പെട്രോള്‍-ഡീസല്‍ കാറുകളുടെ നിര്‍മാണം 2040-ല്‍ പൂര്‍ണമായും അവസാനിപ്പിക്കാനൊരുങ്ങി പ്രമുഖ കമ്പനികള്‍

പെട്രോള്‍-ഡീസല്‍ കാറുകളുടെ നിര്‍മാണം 2040-ല്‍ പൂര്‍ണമായും അവസാനിപ്പിക്കാനൊരുങ്ങി പ്രമുഖ കമ്പനികള്‍

സിഡ്‌നി: പ്രകൃതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് പെട്രോള്‍-ഡീസല്‍ കാറുകളുടെ ഉല്‍പാദനം 2040-ല്‍ അവസാനിപ്പിക്കാനൊരുങ്ങി പ്രമുഖ കാര്‍ നിര്‍മാതാക്കള്‍. അടുത്തിടെ ഗ്ലാസ്ഗോയില്‍ അവസാനിച്ച യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയിലാണ് ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ യുഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന ഉറപ്പ് കാര്‍ നിര്‍മാതാക്കള്‍ നല്‍കിയത്.

കാനഡ, ന്യൂസിലന്‍ഡ്, നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, യുകെ എന്നിവ ഉള്‍പ്പെടെ ഇരുപത്തിനാല് രാജ്യങ്ങള്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന 2030-ല്‍ നിരോധിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒരു കൂട്ടം മുന്‍നിര കാര്‍ നിര്‍മ്മാതാക്കളും ഭാവിയില്‍ സീറോ എമിഷന്‍ വാഹനങ്ങള്‍ മാത്രം വില്‍ക്കാനുള്ള തീരുമാനമെടുത്തത്. ഫോര്‍ഡ്, മെഴ്സിഡസ്, വോള്‍വോ, മെഴ്സിഡസ് ബെന്‍സ് എന്നീ കാര്‍ നിര്‍മ്മാതാക്കളാണ് 2035-ല്‍ ലക്ഷ്യം കൈവരിക്കാനുള്ള കരാറില്‍ ഒപ്പിട്ടത്.

ബിഎംഡബ്ല്യു, ഫോക്‌സ്വാഗന്‍, ടൊയോട്ട എന്നീ വാഹന നിര്‍മാതാക്കള്‍ കരാറില്‍ ഒപ്പുവെച്ചിട്ടില്ല. അതേസമയം കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന ഉറപ്പ് കാര്‍ നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്.

ഇലക്ട്രിക്കിലേക്ക് പൂര്‍ണമായും മാറുന്ന കാര്‍ ബ്രാന്‍ഡുകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.

ജാഗ്വാര്‍
ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ ജാഗ്വാര്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചത് 2025 മുതല്‍ പൂര്‍ണമായും ഇലക്ട്രിക്കായി മാറുമെന്നാണ്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ ബ്രാന്‍ഡായ ലാന്‍ഡ് റോവര്‍ 2039 ഓടെ ഇലക്ട്രിക് ആയി മാറുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ആദ്യത്തെ ഓള്‍-ഇലക്ട്രിക് ലാന്‍ഡ് റോവര്‍ മോഡല്‍ 2024-ല്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.

ഓഡി
2026 മുതല്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഓഡി പുറത്തിറക്കുന്ന എല്ലാ പുതിയ മോഡലുകളും ബാറ്ററിയില്‍ പ്രവര്‍ത്തിക്കും.

അതേസമയം 2026-ന് മുമ്പ് പുറത്തിറക്കിയ പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് കാറുകള്‍ 2030-കളുടെ തുടക്കം വരെ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 2033 ഓടെ പെട്രോള്‍, ഡീസല്‍ കാറുകളുടെ നിര്‍മാണം നിര്‍ത്തും.

ആല്‍ഫ റോമിയോ
ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ആല്‍ഫ റോമിയോ 2027 മുതല്‍ യൂറോപ്പ്, വടക്കേ അമേരിക്ക, ചൈന എന്നിവിടങ്ങളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ മാത്രമായിരിക്കും വില്‍ക്കുകയെന്ന് പ്രഖ്യാപിച്ചിരുന്നു.

ജീപ്പ്, ഫിയറ്റ്, പ്യൂഷോ, ക്രിസ്ലര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ നാലാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ സ്റ്റെല്ലാന്റിസിന്റെ അനുബന്ധ സ്ഥാപനമാണ് ആല്‍ഫ റോമിയോ.

സ്റ്റെല്ലാന്റിസ് കമ്പനി ഇലക്ട്രിക് വാഹനങ്ങളില്‍ 47 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

റോള്‍സ് റോയ്സ്
ആഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്സ് 2030 ഓടെ ഇലക്ട്രിക് കാറുകള്‍ മാത്രമായിരിക്കും ഉല്‍പാദിപ്പിക്കുകയെന്ന് സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു. ബിഎംഡബ്ല്യു ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് 2023 അവസാനത്തോടെ 'സ്പെക്ടര്‍' എന്ന് പേരിട്ടിരിക്കുന്ന ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ പുറത്തിറക്കും.

2030 ആകുമ്പോഴേക്കും റോള്‍സ്-റോയ്സ് ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉല്‍പാദനം അവസാനിപ്പിക്കുമെന്നു ചീഫ് എക്‌സിക്യൂട്ടീവ് ടോര്‍സ്റ്റണ്‍ മുള്ളര്‍-ഒത്വോസ് പറഞ്ഞു.

മിനി
ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ബ്രാന്‍ഡായ മിനി, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ നിര്‍മ്മിക്കൂ. പെട്രോള്‍-ഡീസണ്‍ ശ്രേണിയിലെ അവസാന മോഡല്‍ 2025 ല്‍ പുറത്തിറങ്ങും.



വോള്‍വോ
2030 ഓടെ പൂര്‍ണമായും ഇലക്ട്രിക് കാറുകള്‍ മാത്രം നിര്‍മ്മിക്കാനാണ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ ഉദ്ദേശിക്കുന്നത്. 2025-ല്‍, ആഗോളതലത്തില്‍ വില്‍ക്കുന്ന കാറുകളുടെ 50 ശതമാനം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയും 50 ശതമാനം ഹൈബ്രിഡുമാക്കാനാണ് ലക്ഷ്യമിടുന്നത്.

ബെന്റ്‌ലി
ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ നിര്‍മാതാക്കളായ ബെന്റ്ലി 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക് ആകുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനം 2025-ല്‍ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പറയുന്നത്.

ഹൈബ്രിഡുകളായി രണ്ട് മോഡലുകള്‍ ഇതിനകം ലഭ്യമാണ്. 2026-ഓടെ പെട്രോള്‍-ഡീസല്‍ കാറുകള്‍ ഒഴിവാക്കി ഹൈബ്രിഡുകളും ഇലക്ട്രിക് കാറുകളും മാത്രമായിരിക്കും വിപണിയില്‍ അവതരിപ്പിക്കുക.

മെഴ്സിഡസ്-ബെന്‍സ്
ഡെയ്മ്ലറിന്റെ ഉടമസ്ഥതയിലുള്ള മെഴ്സിഡസ്-ബെന്‍സ് ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ സമ്പൂര്‍ണ-ഇലക്ട്രിക് ആകാനുള്ള ശ്രമത്തിലാണ്. 2025-ല്‍ ആഗോളതലത്തിലുള്ള കാര്‍ വില്‍പ്പനയുടെ 50 ശതമാനം ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും പ്ലഗ്-ഇന്‍ ഹൈബ്രിഡുകളുമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഫിയറ്റ്
സ്റ്റെല്ലാന്റിസിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫിയറ്റ് ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇലക്ട്രിക്ക് മാത്രമായി മാറാനുള്ള ശ്രമത്തിലാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഒലിവിയര്‍ ഫ്രാന്‍സ്വാ അറിയിച്ചു.

ഫോര്‍ഡ്
2030-ഓടെ യൂറോപ്പിലെ തങ്ങളുടെ കാറുകള്‍ പൂര്‍ണമായും ഇലക്ട്രിക് ആകുമെന്നാണ് അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡിന്റെ പ്രഖ്യാപനം. അതേ വര്‍ഷം തന്നെ ആഗോള വില്‍പ്പനയുടെ 40 മുതല്‍ 50 ശതമാനം വരെ ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഫോര്‍ഡ് മോട്ടോറും കൊറിയന്‍ ബാറ്ററി നിര്‍മാതാക്കളായ എസ്‌കെ ഇന്നൊവേഷന്‍നും ചേര്‍ന്ന് 2025-ല്‍ യുഎസില്‍ ഇലക്ട്രിക് അസംബ്ലി പ്ലാന്റും മൂന്ന് ബാറ്ററി പ്ലാന്റുകളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

11.6 ബില്യണ്‍ ഡോളറാണ് ഇതിനായി നിക്ഷേപിക്കാനൊരുങ്ങുന്നത്. ഫോര്‍ഡിന്റെ 118 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപമാണിത്.



റെനോ
2030 ഓടെ തങ്ങളുടെ 90 ശതമാനം കാറുകളും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ അറിയിച്ചു. അതേസമയം, 2035-ല്‍ ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുന്നതിനുള്ള യൂറോപ്യന്‍ കമ്മിഷന്‍ നിര്‍ദേശത്തിനെതിരെ കമ്പനി പിന്നോട്ട് പോകുന്നതായും റിപ്പോര്‍ട്ടുണ്ട്.

നിസാന്‍
2030-കളുടെ തുടക്കത്തില്‍ ജപ്പാന്‍, ചൈന, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ വിപണികളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും ലഭ്യമാകുകയെന്ന് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‍ പറഞ്ഞു. 2050-ല്‍ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ലക്ഷ്യം കൈവരിക്കാനും നിശ്ചയിച്ചിട്ടുണ്ട്.

ഫോക്സ്വാഗണ്‍
ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍, 2035 ഓടെ യൂറോപ്പില്‍ ബാറ്ററി ഇലക്ട്രിക് കാറുകള്‍ മാത്രമേ വില്‍ക്കൂ. അതിനുശേഷം അമേരിക്കയിലും ചൈനയിലും പെട്രോള്‍, ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ജനറല്‍ മോട്ടോഴ്‌സ്
ജനറല്‍ മോട്ടോഴ്സ് 2035-ഓടെ സീറോ എമിഷന്‍ കാറുകള്‍ മാത്രമായിരിക്കും വില്‍ക്കുക. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 35 ബില്യണ്‍ യുഎസ് ഡോളറാണ് കമ്പനി നിക്ഷേപിക്കുന്നത്.

ഹോണ്ട
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട 2040-ഓടെ വടക്കേ അമേരിക്ക, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം വിപണിയിലിറക്കാനാണ് ലക്ഷ്യമിടുന്നത്. 2030-ഓടെ വില്‍പ്പനയുടെ 40 ശതമാനവും 2035-ല്‍ 80 ശതമാനവും ഇലക്ട്രിക് കാറുകളും ഹൈഡ്രജന്‍ കാറുകളും ആയിരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്

ഹ്യൂണ്ടായ്
2040-ല്‍ പൂര്‍ണമായും ഇലക്ട്രിക് കാറുകള്‍ മാത്രമാക്കാനാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ് ലക്ഷ്യമിടുന്നത്. അമേരിക്കയിലും യൂറോപ്പിലും ചൈനയിലും തങ്ങളുടെ ബാറ്ററി കാറുകള്‍ ക്രമേണ വ്യാപകമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്നറിയപ്പെടുന്ന ഹൈഡ്രജന്‍ കാറുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹ്യൂണ്ടായിയുടെ പദ്ധതി. 2028 ഓടെ എല്ലാ കാര്‍ മോഡലുകളിലും ഫ്യൂവല്‍ സെല്‍ സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ കാര്‍ നിര്‍മ്മാതാക്കളായി മാറുമെന്നാണ് ഹ്യുണ്ടായുടെ അവകാശവാദം.

ടൊയോട്ട
18 വര്‍ഷമായി ഓസ്ട്രേലിയയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ ബ്രാന്‍ഡാണ് ടൊയോട്ട. 2050-ഓടെ ഈ ജാപ്പനീസ് കമ്പനിയുടെ കാറുകള്‍ സീറോ എമിഷന്‍ ആക്കുമെന്നാണ് പ്രഖ്യാപനം. ബാറ്ററി ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ ഹൈഡ്രജന്‍ കാറുകള്‍ വികസിപ്പിക്കാനാണ് ടൊയോട്ടയുടെ പദ്ധതി.

കരാറില്‍ ഒപ്പുവയ്ക്കാതെ ഈ രാജ്യങ്ങള്‍

ആഗോള കാര്‍ വ്യവസായത്തിലെ ഭീമന്‍മാരായ യുഎസും ചൈനയും ജര്‍മ്മനിയും കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതും ശ്രദ്ധേയമായി. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് പല രാജ്യങ്ങളെയും കരാറില്‍ ഒപ്പുവയ്ക്കുന്നതില്‍നിന്ന് പിന്നോട്ടു വലിക്കുന്നത്.

അതേസമയം കരാറില്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ തങ്ങള്‍ പ്രകൃതിക്കു വേണ്ടി അണിനിരക്കുമെന്ന നയം വ്യക്തമാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്ക്, ലണ്ടന്‍, ബാഴ്സലോണ, ഓസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി തുടങ്ങിയ നഗരങ്ങളും പ്രാദേശിക സര്‍ക്കാരുകളുമാണ് ഈ ഉദ്യമത്തില്‍ അണിചേരുന്നത്.

ഇന്ത്യയും കെനിയയും ഉള്‍പ്പെടെയുള്ള ഒരു കൂട്ടം രാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിനായി തീവ്രമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.



ആഗോളതാപനത്തിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലില്‍ അഞ്ചിലൊന്ന് പങ്കു വഹിക്കുന്നത് വാഹന ഗതാഗതമാണ്. ആഗോള താപനം ലഘൂകരിക്കാന്‍ ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യത രാജ്യങ്ങളും വാഹന നിര്‍മാതാക്കളും തിരിച്ചറിയുന്നുണ്ട്. പരിസ്ഥിതി മലിനീകരണമില്ലാത്ത റോഡ് ഗതാഗതത്തിലേക്കുള്ള ചുവടുവയ്പ്പായാണ് ഈ നീക്കത്തെ ലോകം കാണുന്നത്.

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ പൂര്‍ണ്ണമായും പൂജ്യത്തിലേക്ക് എത്തിക്കാന്‍ കഴിയുമോ എന്നതില്‍ ഉറപ്പില്ലെങ്കിലും അന്തരീക്ഷത്തിന് താങ്ങാന്‍ കഴിയുന്ന തുലനാവസ്ഥയിലേക്ക് എത്തിക്കാനാണ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതിനായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാന്‍ സമയമായെന്ന് രാജ്യങ്ങള്‍ തിരിച്ചറിയുന്നു.

മലിനീകരണം കുറയ്ക്കാന്‍ കാറുകള്‍ ഒഴിവാക്കി സൈക്കിള്‍ ചവിട്ടാനും ആരോഗ്യകരമായ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനും സര്‍ക്കാരുകള്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉച്ചകോടിയില്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതിനായി രാജ്യങ്ങള്‍ പൊതുഗതാഗത രംഗത്ത് മികച്ച നിക്ഷേപം നടത്താനും ആവശ്യമുയരുന്നുണ്ട്.

ഭാവി ഇലക്ട്രിക് വാഹനങ്ങളുടേതാണെന്ന് ഉറപ്പായതോടെ ഈ രംഗത്ത് ബഹുരാഷ്ട്ര കമ്പനികള്‍ തമ്മിലുള്ള മത്സരവും കടുക്കുകയാണ്. ഇലക്ട്രിക് കാറുകളുടെയും അവയുടെ ബാറ്ററികളുടെയും ഉയര്‍ന്ന നിര്‍മ്മാണച്ചെലവ് മൂലം ആഡംബര ബ്രാന്‍ഡുകളാണ് മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. എങ്കിലും മുഖ്യധാരാ മോഡലുകള്‍ വില്‍ക്കുന്ന കമ്പനികളും വരും ദശകങ്ങളില്‍ ആവശ്യമായ വൈദ്യുതി കാര്‍ ഉല്‍പാദനത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.