വാഷിങ്ടണ്‍: മനുഷ്യനെ ചന്ദ്രനില്‍ വീണ്ടുമെത്തിക്കാനുള്ള നാസയുടെ പദ്ധതി വൈകും. ആര്‍ട്ടെമിസ് മൂണ്‍ മിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി 2024 ല്‍ യാഥാര്‍ത്ഥ്യമാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത് 2025-ലേക്കു നീട്ടിവെക്കുകയാണ് ചെയ്തത്. 1972ലെ അപ്പോളോ-17 ദൗത്യത്തിനു ശേഷം മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ പതിപ്പിച്ചിട്ടില്ല.
നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആര്‍ട്ടെമിസ് മൂണ്‍ പ്രോഗ്രാമിനായി യുഎസ് കോണ്‍ഗ്രസ് മതിയായ പണം അനുവദിച്ചിട്ടില്ലെന്ന കാരണത്താലാണ് പദ്ധതി നീട്ടിവയ്ക്കുന്നത്. ഒറിയോണ്‍ പേടകത്തിലാണ് ആര്‍ട്ടെമിസ് മിഷന്റെ ഭാഗമാകുന്ന ബഹിരാകാശ സഞ്ചാരികള്‍ യാത്രചെയ്യുക. ഈ പേടകം വികസിപ്പിക്കുന്നതിനായി കൂടുതല്‍ കൂടുതല്‍ ഫണ്ട് ആവശ്യമുണ്ടെന്നും ബില്‍ നെല്‍സണ്‍ പറഞ്ഞു.
മനുഷ്യനെ ചന്ദ്രനില്‍ വീണ്ടുമെത്തിക്കുക എന്നതോടൊപ്പം ചന്ദ്രനില്‍ സുസ്ഥിരസാന്നിധ്യം സ്ഥാപിക്കുകയും ആദ്യ വനിതയെ ചന്ദ്രനില്‍ എത്തിക്കുകയും ചെയ്യുക എന്നതാണ് ആര്‍ട്ടെമിസിന്റെ പ്രധാനദൗത്യം. ഈ ദൗത്യത്തിനു കീഴില്‍ ചന്ദ്രനിലേക്കു മനുഷ്യന്‍ വീണ്ടുമെത്തുന്നതിന് ഒരുപാട് പ്രത്യേകതകളും ഉണ്ട്. ഇതുവരെ ആരും കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരിക്കും നാസയുടെ ഗവേഷകര്‍ പര്യവേഷണം നടത്തുക.
മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിച്ച നാസയുടെ ചാന്ദ്ര ദൗത്യത്തിന് ഗ്രീക്ക് പുരാണത്തിലെ ദേവനായ അപ്പോളോയുടെ പേരായിരുന്നു. അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയാണ് ആര്‍ട്ടെമിസ്.
1969 ജൂലായ് 16നാണ് അപ്പോളോ 11 ആദ്യമായി മനുഷ്യരെയും വഹിച്ച് ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്നത്. മനുഷ്യരെയും വഹിച്ചുള്ള അവസാന ചാന്ദ്ര ദൗത്യമായ അപ്പോളോ 17 സംഭവിച്ചത് 1972 ഡിസംബര്‍ ഏഴിനായിരുന്നു. ഇതിനിടെ ആറ് തവണയായി 12 പുരുഷന്മാര്‍ ചന്ദ്രനില്‍ പോയി. പിന്നീട് 48 വര്‍ഷം നീണ്ട ഇടവേളക്കുശേഷം ഇപ്പോഴാണ് നാസ ചന്ദ്രനിലേക്കുള്ള മനുഷ്യയാത്ര പുനഃരാരംഭിക്കുന്നത്.
ആര്‍ട്ടെമിസ് മൂണ്‍ പ്രോഗ്രാമിനെതിരേ ഉയര്‍ന്ന നിയമപരമായ വെല്ലുവിളികളും പദ്ധതി വൈകാന്‍ കാരണമായി. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്‍ വികസിപ്പിച്ച ലൂണാര്‍ ലാന്റര്‍ ഉള്‍പ്പെടെ നാസ തിരഞ്ഞെടുക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പദ്ധതിക്ക് വേണ്ടിയുള്ള ഫണ്ട് യുഎസ് കോണ്‍ഗ്രസ് വെട്ടിക്കുറച്ചതോടെ സ്‌പേസ് എക്‌സിന്റെ ലൂണാര്‍ ലാന്റര്‍ മാത്രം തെരഞ്ഞെടുക്കേണ്ടിവന്നു.
എന്നാല്‍ ഇതിനെതിരെ ബ്ലൂ ഒറിജിന്‍ യുഎസ് ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസിനെ (ജിഎഒ) സമീപിച്ചതോടെ ലൂണാര്‍ ലാന്റര്‍ കരാര്‍ 95 ദിവസം വൈകി. എന്നാല്‍ ബ്ലൂ ഒറിജിന്റെ പരാതി ജിഎഒ തള്ളി. തെരഞ്ഞെടുക്കാനും തെരഞ്ഞെടുക്കാതിരിക്കാനും നാസയ്ക്ക് അവകാശമുണ്ടെന്നു ജിഎഒ പറഞ്ഞു.
ഈ കേസില്‍ യു.എസ് കോര്‍ട്ട് ഓഫ് ഫെഡറല്‍ ക്ലെയിംസ് നാസയ്ക്ക് അനുകൂലമായാണ് വിധി പറഞ്ഞത്. ഇതോടെ നാസയ്ക്ക് വേണ്ടി ലാന്‍ഡര്‍ വികസിപ്പിക്കാനുള്ള ബ്ലൂ ഒറിജിന്റെ ശ്രമം ഉപേക്ഷിച്ചു.
ഈ കോടതി വ്യവഹാരങ്ങളും മറ്റ് ഘടകങ്ങളും കാരണം മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള പദ്ധതി വൈകുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ സ്ഥിരീകരിച്ചു. കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം സ്‌പേസ് എക്‌സുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചുവെന്നും വ്യക്തമാക്കി.
ആദ്യം ആളില്ലാ പരീക്ഷണവും പിന്നീട് ആര്‍ട്ടെമിസ് 2 എന്ന പേരില്‍ മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണവും നടക്കും. ഇതില്‍ സഞ്ചാരികള്‍ ചന്ദ്രനരികിലൂടെ പറക്കും. 930 കോടി ഡോളറാണ് ഒറിയോണ്‍ പേടകത്തിനുള്ള ചെലവ്. ഇതിന് ശേഷമാണ് ചന്ദ്രനിലിറങ്ങുന്നതിനുള്ള ശ്രമം. പത്ത് തവണയെങ്കിലും ഗവേഷകരെ ചന്ദ്രനിലിറക്കാനാണ് നാസ ഉദ്ദേശിക്കുന്നത്.
ചൊവ്വാ ദൗത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയത്ത് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടമാണ് മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ അയയ്ക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത്. ട്രംപ് ഭരണകൂടത്തില്‍ നിന്നും ചാന്ദ്ര പദ്ധതിക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ പുതിയ ബൈഡന്‍ ഭരണകൂടം അധികാരമേറ്റതോടെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി. പദ്ധതിക്കു വേണ്ടിയുള്ള ഫണ്ടിങ് കുറഞ്ഞത് അതിന്റെ ഭാഗമായാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.