തിരുവനന്തപുരം: മുല്ലപെരിയാറില്‍ ബേബി ഡാമിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ രേഖകള്‍ പുറത്ത്. ജൂലൈ 13 നാണ് വനം വകുപ്പിനോട് ജലവിഭവ സെക്രട്ടറി മരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കാന്‍ ഉത്തരവിലൂടെ നിര്‍ദേശിച്ചത്. 2020 സെപ്റ്റംബര്‍ മൂന്നിന് ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് പബ്ലിക്ക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അയച്ച കത്തും ഉത്തരവിനൊപ്പം നല്‍കി.
ബേബി ഡാമിനോടു ചേര്‍ന്ന മരങ്ങള്‍ മുറിക്കാന്‍ സുപ്രീം കോടതി വിധി അനുസരിച്ചും നിലവിലെ നിയമങ്ങള്‍ അനുസരിച്ചും നടപടിയെടുക്കണമെന്നും വിശദമായ നടപടി റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്നും ജലവിഭവ സെക്രട്ടറിക്കുവേണ്ടി അണ്ടര്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നും ജലവിഭവ സെക്രട്ടറി ഉത്തരവിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് നല്‍കി. ഈ ഉത്തരവുകളുടെ കൂടി അടിസ്ഥാനത്തിലാണ് മരം മുറിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് അനുമതി നല്‍കിയത്. ഇക്കാര്യം ജലവിഭവ സെക്രട്ടറിയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
ഇതിനിടെ മുല്ലപ്പെരിയാറില്‍ തമിഴ്നാടിന് മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്നതിന് വനം സെക്രട്ടറിയും ഇടപെട്ടതിന് തെളിവ് പുറത്തു വന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് വനം സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പാണ് പുറത്തായത്. ഈ കത്തില്‍ നടപടിയെടുക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് വനം സെക്രട്ടറി വീണ്ടും കത്തു നല്‍കി.
2020 ഒക്ടോബര്‍ 19 നാണ് ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സംസ്ഥാനത്തെ ഉന്നതരായ നാല് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ കത്ത് നല്‍കുന്നത്. മുഖ്യ വനപാലകന്‍, ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഫോറസ്റ്റ് മോനേജ്മെന്റ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്.
ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആ ഭാഗത്ത മരങ്ങള്‍ മുറിച്ചു നീക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെന്നും ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.
സസ്‌പെന്‍ഷനു മുന്നോടിയായി ബെന്നിച്ചന്‍ സര്‍ക്കാരിനു നല്‍കിയ വിശദീകരണത്തില്‍ സര്‍ക്കാര്‍ ഉത്തരവുകളുടെ കാര്യം വ്യക്തമാക്കുന്നുണ്ട്. കത്തുകളുടെ നമ്പരും നല്‍കി. ജലവിഭവ സെക്രട്ടറി മൂന്നു യോഗങ്ങള്‍ വിളിച്ചതായും അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്നുമാണ് ബെന്നിച്ചന്റെ വിശദീകരണം.
മരം മുറിക്കാന്‍ അനുമതി നല്‍കിയെങ്കിലും ഡാമിലേക്കുള്ള റോഡ് നിര്‍മാണത്തിന് അനുമതി നല്‍കാത്തതിനാല്‍ ഡാം ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കാന്‍ തമിഴ്‌നാടിനു കഴിയില്ലെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.