'കോവിഡ് ഗുളികയ്ക്കു സല്യൂട്ട് !'; പക്ഷേ, വാക്‌സിനു വിട നല്‍കിയാല്‍ അപകടം ഉറപ്പെന്ന് വിദഗ്ധര്‍

'കോവിഡ് ഗുളികയ്ക്കു സല്യൂട്ട് !'; പക്ഷേ, വാക്‌സിനു വിട നല്‍കിയാല്‍ അപകടം ഉറപ്പെന്ന് വിദഗ്ധര്‍

ലണ്ടന്‍: അന്താരാഷ്ട്ര മരുന്ന് നിര്‍മാതാക്കളായ ഫൈസര്‍, മെര്‍ക്ക് കമ്പനികള്‍ കോവിഡിനെ ശമിപ്പിക്കാന്‍ ഗുളിക കണ്ടെത്തിയത് ആശ്വാസകരമെങ്കിലും വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതോടെ ദുര്‍ബലമാകുന്നപക്ഷം ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. വാക്‌സിനേഷനെതിരെ ശബ്ദിച്ചുകൊണ്ടിരിക്കുന്നവര്‍ ഈ പുതിയ മരുന്നുകളാണ് യഥാര്‍ത്ഥ രക്ഷാമാര്‍ഗമെന്നു കരുതിയാല്‍ അത് അബദ്ധമായിരിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

അന്താരാഷ്ട്ര മരുന്ന് നിര്‍മാതാക്കളായ ഫൈസര്‍ പറയുന്നത് പാക്‌സ്ലോവിഡ് എന്ന മരുന്ന് നല്‍കി മുതിര്‍ന്നവരില്‍ നടത്തിയ പരീക്ഷണത്തില്‍ രോഗം ഗുരുതരാവസ്ഥയിലേക്ക് കടക്കുന്നത് 89 ശതമാനം വരെ തടയുന്നതായി കണ്ടെത്തിയെന്നാണ്. മെര്‍ക്ക് ആന്‍ഡ് കോയുടെ മൊള്‍നുപിരാവിര്‍ എന്ന മരുന്നിനേക്കാള്‍ ഫലപ്രദമാണിതെന്നും അവകാശ വാദമുണ്ട്. മൊള്‍നുപിരാവിര്‍ ഉപയോഗിച്ച കോവിഡ് രോഗികളില്‍ 50 ശതമാനം വരെയാണ് മരുന്ന് ഫലപ്രദമെന്ന്് പഠനങ്ങളില്‍ വ്യക്തമായത്.

ഫൈസറിന്റെയും മെര്‍ക്കിന്റെയും ഈ 'ഓറല്‍ ആന്റിവൈറല്‍ ടാബ്‌ലെറ്റു' കളുടെ പൂര്‍ണമായ പരീക്ഷണഫലങ്ങള്‍ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. യു.കെയില്‍ സോപാധിക അംഗീകാരം നേടിക്കഴിഞ്ഞു മൊള്‍നുപിരാവിര്‍. രണ്ട് മരുന്നിനും യു.എസ് ഹെല്‍ത്ത് റെഗുലേറ്റര്‍മാരില്‍ നിന്ന് ക്ലിയറന്‍സ് ആവശ്യമാണ്. ഡിസംബറില്‍ വിപണിയില്‍ എത്തിയേക്കുമെന്നാണു വിദഗ്ധര്‍ പറയുന്നത്.

റിറ്റൊനാവീര്‍ എന്ന മറ്റൊരു മരുന്നിനോടൊപ്പമാണ് പാക്‌സ്ലോവിഡ് രോഗികള്‍ക്കു നല്‍കുന്നത്. ദിവസം രണ്ട് നേരം വച്ച് മൂന്ന് ഗുളികകളാണ് കഴിക്കേണ്ടത്. 1219 പേരില്‍ ഇതിനോടകം ഈ മരുന്നിന്റെ പരീക്ഷണം നടത്തിക്കഴിഞ്ഞുവെന്നും ഫൈസര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, വാക്‌സിനുകള്‍ നല്‍കുന്ന പ്രതിരോധത്തിന്റെ പ്രാധാന്യവും ഗുളിക വഴിയുള്ള ചികിത്സയുടെ പ്രയോജനവും രണ്ടായി കാണണം. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകരുത്- വാക്‌സിന്‍ എടുക്കാന്‍ മടിയുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വാക്‌സിനു നേരെ ദുര്‍മുഖം

അമേരിക്കയിലെ 72 ശതമാനം മുതിര്‍ന്നവര്‍ക്കും വാക്സിന്‍ ആദ്യ ഷോട്ട് ലഭിച്ചതായാണ് കൈസര്‍ ഫാമിലി ഫൗണ്ടേഷന്റെ വോട്ടെടുപ്പ് പ്രകാരം വ്യക്തമായത്. എങ്കിലും വാക്സിനേഷന്റെ വേഗത ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. കൊറോണ വൈറസിനെതിരായ വാക്സിനുകളുടെ മൂല്യത്തെയും സുരക്ഷയെയും കുറിച്ചുള്ള എതിരഭിപ്രായങ്ങള്‍ രാഷ്ട്രീയ പക്ഷപാതത്തോടെ ശക്തമായി തുടരുന്നതാണ് പ്രധാന കാരണം. ബൈഡന്‍ ഭരണകൂടവും തൊഴിലുടമകളും പല സംസ്ഥാനങ്ങളും വാക്സിന്‍ നിര്‍ബന്ധമാക്കിയത് വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചെങ്കിലും ഒപ്പം വിവാദത്തിന് ആക്കം കൂടുകയും ചെയ്തു.

ഓറല്‍ ആന്റിവൈറല്‍ ടാബ്‌ലെറ്റുകളുടെ വരവ് കോവിഡ് 19 വാക്‌സിനേഷനു വേണ്ടിയുള്ള പ്രചാരണങ്ങളെ കൂടുതല്‍ തടസ്സപ്പെടുത്തുമെന്ന് പല വിദഗ്ധരും ഭയപ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് (CUNY) സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് 3,000 യുഎസ് പൗരന്മാരില്‍ നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ സൂചിപ്പിക്കുന്നതും ഇതാണ്. വാക്‌സിനേഷന്‍ യജ്ഞത്തിനു മരുന്നുകള്‍ തടയിടുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ CUNY ലെ ആരോഗ്യ ആശയവിനിമയ വിദഗ്ധനായ സ്‌കോട്ട് റാറ്റ്‌സന്‍ പറഞ്ഞു.'വാക്സിനേഷന്‍ വേണ്ട; ഗുളിക മതി ' എന്നാണ് സര്‍വേയില്‍ പങ്കെടുത്ത എട്ടില്‍ ഒരാള്‍ വീതം പറഞ്ഞത്. 'അതൊരു ഉയര്‍ന്ന സംഖ്യയാണ്'- റാറ്റ്സന്‍ ചൂണ്ടിക്കാട്ടി.

ആന്റിവൈറല്‍ മരുന്നിനെ മാത്രം ആശ്രയിക്കുന്നപക്ഷം അത് അപകടകരമാകുമെന്ന് വാക്‌സിന്‍ വിദഗ്ധനും ബെയ്ലര്‍ കോളേജ് ഓഫ് മെഡിസിനിലെ മോളിക്യുലാര്‍ വൈറോളജി ആന്‍ഡ് മൈക്രോബയോളജി പ്രൊഫസറുമായ ഡോ.പീറ്റര്‍ ഹോട്ടെസ് അഭിപ്രായപ്പെട്ടു.

റോയിട്ടേഴ്സ് അഭിമുഖം നടത്തിയ ആറ് പകര്‍ച്ചവ്യാധി വിദഗ്ധരും കോവിഡിനുള്ള ഫലപ്രദമായ പുതിയ ചികിത്സാ സാധ്യതകളില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കിലും അവയൊന്നും വാക്‌സിനുകള്‍ക്ക് പകരമല്ലെന്ന് വിശ്വസിക്കുന്നവരാണ്. വൈറസിന്റെ ഉയര്‍ന്ന തോതില്‍ പകരുന്ന ഡെല്‍റ്റ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ പോലും, വാക്‌സിനുകള്‍ ഫലപ്രദമാണെന്ന കാര്യം വ്യക്തം. സര്‍ക്കാര്‍ പഠനമനുസരിച്ച് തന്നെ ആശുപത്രി പ്രവേശന സാധ്യത 86.8 ശതമാനം കുറയ്ക്കുന്നു വാക്‌സിനുകള്‍. വാക്‌സിനേഷന്‍ എടുക്കാത്ത ചില ആളുകള്‍ ഇതിനകം തന്നെ ഇന്‍ട്രാവെനസ് ഇന്‍ഫ്യൂഷനോ കുത്തിവയ്‌പ്പോ വഴി മോണോക്ലോണല്‍ ആന്റിബോഡി മരുന്നുകളെ ആശ്രയിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പകരമാവില്ല ഗുളികകള്‍

'ഫൈസര്‍ പുറത്തുവിട്ടിട്ടുള്ള വാര്‍ത്ത വലുതു തന്നെയാണെന്ന് ഞാന്‍ കരുതുന്നു.പക്ഷേ, ഇത് വാക്‌സിനേഷനുമായി കൈകോര്‍ക്കുന്ന സംഭവമാകണം.വാക്‌സിനേഷനു പകരമാകില്ല അവരുടെ മരുന്ന്'- ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ എമര്‍ജന്‍സി ഫിസിഷ്യനും പബ്ലിക് ഹെല്‍ത്ത് പ്രൊഫസറും ബാള്‍ട്ടിമോറിലെ മുന്‍ ഹെല്‍ത്ത് കമ്മീഷണറുമായ ഡോ. ലീനാ വെന്‍ പറഞ്ഞു.

വാക്സിനേഷന്‍ എടുക്കാതിരിക്കുന്നത് 'തികഞ്ഞ തെറ്റായിരിക്കു'മെന്ന് , ഫൈസര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബൗര്‍ലയും ചൂണ്ടിക്കാട്ടുന്നു.പ്രതിരോധത്തിനായുള്ള വാക്‌സിനെയും ചികിത്സയ്ക്കുള്ള ഔഷധത്തെയും രണ്ടായി കാണണമെന്ന പക്ഷക്കാരനാണദ്ദേഹം.തങ്ങളുടെ ഔഷധം അസുഖം വരുന്ന നിര്‍ഭാഗ്യവാന്മാര്‍ക്കുള്ളതാണ് -ബൂര്‍ല റോയിട്ടേഴ്‌സിനോട് പറഞ്ഞു.'വാക്‌സിന്‍ വഴി മുന്‍കൂട്ടി സ്വയം പരിരക്ഷ നല്‍കാതെ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സമൂഹത്തെയും അപകടത്തിലാക്കാനുള്ള ഒരു നിമിത്തമായി മാറരുത് അത്.'

കോവിഡ് 19 ന് വ്യത്യസ്ത ഘട്ടങ്ങളുണ്ട്.വൈറസ് ശരീരത്തില്‍ പകരുന്നത് തടയുന്ന ആന്റിവൈറല്‍ മരുന്നുകള്‍, രോഗത്തിന്റെ തുടക്കത്തില്‍ നല്‍കേണ്ടതാണ്. ആദ്യ ഘട്ടത്തില്‍, വൈറസ് ശരീരത്തില്‍ അതിവേഗം വളര്‍ന്നു പടരുന്നു. എന്നിരുന്നാലും, ഏറ്റവും മോശമായ പല പ്രത്യാഘാതങ്ങളും രണ്ടാം ഘട്ടത്തിലാണ് സംഭവിക്കുന്നത്. പകരുന്ന വൈറസിനോടുള്ള വികലമായ രോഗപ്രതിരോധ പ്രതികരണത്തില്‍ നിന്നാണ് ഇതുണ്ടാകുന്നതെന്ന്, ലാഭേച്ഛയില്ലാത്ത മള്‍ട്ടി മീഡിയ സ്ഥാപനമായ ജസ്റ്റ് ഹ്യൂമന്‍ പ്രൊഡക്ഷന്‍സിന്റെ സിഇഒ യും സ്ഥാപകയുമായ പകര്‍ച്ചവ്യാധി വിദഗ്ധ ഡോ. സെലിന്‍ ഗൂന്‍ഡര്‍ പറഞ്ഞു. 'വൈറസ് ബാധിച്ച് ശ്വാസതടസ്സമോ മറ്റ് ലക്ഷണങ്ങളോ ഉണ്ടാകുന്നതോടെ നിങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടും. രോഗപ്രതിരോധ ശേഷി നഷ്ടമായ ഘട്ടമാണത്. അപ്പോള്‍ ആന്റിവൈറലുകള്‍ യഥാര്‍ത്ഥത്തില്‍ ഏറെക്കുറെ നിഷ്പ്രയോജനകരമാണ്'.

രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പലര്‍ക്കും കാര്യമായ വിഷമതകളുണ്ടാകില്ല. ഓക്‌സിജന്റെ അളവ് കുറയുന്നത് അറിയുകയുമില്ല. വൈറസിന്റെ കോശജ്വലന ഘട്ടം ആരംഭിച്ചതിന്റെ ആദ്യ വേളയില്‍ ഇതാകാം അവസ്ഥ. ചില ആളുകള്‍ക്ക്, അത് നേരത്തെ സംഭവിക്കും; ചിലര്‍ക്ക് പിന്നീടും-ഡോ.പീറ്റര്‍ ഹോട്ടെസ് പറഞ്ഞു.'പലപ്പോഴും, വളരെ വൈകുന്നത് വരെ നിങ്ങള്‍ക്ക് അസുഖം വരുന്നുവെന്ന് മനസ്സിലാകാന്‍ പോകുന്നില്ല'. മരുന്നുകള്‍ യഥാസമയം പ്രയോഗിക്കപ്പെടാതെ പോവും ഇക്കാരണത്താലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.