മിസൈല്‍ പ്രയോഗത്തിലൂടെ സ്വന്തം ബഹിരാകാശ ഉപഗ്രഹം തകര്‍ത്ത് റഷ്യ ; ഛിന്ന മാലിന്യങ്ങള്‍ വന്‍ ഭീഷണിയെന്ന് യു.എസ്

 മിസൈല്‍ പ്രയോഗത്തിലൂടെ സ്വന്തം ബഹിരാകാശ ഉപഗ്രഹം തകര്‍ത്ത് റഷ്യ ; ഛിന്ന മാലിന്യങ്ങള്‍ വന്‍ ഭീഷണിയെന്ന് യു.എസ്

വാഷിങ്ടണ്‍ ഡി.സി: ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ച് ബഹിരാകാശത്തെ സ്വന്തം ഉപഗ്രഹത്തെ തകര്‍ത്ത് റഷ്യ നടത്തിയ പരീക്ഷണം വിജയകരം. അതേസമയം, വന്‍തോതില്‍ ബഹിരാകാശ മാലിന്യങ്ങള്‍ ചിതറിച്ച ഈ പ്രക്രിയ അപക്വവും അപകടകരവുമായ പ്രവൃത്തിയാണെന്ന് യു.എസ് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (International Space Station) സഞ്ചാരികള്‍ക്കു കനത്ത ഭീഷണി ഉയര്‍ത്തി റഷ്യയുടെ നടപടിയെന്ന് നാസ ആരോപിച്ചു.

ബഹിരാകാശ മേഖലയില്‍ എല്ലാ രാഷ്ട്രങ്ങളും അനുവര്‍ത്തിച്ച് വരുന്ന സുരക്ഷ, സ്ഥിരത, ദൃഢത എന്നിവയാണ് കോസ്‌മോസ് 1408 ഉപഗ്രഹത്തെ തരിപ്പണമാക്കിയതിലൂടെ റഷ്യ തകര്‍ത്തതെന്ന് യു.എസ് ആരോപിച്ചു.ബഹിരാകാശ പെരുമാറ്റത്തിനു കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് റഷ്യയുടെ പ്രവൃത്തി കാണിക്കുന്നതെന്നും പെന്റഗണ്‍ പ്രതികരിച്ചു.

റഷ്യ പുതുതായി സൃഷ്ടിച്ച മാലിന്യസഞ്ചയങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും (ഐ.എസ്.എസ്) വരും വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന ബഹിരാകാശ പരീക്ഷണങ്ങള്‍ക്കും കടുത്ത ഭീഷണിയാകുമെന്നു യു.എസ് ചൂണ്ടിക്കാട്ടുന്നു. സ്വന്തം മിസൈല്‍ ഉപയോഗിച്ച് റഷ്യ തകര്‍ത്ത ഉപഗ്രഹം ഏകദേശം 1500 കഷണങ്ങളായാണ് ചിതറിയതെന്നും ഇത് ഇനിയും ആയിരക്കണക്കിന് ഛിന്ന മാലിന്യങ്ങളായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ബഹിരാകാശ നിലയത്തിലെ യാത്രക്കാരെയും നാസയടക്കമുള്ള ബഹിരാകാശ ഏജന്‍സികളെയും ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ചില അവശിഷ്ടങ്ങള്‍ 90 മിനിട്ടിനുള്ളില്‍ പല തവണ നിലയത്തിനടുത്ത് കൂടി കടന്ന് പോയതായി നാസ അറിയിച്ചു.

സംഭവത്തില്‍ റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വലിയ ഭീഷണിയാകുമെന്ന യു.എസ് വാദം റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് തള്ളി. ഐ.എസ്.എസിന്റെ ഭ്രമണപഥത്തില്‍ അപകടസാധ്യതയില്ലെന്നും ഐ.എസ്.എസ് ഗ്രീന്‍ സോണിലാണെന്നും റോസ്‌കോസ്‌മോസ് ട്വീറ്റ് ചെയ്തു.അവശിഷ്ടങ്ങള്‍ നിലയവുമായി കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടാകില്ല.

കോസ്മനോട്ടുകളെയും വിറപ്പിച്ചു

നിലവില്‍ ഏഴ് സഞ്ചാരികളാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്. ഇതില്‍ നാല് പേര്‍ അമേരിക്കയുടെ ആസ്ട്രനോട്ടുകളാണ്. ജര്‍മ്മനിയില്‍ നിന്നുള്ള ഒരു സഞ്ചാരിയും രണ്ട് റഷ്യന്‍ കോസ്മനോട്ടുകളും നിലയത്തിലുണ്ട്. റഷ്യയുടെ പരീക്ഷണത്തോടനുബന്ധിച്ച് രണ്ടു മണിക്കൂറോളം സമയം ഇവര്‍ക്ക് സ്‌പേസ് ക്രാഫ്റ്റ് കാപ്‌സ്യൂളുകളില്‍ കഴിയേണ്ടിവന്നു. സന്ദിഗ്ധ ഘട്ടങ്ങളില്‍ ലൈഫ്‌ബോട്ട് പോലെ ഉപയോഗിച്ച് ഭൂമിയിലേക്കു രക്ഷപ്പെട്ടു പോരാനുള്ള സംവിധാനവുമുള്ളതാണ് സ്‌പേസ് ക്രാഫ്റ്റ് കാപ്‌സ്യൂള്‍.

റഷ്യയുടേത് ഉത്തരവാദിത്വ ബോധമോ വേണ്ടത്ര കരുതലോ ഇല്ലാത്ത നടപടിയായിപ്പോയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്് വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു. രൂക്ഷമായ ഭാഷയിലാണ് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ ജീവന്‍ അപകടത്തിലാക്കുന്ന രീതിയിലാണ് പരീക്ഷണം നടത്തിയത്. അമേരിക്കയുടെയും മറ്റ് സ്‌പേസ് സ്റ്റേഷന്‍ സഖ്യ രാജ്യങ്ങളുടെയും ബഹിരാകാശ സഞ്ചാരികളെ മാത്രമല്ല റഷ്യയുടെ സ്വന്തം കോസ്മനോട്ടുകളെയും അപകടത്തിലാക്കുന്ന നടപടിയാണ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ആരോപണം.

അഞ്ച് ബഹിരാകാശ ഏജന്‍സികള്‍ ചേര്‍ന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പരിപാലിക്കുന്നത്. അമേരിക്കയുടെ നാസ (NASA), ജപ്പാന്റെ ജാക്‌സ (JAXA), റഷ്യയുടെ റോസ്‌കോസ്‌മോസ്, കാനഡയുടെ സിഎസ്എ (CSA) എന്നിവയ്ക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സിയായ ഈസ (ESA). 1998 ലാണ് ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപിച്ചത്. 2000 നവംബര്‍ മുതല്‍ സ്ഥിരമായി നിലയത്തില്‍ മനുഷ്യവാസമുണ്ട്. ഭൂമിയില്‍ നിന്നും 330 കിലോമീറ്റര്‍ മുതല്‍ 435 കിലോമീറ്റര്‍ വരെ ഉരത്തിലുള്ള ഭ്രമണപഥത്തിലാണ് നിലയം സ്ഥിതി ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.