റോം: ആയുധങ്ങളുടെ നിര്‍മ്മാണം നിര്‍ത്തണമെന്നും യുദ്ധം സ്വദേശത്തെ കുട്ടികളെ വിഴുങ്ങുമെന്നും ലോക രാഷ്ട്രങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ. സകല മരിച്ചവരുടെയും തിരുനാള്‍ ദിനമായ ഇന്നലെ റോമിലെ ഫ്രഞ്ച് മിലിട്ടറി സെമിത്തേരി സന്ദര്‍ശിക്കുന്നതിനിടെയാണ് മാര്‍പാപ്പ ആയുധ നിര്‍മ്മാണം അവസാനിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തത്.
രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ച ഫ്രഞ്ച്, മൊറോക്കന്‍ സൈനികരെ അടക്കം ചെയ്ത സെമിത്തേരി സന്ദര്‍ശിച്ച പാപ്പ, പേര് രേഖപ്പെടുത്താത്ത ചില കല്ലറകളില്‍ വെളുത്ത റോസാപുഷ്പം അര്‍പ്പിച്ചു. ഇവിടെ ഒരു പേരുപോലുമില്ലായെന്നും ഇത് യുദ്ധത്തിന്റെ ദുരന്തമാണെന്നും എന്നാല്‍ ദൈവത്തിന്റെ ഹൃദയത്തില്‍ നമ്മുടെ എല്ലാ നാമങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ വിളിക്കപ്പെട്ട് നല്ല മനസുമായി പോയ ഇവരെല്ലാം കര്‍ത്താവിന്റെ കൂടെയുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പാപ്പ വ്യക്തമാക്കി. റോമിലെ ഫ്രഞ്ച് യോദ്ധാക്കള്‍ക്കായുള്ള സിമിത്തേരിയില്‍ ഏതാണ്ട് 1900 ശവകുടീരങ്ങളുണ്ട്. ഇവയില്‍ ഭൂരിഭാഗവും രണ്ടാം ലോകമഹായുദ്ധത്തില്‍ ജീവന്‍ കൊടുത്ത മൊറോക്കോ, അള്‍ജീരിയ എന്നിവിടങ്ങളിലുള്ള പടയാളികളുടെ ശവകുടീരങ്ങളാണ്.
കുരിശു നാട്ടിയ കല്ലറകളെക്കൂടാതെ അവയില്‍ വളരെയേറെ കല്ലറകള്‍ ചന്ദ്രക്കല കൊണ്ട് അടയാളപ്പെടുത്തിയവയുമുണ്ട്. അവയിലെല്ലാം 'ഫ്രാന്‍സിനായി മരണമടഞ്ഞവര്‍' എന്നാണ് പ്രത്യേകമായി രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് മാര്‍പാപ്പയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിന് ഫ്രാന്‍സിസ് മാര്‍പാപ്പാ മരിച്ചവര്‍ക്കായുള്ള പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ചത് വത്തിക്കാനില്‍ തന്നെയുള്ള ട്യൂട്ടോണിക് സെമിത്തേരിയിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.