കാലാവസ്ഥാ മാറ്റവും പേമാരിയും: മുല്ലപ്പെരിയാറില്‍ അസാധാരണ സ്ഥിതി വിശേഷം; മറുപടി സത്യവാങ്മൂലം തയാറാക്കി കേരളം

കാലാവസ്ഥാ മാറ്റവും പേമാരിയും: മുല്ലപ്പെരിയാറില്‍ അസാധാരണ സ്ഥിതി വിശേഷം;  മറുപടി സത്യവാങ്മൂലം തയാറാക്കി കേരളം

കൊച്ചി: കാലാവസ്ഥാ മാറ്റം കേരളത്തില്‍ പേമാരികള്‍ക്ക് ഇടയാക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അസാധാരണ സ്ഥിതി വിശേഷമാണെന്നു ചൂണ്ടിക്കാട്ടി സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര തീരുമാനം വേണമെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെടും. തുടര്‍ച്ചയായ മഴയില്‍ ജലനിരപ്പുയരുന്നതും സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുന്നതും കേരളം ചൂണ്ടിക്കാട്ടും.

അണക്കെട്ടിനു വിള്ളലും ബലക്ഷയവും ഇല്ലെന്ന തമിഴ്‌നാടിന്റെ വാദം തെറ്റാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവിടെ പുതിയ അണക്കെട്ട് അനിവാര്യമാണെും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ ബോധ്യപ്പെടുത്തുകയാണ് കേരളത്തിന്റെ ഉദ്ദേശ്യം. സുപ്രീം കോടതി വിധി പറഞ്ഞ 2014 വരെയുണ്ടായിരുന്ന സ്ഥിതിയല്ല ഇപ്പോഴെന്നും കേരളം ചൂണ്ടിക്കാട്ടും.

ബേബി ഡാമിനു സമീപമുള്ള മരങ്ങള്‍ മുറിച്ചുനീക്കാന്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ നല്‍കിയ അനുമതി ഒറ്റദിവസം കൊണ്ടു കേരളം പിന്‍വലിച്ചെന്ന തമിഴ്‌നാടിന്റെ ആരോപണത്തിന് ഇപ്പോള്‍ മറുപടി നല്‍കേണ്ടെന്നാണു കേരളത്തിന്റെ നിലപാട്. പകരം അണക്കെട്ടിന്റെ സുരക്ഷയ്ക്ക് അടിയന്തര പ്രാധാന്യം നല്‍കണമെന്ന വാദമാകും ഉന്നയിക്കുക.

അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കേസ്, അടിയന്തര പ്രാധാന്യം ഇല്ലെന്നു വാദിച്ചു നീട്ടിക്കൊണ്ടുപോകാനുള്ള തമിഴ്‌നാടിന്റെ ശ്രമം കോടതിയില്‍ പൊളിഞ്ഞിരുന്നു. ജലനിരപ്പും ഡാം സുരക്ഷയും സംബന്ധിച്ചു കേരളത്തിന്റെ വാദങ്ങള്‍ കേള്‍ക്കാമെന്നാണ് ഈ മാസം 13 നു കോടതി തീരുമാനിച്ചത്.

ഡാമിലെ ചോര്‍ച്ചയുടെ വിശദാംശങ്ങള്‍ സംബന്ധിച്ചു തമിഴ്‌നാട് കോടതിയില്‍ നല്‍കുന്ന മറുപടിയും കേസില്‍ നിര്‍ണായകമാണ്. ഘടനാപരമായും ഭൂമിശാസ്ത്രപരമായും അണക്കെട്ടിനു ബലക്ഷയമില്ലെന്നാണ് തമിഴ്‌നാടിന്റെ വാദം. എന്നാല്‍ 2018, 19 വര്‍ഷങ്ങളില്‍ സംസ്ഥാനത്തു വിനാശകരമായ പ്രളയമുണ്ടായെന്നും അതിനു മുല്ലപ്പെരിയാര്‍ ഡാം കാരണമായെന്നുമാണ് കേരളത്തിന്റെ മറുവാദം.

പ്രളയ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് 139 അടിയില്‍ കൂടരുതെന്ന 2018 ലെ വിധിക്കു സമാനമായ വിധി വേണമെന്നും കേരളം ആവശ്യപ്പെടുന്നു. ആശങ്കയുടെ സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതാണെന്നും അതിനാല്‍ സുപ്രീം കോടതി വിധിപ്രകാരം ജലനിരപ്പ് 142 അടിയാക്കാമെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്.

സുപ്രീം കോടതിയില്‍ തമിഴ്‌നാട് ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടി സത്യവാങ്മൂലം കേസില്‍ കേരളത്തിനായി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി. പ്രകാശ് എന്നിവര്‍ക്കു കൈമാറി. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.