കൊടകര കുഴല്‍പ്പണകേസില്‍ ഇഡി അന്വേഷണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊടകര കുഴല്‍പ്പണകേസില്‍ ഇഡി അന്വേഷണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കൊടകര കുഴല്‍പ്പണ കേസിലെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് പരിഗണിക്കുന്നത്. ജനതാദള്‍ നേതാവ് സലീം മടവൂര്‍ ആണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ മൂന്ന് വട്ടം ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടു വന്ന പണമാണ് കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് എന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ എഎസ്ജിയ്ക്ക് ഹാജരാകാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. ഇഡിക്ക് മറുപടി നല്‍കാന്‍ നാലു തവണ സമയം നീട്ടി നല്‍കിയതായി ഹര്‍ജിക്കാരനായ സലീം മടവൂരിന്റെ അഭിഭാഷകന്‍ അന്ന് ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുത്താണ് മറുപടി നല്‍കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.

നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന കള്ളപ്പണമാണ് കൊടകരയില്‍ പിടികൂടിയതെന്നും കേസ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ലോക് താന്ത്രിക് നേതാവ് സലീം മടവൂര്‍ കോടതിയെ സമീപിച്ചത്.

കേസില്‍ കൂടുതല്‍ പണം അന്വേഷണ സംഘം കഴിഞ്ഞ മാസം കണ്ടെടുത്തിരുന്നു. പ്രതികളില്‍ ഒരാളായ ദീപ്തിയുടെ സുഹൃത്ത് ഷിന്റോയുടെ ചാലക്കുടിയിലെ വീട്ടില്‍ നിന്നാണ് 1 40,000 രൂപ കഴിഞ്ഞ മാസം ആറിന് കണ്ടെടുത്തത്. മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയാണ് ദീപ്തി. ദീപ്തിയുടെ മൊഴി പ്രകാരമാണ് ഇവിടെ പരിശോധന നടത്തിയത്.

മൂന്നര കോടി കവര്‍ന്ന കേസില്‍ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപയാണ്. ബാക്കി കവര്‍ച്ചാ പണം കണ്ടെത്താനാണ് കുറ്റപത്രം സമര്‍പ്പിച്ച ശേഷം കേസില്‍ തുടര്‍ അന്വേഷണം തുടങ്ങിയത്. കേസിലെ 22 പ്രതികളെയും ഓരോ ദിവസമായി വിളിച്ചു വരുത്തി ചോദ്യം ചെയ്ത് വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.