മയക്കുമരുന്ന് കടത്ത്: സിംഗപ്പൂര്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വംശജന്റെ വധശിക്ഷാ വിധിക്കു സ്റ്റേ

 മയക്കുമരുന്ന് കടത്ത്: സിംഗപ്പൂര്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വംശജന്റെ വധശിക്ഷാ വിധിക്കു സ്റ്റേ

സിംഗപ്പൂര്‍: മയക്കുമരുന്ന് കടത്തുകേസില്‍ വധശിക്ഷ കാത്ത് സംഗപ്പൂര്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ നാഗേന്ദ്രന് (33) താല്‍ക്കാലിക ആശ്വാസമേകി കോടതിയുടെ സ്റ്റേ ഉത്തരവ്. വധശിക്ഷ ഇന്നു നടപ്പാക്കാനുള്ള നീക്കം സിംഗപ്പൂര്‍ പ്രിസണ്‍ സര്‍വീസ് ഇതോടെ മരവിപ്പിച്ചു.അപ്പീല്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സ്റ്റേ. കോവിഡ് ബാധിതനാണിപ്പോള്‍ നാഗേന്ദ്രന്‍ എന്നത് അപ്പീല്‍ നടപടികളും ശിക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങളും മാറ്റിവയ്ക്കാനും ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്നു കുടിയേറി മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ അംഗമാണ് നാഗേന്ദ്രന്‍. സിംഗപ്പൂരിലെ ചാംഗി ജയിലില്‍ കഴിയുന്ന യുവാവിന് മാനസികരോഗമുണ്ടെന്നാണ് കുടുംബവും മനുഷ്യാവകാശ സംഘടനകളും പറയുന്നത്. അതേസമയം, ഈ സംശയം കോടതി നിരാകരിച്ചതാണെന്നു ചൂണ്ടിക്കാട്ടി ശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍.സിംഗപ്പൂരിലെ മയക്കുമരുന്ന് ദുരുപയോഗ നിരോധന നിയമം അനുസരിച്ച് 15 ഗ്രാമില്‍ കൂടുതല്‍ ഹെറോയിന്‍ രാജ്യത്തേയ്ക്ക് കടത്തിയാല്‍ വധശിക്ഷ വിധിക്കും.

സിംഗപ്പൂര്‍ മലേഷ്യ അതിര്‍ത്തി വഴി ഹെറോയിന്‍ കടത്തിയെന്ന കുറ്റത്തിനാണ് നാഗേന്ദ്രന്‍ കെ ധര്‍മലിംഗം അകത്തായത്, ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള വുഡ്ലാന്‍ഡ്‌സ് ചെക്ക്‌പോയിന്റില്‍ വെച്ച് 2009 ല്‍ 21-ാം വയസ്സില്‍. തുടയില്‍ കെട്ടി വെച്ച നിലയില്‍ 42.72 ഗ്രാം ഹെറോയിന്‍ കണ്ടെത്തി.മാനസിക ദൗര്‍ബല്യമുള്ള നാഗേന്ദ്രനെ കള്ളക്കടത്തുകാര്‍ കുരുക്കിയതായാണ് കുടുംബം കരുതുന്നത്.അതേസമയം, കുറ്റം തെളിഞ്ഞതായും വധശിക്ഷയ്ക്ക് വിധിക്കുന്നതായും 2010 നവംബറില്‍ സിംഗപ്പൂര്‍ കോടതി ഉത്തരവിടുകയായിരുന്നു.

നവംബര്‍ പത്തിനു വധശിക്ഷ നടപ്പാക്കുമെന്ന് സിംഗപ്പൂര്‍ പ്രിസണ്‍ സര്‍വീസ് കുടുംബത്തെ അറിയിച്ചിരുന്നു. നാഗേന്ദ്രനെ സന്ദര്‍ശിക്കാന്‍ കുടുംബത്തിന് അനുമതിയുണ്ടായിരിക്കുമെന്നും അമ്മയ്ക്കായുള്ള കത്തില്‍ ഉണ്ടായിരുന്നു. ഈ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. നാഗേന്ദ്രന്റെ മാനസികാരോഗ്യം കണക്കിലെടുക്കാതെ വധശിക്ഷയ്ക്ക് വിധി പുറപ്പെടുവിച്ചെന്ന വിമര്‍ശനം ശക്തമാണ്.നാഗേന്ദ്രന്റെ ഐ.ക്യു നിലവാരം 69 മാത്രമാണെന്നു കണ്ടെത്തിയത് പരിഗണിക്കണമെന്നതാണ് പ്രാധാന ആവശ്യം. 100 ആയിരിക്കണം ശരാശരി നിലവാരം. എന്നാല്‍ നാഗേന്ദ്രന് മാനസികപ്രശ്‌നങ്ങളുണ്ടെന്ന അന്താരാഷ്ട്ര ഏജന്‍സികളുടെ വാദം സിംഗപ്പൂര്‍ സര്‍ക്കാരും തള്ളി.

കുറ്റം ചെയ്യുന്ന സമയത്ത് നാഗേന്ദ്രന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന മാനസികരോഗ വിദഗ്ധരുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചിരുന്നെന്നും സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു. താന്‍ കുറ്റം ചെയ്യുകയായിരുന്നെന്ന ഉത്തമബോധ്യം പ്രതിക്ക് ഉണ്ടായിരുന്നെന്നും അതിനാല്‍ വധശിക്ഷ പിന്‍വലിക്കാന്‍ കഴിയില്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.എങ്കിലും അപ്പീല്‍ പരിഗണിക്കാനിരിക്കവേ കുടുംബം പ്രതീക്ഷ കൈവിട്ടിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.