ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍

കോട്ടയം: സാമ്പത്തിക സംവരണത്തിന് മുന്നോക്ക-സവര്‍ണ്ണ സംവരണമെന്ന പദപ്രയോഗം ഭരണഘടനാവിരുദ്ധമാണെന്നും മുന്നോക്ക സംവരണമെന്നും സവര്‍ണ്ണ സംവരണമെന്നും സൂചിപ്പിച്ചുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കുള്ള സംവരണമെന്ന് തിരുത്തിയിറക്കണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലായര്‍ അഡ്വ വി.സി.സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുന്നോക്കത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിതിന് പകരം സംവരണേതരരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നാണ് പറയേണ്ടതെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖവിലയ്‌ക്കെടുത്ത് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തിരുത്തലുകള്‍ക്ക് തയ്യാറാകണം. രാജ്യത്ത് അടുത്തകാലം വരെ എസ്.സി., എസ്.ടി., ഒ.ബി.സി., മൈനോരിറ്റി എന്നിങ്ങനെ ജാതി-മത അടിസ്ഥാനത്തില്‍ മാത്രമുള്ള സാമൂഹ്യ വര്‍ഗീകരണം മാത്രമാണ് ഭരണഘടനാപരമായി നിലനിന്നിരുന്നത്. എന്നാല്‍ 2019 ജനുവരിയിലെ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ ആര്‍ട്ടിക്കിള്‍ 15(6), 16(6) എന്നീ ഉപവകുപ്പുകള്‍ പ്രകാരം രാജ്യത്തെ ജനവിഭാഗങ്ങളില്‍ സംവരണേതര വിഭാഗം (അണ്‍ റിസര്‍വ്ഡ് ക്ലാസസ്) എന്ന വര്‍ഗീകരണം അഥവാ ക്ലാസ്സിഫിക്കേഷന്‍ യാഥാര്‍ഥ്യമായിരിക്കുന്നു.

നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയ്ക്കു മുന്‍പ് വരെ ഈ വിഭാഗങ്ങളെക്കുറിച്ച് ഭരണഘടനയില്‍ പ്രത്യേക പരാമര്‍ശമില്ലായിരുന്നു. അതുകൊണ്ടുതന്നെ ജനറല്‍ കാറ്റഗറി എന്ന് വിളിക്ക പ്പെടേണ്ടതായ ഈ വിഭാഗങ്ങളെ മുന്നാക്കക്കാര്‍ അല്ലെങ്കില്‍ സവര്‍ണര്‍ എന്ന് വിളിച്ചാക്ഷേപിക്കുന്ന ശൈലി സര്‍ക്കാര്‍ -രാഷ്ട്രീയ തലങ്ങളില്‍ പോലും ഉടലെടുത്തു. കേരളത്തിലും അങ്ങേയറ്റം വ്രണപ്പെടുത്തുന്ന രീതിയില്‍ സംവരണേതര വിഭാഗങ്ങള്‍ അഭിസംബോധന ചെയ്യപ്പെടുന്നത് തിരുത്തപ്പെടേണ്ടതാണ്. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി താഴേക്കിടയിലുള്ള ദരിദ്രവിഭാഗങ്ങള്‍ക്ക് 103-ാം ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്ന മത ജാതി വിഭാഗങ്ങള്‍ ഏഴു പതിറ്റാണ്ടുകളായി സംവരണത്തിന്റെ എല്ലാവിധ ഗുണഫലങ്ങളും അനുഭവിക്കുന്നവരാണ്. നൂറുശതമാനം ജാതിസംവരണം ലഭിക്കുന്നവര്‍ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് വിരോധാഭാസവും ക്രൂരതയുമാണ്.

സാമ്പത്തിക സംവരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗ്ഗീയകലാപം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന മുസ്ലീംലീഗ് മറ്റുസംസ്ഥാനങ്ങളില്‍ മുസ്ലീംവിഭാഗത്തിലെ ന്യൂനപക്ഷത്തിന് മാത്രമാണ് സംവരണമുള്ളതെന്നത് മറക്കരുത്. കേരളത്തിലെ മുസ്ലീം വിഭാഗത്തിലെ സമ്പന്നര്‍ക്കുള്ള സംവരണവും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജാതിസംവരണ മാനദണ്ഡങ്ങള്‍ പോലും കേരളത്തില്‍ മാറിമാറി ഭരിച്ചവര്‍ അട്ടിമറിച്ചിരിക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗ്ഗ സമൂഹങ്ങള്‍ തിരിച്ചറിയേണ്ടതാണ്. അര്‍ഹതപ്പെട്ട 22.5 ശതമാനത്തില്‍ നിന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 8 ശതമാനം, 2 ശതമാനം എന്നിങ്ങനെ 10 ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നത് ഈ വിഭാഗങ്ങള്‍ ഇനിയെങ്കിലും കണ്ണുതുറന്നു കാണണം. 27 ശതമാനുള്ള രാജ്യത്തെ ഒബിസി സംവരണം കേരളത്തില്‍ 14 ശതമാനം ഈഴവ, 12 ശതമാനം മുസ്ലീം ഉള്‍പ്പെടെ 40 ശതമാനമാക്കി ഉയര്‍ത്തി ചില വിഭാഗങ്ങള്‍ തട്ടിയെടുത്തിരിക്കുന്നത് ചോദ്യം ചെയ്യപ്പെടണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.