'ഇനിയും അകലെയാകാതിരിക്കട്ടെ ഐക്യദാര്‍ഢ്യത്തിന്റെ വാഗ്ദത്ത ഭൂമി': ഫ്രാന്‍സിസ് മാര്‍പാപ്പ

'ഇനിയും അകലെയാകാതിരിക്കട്ടെ ഐക്യദാര്‍ഢ്യത്തിന്റെ വാഗ്ദത്ത ഭൂമി': ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: ഇറ്റാലിയന്‍ ജെസ്യൂട്ട് റെഫ്യൂജി സര്‍വീസിന്റെ (ജെആര്‍എസ്) റോം ആസ്ഥാനമായുള്ള അസ്തല്ലി സെന്റര്‍ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും അനുസ്മരിച്ചു സംഘടിപ്പിച്ച ഫോട്ടോഗ്രാഫിക് പ്രദര്‍ശനം ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തു.വൈജാത്യങ്ങള്‍ അപ്രസക്തമാക്കി ഒരുമയുടെ പാലങ്ങള്‍ നിര്‍മ്മിക്കാനുതകുന്നതാകട്ടെ അസ്തല്ലി സെന്ററിന്റെ ഫോട്ടോഗ്രാഫി പ്രദര്‍ശനമെന്ന് മാര്‍പാപ്പ ആശംസിച്ചു.

ക്വിറിനല്‍ ഹില്ലിലെ സെന്റ് ആന്‍ഡ്രൂ ദൈവാലയത്തോടനുബന്ധിച്ചാണ് 'വോള്‍ട്ടി അല്‍ ഫ്യൂച്ചൂറോ' അല്ലെങ്കില്‍ 'ഭാവിയിലേക്കുള്ള മുഖങ്ങള്‍'എന്ന പ്രദര്‍ശനത്തിന്റെ വേദി. നവംബര്‍ 28 വരെ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. ദേശീയതയുടെയും ജനകീയതയുടെയും പേരില്‍ കുടിയേറ്റക്കാരെ തടയാന്‍ രാഷ്ട്രങ്ങള്‍ മതിലുകള്‍ പണിയുന്നതു മൂലം സംഘര്‍ഷങ്ങള്‍ പെരുകുന്നതിലുള്ള ആശങ്കയും ഉദ്ഘാടന പ്രസംഗത്തില്‍ മാര്‍പ്പാപ്പ രേഖപ്പെടുത്തി.

നാല്‍പ്പത് എന്ന സംഖ്യയ്ക്ക് ബൈബിളില്‍ ആഴത്തിലുള്ള അര്‍ത്ഥമുണ്ടെന്ന് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ ജനത വാഗ്ദത്ത ഭൂമിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മരുഭൂമിയില്‍ അലഞ്ഞുതിരിയാന്‍ ചെലവഴിച്ചത് 40 വര്‍ഷങ്ങളായിരുന്നു.എങ്കിലും അടിമത്തത്തില്‍ നിന്ന് അവര്‍ മോചിതരായി. ഒരു ജനതയെന്ന നിലയില്‍ തങ്ങളെത്തന്നെ പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് ഒരു തലമുറ മുഴുവന്‍ ആവശ്യമായി വന്നു, നിരവധി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവന്നു.

നമ്മുടെ സ്വന്തം ആധുനിക ചരിത്രത്തിലെ കഴിഞ്ഞ 40 വര്‍ഷവും കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ലെന്ന് അസ്തല്ലി കേന്ദ്രത്തിലൂടെ കടന്നുപോയ അഭയാര്‍ത്ഥികളുടെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി മാര്‍പ്പാപ്പ പറഞ്ഞു.നിങ്ങളില്‍ പലരും അടിമത്തത്തിന് സമാനമായ അവസ്ഥകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. സ്വന്തം അന്തസ്സ് നഷ്ടപ്പെടുകയും ഒരു വസ്തുവിനെപ്പോലെ പരിഗണിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ ദൈന്യാവസ്ഥ. യുദ്ധത്തിന്റെ ഭയാനകകതയിലൂടെ കടന്നുപോന്നവരാണ് പല അഭയാര്‍ത്ഥികളും- ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

അത്തരം കഷ്ടപ്പാടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി, റോഡിലിറങ്ങിയ പല അഭയാര്‍ത്ഥികളും യഥാര്‍ത്ഥ സ്വാതന്ത്ര്യം കണ്ടെത്തിയില്ലെന്നതും വേദനയായി അവശേഷിക്കുന്നു. നിസ്സംഗതയാല്‍ അടയാളപ്പെടുത്തിയ 'മനുഷ്യത്വത്തിന്റെ മരുഭൂമികളില്‍' ആ ജീവിതങ്ങള്‍ അവസാനിച്ചു. എന്നിരുന്നാലും ഈ കഴിഞ്ഞ 40 വര്‍ഷങ്ങളിലും മരുഭൂമിയിലൂടെ ഒരു പുതിയ ജനതയായി ഒരുമിച്ച് നടക്കാന്‍ നമ്മെ അനുവദിച്ച പ്രത്യാശയുടെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായി.

അസ്തല്ലി സെന്റര്‍ സഹായിച്ച അനേകം ആളുകളും അവരെ സഹായിക്കാന്‍ സന്നദ്ധരായവരും പ്രത്യാശയുടെ മുഖങ്ങളാണെന്ന് മാര്‍പാപ്പ പറഞ്ഞു. 'നമുക്ക് ഭാവിയിലേക്ക് നോക്കാം. തുറവിയോടെ ഒരു ജനതയായി ജീവിക്കാം;സ്വപ്‌നങ്ങള്‍ കാണാം' അദ്ദേഹം പറഞ്ഞു. ഐക്യദാര്‍ഢ്യത്തില്‍ ജീവിച്ചുകൊണ്ട് സ്വാതന്ത്ര്യത്തോടെയുള്ള സമൂഹ പുനര്‍നിര്‍മ്മാണം എങ്ങനെ സാധ്യമാക്കാമെന്ന്് അവര്‍ക്കറിയാം. അനേകം സംസ്‌കാരങ്ങളുടെ നിറവാര്‍ന്ന വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഒരു ഏകീകൃത സമൂഹമാകട്ടെ അത്.പരസ്പര സേവനത്തില്‍ ഏര്‍പ്പെടുന്ന ഐക്യദാര്‍ഢ്യത്തിന്റെ നാടായ വാഗ്ദത്ത ഭൂമിയില്‍ നമുക്ക് ജീവിതം കണ്ടെത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു- ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.