പുനീതിന്റെ രണ്ട് കണ്ണുകളിലൂടെ ഇനി ലോകത്തെ കാണുന്നത് നാല് പേര്‍; നേത്ര ചികിത്സ രംഗത്ത് ചരിത്രം കുറിച്ച് നാരായണ ആശുപത്രി

പുനീതിന്റെ രണ്ട് കണ്ണുകളിലൂടെ ഇനി ലോകത്തെ കാണുന്നത് നാല് പേര്‍; നേത്ര ചികിത്സ രംഗത്ത് ചരിത്രം കുറിച്ച് നാരായണ ആശുപത്രി

ന്യൂഡല്‍ഹി: കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ മരണം ചലച്ചിത്ര ലോകത്തെ മാത്രമല്ല സാധാരണക്കാരേയും കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു. എന്നാല്‍ പുനീതിന്റെ നേത്രദാനത്തിലൂടെ കാഴ്ച തിരിച്ചു കിട്ടിയത് നാല് പേര്‍ക്കാണ്. മൈക്രോ സര്‍ജറിയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയിലൂടെയാണ് ഒരേ ദിവസം നാല് പേര്‍ക്ക് കാഴ്ച നല്‍കാന്‍ സാധിച്ചതെന്നാണ് ബെംഗളൂരുവിലെ നാരായണ നേത്രാശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. രോഗികളെല്ലാം തന്നെ കര്‍ണാടകയില്‍ നിന്നുള്ളവരായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മുന്‍പ് ദാതാവിന്റെ കണ്ണില്‍ നിന്ന് 0.5 മില്ലിമീറ്റര്‍ കട്ടിയുള്ള കോര്‍ണിയ പുറത്തെടുത്ത് രോഗികള്‍ക്ക് വെച്ചു പിടിക്കുന്ന രീതിയാണ് തുടര്‍ന്നിരുന്നത്. ഇത്തരത്തില്‍ ഒരു കണ്ണിലെ മുഴുവന്‍ കോര്‍ണിയയും കാഴ്ച വൈകല്യമുള്ള ഒരാളുടെ കണ്ണിലേക്ക് പറിച്ചു നടപ്പെടുന്നു. അങ്ങനെ ഒരു കണ്ണിലെങ്കിലും കാഴ്ച വീണ്ടെടുക്കാന്‍ അവരെ സഹായിക്കുന്നു. കാഴ്ച വൈകല്യങ്ങളുടെ സ്വഭാവം വ്യത്യസ്തമാണെങ്കിലും അടുത്ത കാലം വരെ കൃത്യമായ ട്രാന്‍സ്പ്ലാന്റേഷനായി കോര്‍ണിയയെ കൂടുതല്‍ വിഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഈ സംവിധാനങ്ങള്‍ ഇപ്പോള്‍ മാറിയിരിക്കുന്നുവെന്നാണ് നാരായണ നേത്രാലയ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.കെ. ഭുജംഗ് ഷെട്ടി വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ കോര്‍ണിയയുടെ വിവിധ ഭാഗങ്ങള്‍ സൂക്ഷ്മതയോടെ മുറിക്കുന്നത് സാധ്യമാക്കിയെന്ന് ഷെട്ടി പറഞ്ഞു. ഇതിനര്‍ത്ഥം കോര്‍ണിയയുടെ വ്യത്യസ്ത ഭാഗങ്ങള്‍ അവരുടെ കാഴ്ച വൈകല്യത്തിന്റെ സ്വഭാവമനുസരിച്ച് ഒന്നിലധികം ആളുകള്‍ക്ക് ദാനം ചെയ്യാമെന്നാണ്. പുനീത് രാജ്കുമാറിന്റെ നേത്രദാനത്തിന്റെ കാര്യത്തില്‍, ഓരോ കോര്‍ണിയയും മൂന്ന് ഭാഗങ്ങളായി മുറിച്ചതായി ഷെട്ടി ദി പ്രിന്റ് എന്ന മാധ്യമത്തോട് പറഞ്ഞു.

കോര്‍ണിയയുടെ മുന്‍ഭാഗം, കോര്‍ണിയല്‍ ബട്ടണ്‍ എന്നിവ യഥാക്രമം കെരാറ്റോകോണസ്, കോര്‍ണിയ ഡിസ്ട്രോഫി എന്നിവ ബാധിച്ച രണ്ട് ചെറുപ്പക്കാരായ രോഗികളിലേക്ക് നല്‍കി. കോര്‍ണിയയുടെ ഘടനയെ ബാധിക്കുന്ന ഒരു നേത്രരോഗമാണ് കെരാട്ടോകോണസ് അതിന്റെ ഫലമായി കാഴ്ച നഷ്ടപ്പെടുന്നു. കണ്ണിന്റെ വ്യക്തമായ പുറം പാളിയില്‍ പലപ്പോഴും അസാധാരണമായ വസ്തുക്കള്‍ അടിഞ്ഞു കൂടുന്ന ഒരു നേത്രരോഗമാണ് കോര്‍ണിയല്‍ ഡിസ്ട്രോഫി.

ഐബോളിന്റെ പുറം ഭാഗത്തെ ഭൂരിഭാഗവും മൂടുന്ന കണ്ണിന്റെ വെളുത്ത പാളി പിന്‍ഭാഗത്തെ ബാധിക്കുന്ന കോര്‍ണിയ എന്‍ഡോതെലിയല്‍ ഡികംപെന്‍സേഷന്‍ ഉള്ള രണ്ട് രോഗികള്‍ക്ക് മാറ്റിവച്ചു. ഡീപ് ആന്റീരിയര്‍ ലാമെല്ലാര്‍ കെരാറ്റോപ്ലാസ്റ്റി എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെയാണ് ഇത് ചെയ്തത്. ഈ നൂതനമായ മാര്‍ഗം ഭാവിയില്‍ പലര്‍ക്കും കാഴ്ച വീണ്ടെടുക്കാന്‍ സഹായിച്ചേക്കാമെന്നും വിദഗ്ദര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.