ഓസ്‌ട്രേലിയയിലെ കിന്റര്‍ഗാര്‍ട്ടനില്‍ ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ

ഓസ്‌ട്രേലിയയിലെ കിന്റര്‍ഗാര്‍ട്ടനില്‍ ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ കിന്റര്‍ഗാര്‍ട്ടനില്‍ ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ പിഞ്ചുകുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ. ക്വീന്‍സ്‌ലന്‍ഡിലെ പേരു വെളിപ്പെടുത്താത്ത ഒരു കിന്റര്‍ഗാര്‍ട്ടനില്‍ അടുത്തിടെയാണു സംഭവം. ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടി ആരോഗ്യനില വീണ്ടെടുത്തു. കുട്ടിയുടെ മാതാപിതാക്കളാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ദേശീയതലത്തില്‍ ഓരോ ആഴ്ചയും ഇരുപതോളം കുട്ടികള്‍ ബട്ടണ്‍ ബാറ്ററി വിഴുങ്ങി ആശുപത്രികളില്‍ ചെല്ലുന്നതായാണു കണക്ക്. ബട്ടണ്‍ ബാറ്ററികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ചെറിയ കുട്ടികള്‍ക്ക് അവ അപ്രാപ്യമാക്കുന്നതിനും അടിയന്തര ഇടപെടല്‍ സര്‍ക്കാരില്‍നിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.


കുട്ടിയുടെ എക്‌സ്‌റേയില്‍ കണ്ടെത്തിയ ബട്ടണ്‍ ബാറ്ററി

ബട്ടണ്‍ ബാറ്ററികള്‍ കുട്ടികളില്‍ വലിയ ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ബാറ്ററികള്‍ വിഴുങ്ങുമ്പോള്‍ ആന്തരികമായി പൊള്ളലേല്‍ക്കുന്നു. ഇത് മരണത്തിലേക്കോ അല്ലെങ്കില്‍ ജീവിതകാലം മുഴുവനുമുള്ള പരുക്കിലേക്കോ നയിക്കുന്നു. കിന്റര്‍ഗാര്‍ട്ടനില്‍ വച്ച് ബാറ്ററി വിഴുങ്ങിയ കുട്ടിക്ക് ഏറെ നാള്‍ ആശുപത്രി വാസം വേണ്ടിവന്നു.

ഈ വര്‍ഷം ആദ്യം ബട്ടണ്‍ ബാറ്ററികള്‍ക്കും അവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത്തരത്തില്‍ ഓസ്‌ട്രേലിയയില്‍ നിയമം കൊണ്ടുവന്നാല്‍ അതു ലോകത്തുതന്നെ ആദ്യമാണ്.

കിന്റര്‍ഗാര്‍ട്ടനുകളിലും ശിശുസംരക്ഷണ കേന്ദ്രങ്ങളിലും ബട്ടണ്‍ ബാറ്ററികളുടെ സാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ക്വീന്‍സ് ലാന്‍ഡിലെ ശിശുസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് കെയര്‍ ആന്‍ഡ് കിന്റര്‍ഗാര്‍ട്ടന്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ കൂട്ടായ്മയ്ക്കു കീഴിലുള്ള സ്ഥാപനത്തിലാണ് സംഭവം നടന്നത്.



സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്വീന്‍സ്ലാന്‍ഡ് വര്‍ക്ക്പ്ലേസ് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റിയുമായും വിദ്യാഭ്യാസ വകുപ്പുമായും പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് സി ആന്‍ഡ് കെ കിന്റര്‍ഗാര്‍ട്ടന്‍ അസോസിയേഷന്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് വിശദീകരിച്ച് എല്ലാ മാതാപിതാക്കള്‍ക്കും അസോസിയേഷന്‍ ഇ-മെയില്‍ അയച്ചു. മാതാപിതാക്കള്‍ സ്വീകരിക്കേണ്ട മുന്‍കരുതലിനെക്കുറിച്ചും കത്തില്‍ പറയുന്നുണ്ട്.

കിന്റര്‍ഗാര്‍ട്ടനുകളിലെ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കാണ് അസോസിയേഷന്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഇ-മെയിലില്‍ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് സാന്ദ്ര ചീസ്മാന്‍ കത്തില്‍ പറയുന്നു.

ബട്ടന്‍ ബാറ്ററികള്‍ തീരെച്ചെറുതായതിനാല്‍ കുട്ടികള്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്നും അവ അറിയാതെ ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.

കുട്ടിയുടെ വസ്ത്രത്തിലെ പോക്കറ്റുകള്‍, ബാഗുകള്‍, ഷീറ്റുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയിലൊക്കെ കുടുങ്ങി ബട്ടന്‍ ബാറ്ററികള്‍ കേന്ദ്രത്തില്‍ എത്തിപ്പെടുന്നില്ലെന്ന് എല്ലാ മാതാപിതാക്കളും ഉറപ്പാക്കാണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തുടനീളം 330 കിന്റര്‍ഗാര്‍ട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും അസോസിയേഷനു കീഴിലുള്ളത്. സി & കെ സെന്ററുകളില്‍ വരുന്ന എല്ലാ കുട്ടികളുടെയും സുരക്ഷയ്ക്കും ആരോഗ്യത്തിനും തങ്ങള്‍ വലിയ പ്രാധാന്യമാണു നല്‍കുന്നത്. ഞങ്ങളുടെ പരിചരണത്തിലുള്ള ഒരു കുഞ്ഞിന് ഇത്തരമൊരു അപകടം സംഭവിച്ചതില്‍ വലിയ ദുഃഖമുണ്ടെന്നും സാന്ദ്ര ചീസ്മാന്‍ പറഞ്ഞു.

കളിപ്പാട്ടങ്ങളിലെ ബട്ടണ്‍ ബാറ്ററികള്‍ ശരീരത്തിന് ഉള്ളിലെത്തി കുട്ടികള്‍ക്ക് അപകടം സംഭവിക്കാനുള്ള സാധ്യതകള്‍ വളരെ വലുതാണ്. കാണുന്നതെന്തും ഉള്ളിലാക്കുന്ന കുട്ടികളുടെ കൗതുകം അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

2013 മുതല്‍ മൂന്ന് ഓസ്ട്രേലിയന്‍ കുട്ടികള്‍ ബട്ടന്‍ ബാറ്ററികള്‍ വിഴുങ്ങി മരിച്ചിട്ടുണ്ട്. അതില്‍ കഴിഞ്ഞ വര്‍ഷം ക്വീന്‍സ്ലന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ മരിച്ച മൂന്ന് വയസുകാരിയും ഉള്‍പ്പെടുന്നു. ബാറ്ററി വിഴുങ്ങി മൂന്ന് ആഴ്ചകള്‍ക്കുശേഷമാണ് കുട്ടി മരിക്കുന്നത്. ലോകമെമ്പാടുമുള്ള കണക്കുകള്‍ ഇതിലും കൂടുതലായിരിക്കുമെന്നു കിഡ്സേഫ് ക്വീന്‍സ്ലാന്റിന്റെ സിഇഒ സൂസന്‍ ടീര്‍ഡ്സ് പറയുന്നു. ഇത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്. മുതിര്‍ന്നവര്‍ ബട്ടണ്‍ ബാറ്ററി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിലും അത് ഉപേക്ഷിക്കുന്നതിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് സൂസന്‍ പറഞ്ഞു.

ബട്ടണ്‍ ബാറ്ററികള്‍ ലോകം മുഴുവനുമുണ്ട്. കുട്ടികള്‍ക്കുള്ള നിരവധി ഉല്‍പ്പന്നങ്ങളിലാണ് ഈ കുഞ്ഞന്‍ ബാറ്ററികള്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ ഷൂകളില്‍, വസ്ത്രങ്ങളില്‍, പ്ലാസ്റ്റിക് മെഴുകുതിരികളില്‍, എന്തിനേറെ മുടിയില്‍ കുത്തുന്ന മിനുങ്ങുന്ന പിന്നുകളില്‍ പോലും ഈ മെര്‍ക്കുറി ബാറ്ററിയുണ്ട്. ഇത്തരം ബാറ്ററികള്‍ എളുപ്പം കളിപ്പാട്ടത്തില്‍നിന്നു വേര്‍പെട്ടു പോരും.

ബാറ്ററിമൂലം ചര്‍മത്തിനു തകരാര്‍ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ബട്ടണ്‍ ബാറ്ററി തുടര്‍ച്ചയായി കുറച്ചു സമയം ശരീരത്തില്‍ സ്പര്‍ശിച്ചിരുന്നാല്‍ ആ ഭാഗത്തെ കോശത്തെ കരിച്ചു കളയും. ഒരു ഭാഗത്തു പൊള്ളലേറ്റ ശേഷം ബാറ്ററി നീക്കം ചെയ്താലും വിഷാംശം ആ ഭാഗത്തു നിലനില്‍ക്കും. ബാറ്ററി അവിടെ ഇരിക്കുന്നിടത്തോളം സമയം പൊള്ളലേറ്റ കോശത്തിനു സമീപമുള്ള കോശങ്ങളും ദ്രവിച്ചുപോകും.

അതുകൊണ്ടുതന്നെ അന്നനാളത്തില്‍ ഇവ കുടുങ്ങിയാല്‍ ദ്വാരം രൂപപ്പെടാനും സാധ്യതയുണ്ട്. സീരിയസ് കേസുകള്‍ക്കു സര്‍ജറി മാത്രമാണു പോംവഴി.

ബട്ടണ്‍ ബാറ്ററി സാന്നിധ്യം കണ്ടെത്താന്‍ വൈകിയാല്‍ മരണം വരെ സംഭവിച്ചേക്കാം. സ്വാഭാവികമായി ഉണ്ടാകുന്ന പൊള്ളലും കോശങ്ങള്‍ ദ്രവിക്കുന്നതും അപകടകരമാകാന്‍ ഏറെനേരം വേണ്ടിവരില്ല. രാസവസ്തു എവിടെയാണു പരക്കുന്നത് എന്നതനുസരിച്ചാവും അപകടത്തിന്റെ തീവ്രത. ചൈനീസ് കളിപ്പാട്ടങ്ങളില്‍ പെയിന്റ് എന്ന വിഷത്തേക്കാള്‍ ഉപരിയാണു ബാറ്ററി സൃഷ്ടിക്കുന്ന അപകടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.