1972 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള 40 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ 2.23 കോടി ഗര്‍ഭഛിദ്രം നടന്നപ്പോള്‍ ഏകദേശം രണ്ടുലക്ഷത്തോളം അമ്മമാരാണ് ഇതേ തുടര്‍ന്ന് മരണപ്പെട്ടത്.
സ്വാതന്ത്ര്യം ലഭിച്ച് കാല്‍ നൂറ്റാണ്ടു കഴിയും വരെ ഇന്ത്യയില്‍ ഗര്‍ഭഛിദ്രമെന്നത് തത്വത്തിലെങ്കിലും സ്ത്രീ ചെയ്യുന്ന ക്രിമിനല്‍ കുറ്റമായിരുന്നു. 1860 ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ സെക്ഷന്‍ 312 പ്രകാരം മൂന്ന് വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകരമായ പ്രവൃത്തിയായിരുന്നു അത്.
പിന്നീട്, രാജ്യത്ത് ഗര്‍ഭഛിദ്ര നിയമം ആവശ്യമുണ്ടോ എന്ന് വിലയിരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ശാന്തിലാല്‍ ഷാ കമ്മിറ്റി 1967 ല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ 1971 ല്‍ വൈദ്യശാസ്ത്രപരമായി ഗര്‍ഭം നീക്കം ചെയ്യല്‍ ചട്ടം (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി-എംടിപി) ആക്ട് നിലവില്‍ വന്നത്.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി (എംടിപി) ആക്ട് 1971
ശാന്തിലാല്‍ ഷാ കമ്മിറ്റി ശുപാര്‍ശ ചെയ്ത സ്ത്രീകള്‍ക്കുള്ള സമഗ്ര ഗര്‍ഭഛിദ്ര ശിശ്രൂഷയ്ക്ക് പകരമായി സ്ത്രീകള്‍ക്ക് വളരെ കുറച്ച് സംരക്ഷണങ്ങളും ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍മാരെ സംരക്ഷിക്കുന്നതിന് ധാരാളം വ്യവസ്ഥകളും ഉള്‍പ്പെടുത്തിയാണ് എംടിപി നിയമം പ്രാബല്യത്തില്‍ വന്നത്.
നിയമപരമായ സംരക്ഷണമില്ലാത്തതിനാല്‍ രഹസ്യമായും പ്രാകൃത രീതിയിലും നടത്തപ്പെടുന്ന ഗര്‍ഭഛിദ്രം സ്ത്രീകളുടെ സുരക്ഷയ്ക്കും ജീവനും വെല്ലുവിളിയാകുന്നു എന്ന കാരണം പറഞ്ഞാണ് എംടിപി ആക്ട് കൊണ്ടു വന്നത്. പക്ഷേ, യഥാര്‍ത്ഥ ഉദ്ദേശ്യം അതായിരുന്നില്ല എന്നത് 'വൈദ്യശാസ്ത്രപരമായി ഗര്‍ഭം നീക്കം ചെയ്യല്‍ ചട്ടം' എന്ന പേരില്‍ നിന്നു തന്നെ വ്യക്തമായിരുന്നു.
പൊതുവേ അംഗീകരിക്കപ്പെട്ട 'ഗര്‍ഭഛിദ്രം' എന്ന വാക്കിനു പകരം നിയമത്തില്‍ 'വൈദ്യശാസ്ത്രപരമായി ഗര്‍ഭം നീക്കം ചെയ്യല്‍ ചട്ടം' എന്ന് ഉപയോഗിച്ചതു വഴി സ്ത്രീകള്‍ക്കുള്ള സുരക്ഷ എന്നതിലുപരിയായി ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍മാരെ ക്രിമിനല്‍ വിചാരണയില്‍ നിന്നും സംരക്ഷിക്കുക എന്ന ഹിഡന്‍ അജണ്ടയും നടപ്പാക്കപ്പെട്ടു.
ഗര്‍ഭധാരണം 12 ആഴ്ച പൂര്‍ത്തിയാകുന്നതു വരെ വൈദ്യശാസ്ത്രപരമായ അലസിപ്പിക്കല്‍ ആവശ്യമാണെന്ന് ഒരു ഡോക്ടര്‍ അഭിപ്രായപ്പെടണമെന്നും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച 12 ആഴ്ചയ്ക്കും 20 ആഴ്ചയ്ക്കും ഇടയിലാണെങ്കില്‍ രണ്ട് ഡോക്ടര്‍മാര്‍ ഇതേ അഭിപ്രായക്കാരായിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ കോഡ് ഓഫ് മെഡിക്കല്‍ എത്തിക്‌സ് പ്രകാരം ഇവര്‍ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ ആയിരിക്കണം.
മാത്രമല്ല, ഇവര്‍ക്ക് ഗൈനക്കോളജിയിലും ഒബ്‌സ്‌റ്റെട്രിക്‌സിലും മൂന്നു വര്‍ഷത്തെ പരിചയമെങ്കിലും വേണം. ഗൈനക്കോളജിസ്റ്റ് മാത്രമാണെങ്കില്‍ ഗര്‍ഭഛിദ്ര പരിശീലനം പ്രത്യേകം നേടിയിരിക്കണം. ഇങ്ങനെയുള്ളവര്‍ അംഗീകൃതമായ ഏതെങ്കിലും ആശുപത്രിയില്‍ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ കൂടെ കുറഞ്ഞത് 25 ഗര്‍ഭഛിദ്രക്കേസുകളിലെങ്കിലും പരിശീലനം നേടേണ്ടതുണ്ട്.
ഗര്‍ഭഛിദ്രം നടത്തി മൂന്നു മണിക്കൂറിനകം അത് ആശുപത്രിയിലുള്ള രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കണം. ഈ രജിസ്റ്ററും ഗര്‍ഭിണി ഒപ്പിട്ടു നല്‍കുന്ന സമ്മതപത്രവും വളരെ രഹസ്യമായി സൂക്ഷിക്കണമെന്നും നിബന്ധനയുണ്ട്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടിന്റെ 4(1) വകുപ്പു പ്രകാരം അംഗീകാരം ലഭിച്ച ആശുപത്രികള്‍ക്കു മാത്രമേ ഗര്‍ഭഛിദ്രം നടത്താന്‍ അനുവാദമുള്ളൂ.
എന്നിരുന്നാലും നിയമ പ്രകാരമല്ലാത്ത നിരവധി അബോര്‍ഷന്‍ ക്ലീനിക്കുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പോയി ഗര്‍ഭഛിദ്രം നടത്തി ജീവന്‍ നഷ്ടമായ സ്ത്രീകള്‍ രാജ്യത്ത് ധാരാളമുണ്ട്. മുന്‍പ് സൂചിപ്പിച്ചതുപോലെ എംടിപി ആക്ട് പ്രാബല്യത്തില്‍ വന്ന 1972 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള 40 വര്‍ഷം കൊണ്ട് 2.23 കോടി ഗര്‍ഭഛിദ്രം നടന്നപ്പോള്‍ ഏകദേശം രണ്ടുലക്ഷത്തോളം അമ്മമാരാണ് ഇതേ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
ഗര്‍ഭിണിയായ സ്ത്രീയുടെ ശാരീരികമോ, മാനസികമോ ആയ ആരോഗ്യത്തിന് കടുത്ത വെല്ലുവിളികള്‍ നേരിടുന്ന അവസരത്തിലോ അല്ലെങ്കില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിന് ശാരീരികമോ മാനസികമോ ആയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്താവൂ എന്നാണ് നിയമം വ്യക്തമാക്കുന്നത്.
എന്നാല്‍ ഏതു കാരണത്താല്‍ ഗര്‍ഭഛിദ്രം നടത്തിയാലും ഈ രണ്ട് കാരണങ്ങളില്‍ ഒന്നായിരിക്കും മെഡിക്കല്‍ റിക്കാര്‍ഡില്‍ കുറിയ്ക്കപ്പെടുക. ഒന്നുകില്‍ അമ്മയുടെ ജീവന് ഭീഷണി. അല്ലെങ്കില്‍ കുഞ്ഞിന് ബുദ്ധി മാന്ദ്യമോ അംഗ വൈകല്യമോ.
ഈ വകുപ്പ് ഗര്‍ഭഛിദ്രം നിയമപരമാക്കി എന്നതിലുപരി അമ്മയുടെയോ, കുഞ്ഞിന്റെയോ ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഡോക്ടറുടെ അഭിപ്രായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. അമ്മയ്ക്ക് അല്ലെങ്കില്‍ കുഞ്ഞിന് പ്രശ്‌നങ്ങളുണ്ടാകും എന്ന് പറഞ്ഞ് ഗര്‍ഭഛിദ്രം നടത്തി പണം സമ്പാദിക്കാനുള്ള ഒരു ഉപാധിയായി ധന മോഹികളായ ഡോക്ടര്‍മാര്‍ നിയമത്തിലെ ചില പഴുതുകളെ ഇപ്പോഴും വളച്ചൊടിക്കുന്നുണ്ട്.
ഗര്‍ഭസ്ഥ ശിശുവിന് 20 ആഴ്ച (അഞ്ച് മാസം) പ്രായമെത്തുന്നതു വരെ ഗര്‍ഭഛിദ്രം നടത്താന്‍ നിയമപരമായി അനുവാദം നല്‍കുന്ന 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി ആക്ടിന്റെ മറവില്‍ എട്ടും ഒമ്പതും മാസം പ്രായമുള്ള പിറക്കാറായ കുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കുന്ന ക്രൂരത രാജ്യത്ത് നടമാടുമ്പോഴാണ് 'മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി (ഭേദഗതി) ബില്‍ 2020' ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ 2020 ജനുവരി 29 ന് അംഗീകാരം നല്‍കിയത്.
'മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി (ഭേദഗതി) ബില്‍ 2020'
നിലവിലുള്ള 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടിലെ ചില ഉപവകുപ്പുകള്‍ ഭേദഗതി ചെയ്തും പുതിയ വ്യവസ്ഥകള്‍ ചേര്‍ത്തുമാണ് നിര്‍ദ്ദിഷ്ട ഭേദഗതി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം കണക്കിലെടുത്താണ് ഗര്‍ഭഛിദ്ര നിയമത്തില്‍ ഭേദഗതി കൊണ്ടു വന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
ലൈംഗികാതിക്രമത്തിന് ഇരയായവര്‍, ഗര്‍ഭിണിയായിരിക്കെ വിവാഹബന്ധം വേര്‍പെടുത്തുകയോ, ഭര്‍ത്താവ് മരിക്കുകയോ ചെയ്തവര്‍, ഗുരുതര ശാരീരിക മാനസിക പ്രശ്നങ്ങളുള്ളവര്‍, സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് ഗര്‍ഭഛിദ്രം 24 ആഴ്ചയ്ക്കുള്ളില്‍ വരെ നടത്താം എന്നതാണ് പ്രധാന ഭേദഗതി.
ഇതു പ്രകാരം 24 ആഴ്ച വരെ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ നിര്‍ഭയം വധിക്കാം. 20 ആഴ്ച (അഞ്ച് മാസം) വരെയുള്ള ഗര്‍ഭം ഇല്ലാതാക്കുന്നതിന് ഒരു അംഗീകൃത ഡോക്ടറുടെയും 20 മുതല്‍ 24 ആഴ്ച വരെയുള്ള (ആറ് മാസം) ഗര്‍ഭാവസ്ഥ ഇല്ലാതാക്കുന്നതിന് രണ്ട് അംഗീകൃത ഡോക്ടര്‍മാരുടെയും അഭിപ്രായം തേടണം എന്ന തരത്തില്‍ വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കി.
12 ആഴ്ചവരെ ഒരു ഡോക്ടറുടെയും 12 മുതല്‍ 20 വരെ ആഴ്ച രണ്ട് ഡോക്ടര്‍മാരുടെയും അനുമതി വേണമെന്നായിരുന്നു 1971 ലെ എംടിപി ആക്ടിലെ വ്യവസ്ഥ. അതാണ് വീണ്ടും ഇളവ് ചെയ്തത്. കൂടുതല്‍ കുട്ടികള്‍ വേണ്ടെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയാല്‍ മറ്റ് കാരണങ്ങള്‍ ഒന്നുമില്ലങ്കില്‍ പോലും പുതിയ ഭേദഗതി പ്രകാരം 24 ആഴ്ചവരെ ഗര്‍ഭം അലസിപ്പിക്കാം.
മാത്രമല്ല, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷന്‍, റേഡിയോളജിസ്റ്റ്, സംസ്ഥാന സര്‍ക്കാരുകളുടെ നിയമ പ്രകാരമുള്ള അംഗങ്ങള്‍ എന്നിവരടങ്ങിയ ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ വലിയ തോതിലുള്ള ഭ്രൂണ വൈകല്യങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് ഉയര്‍ന്ന അനുവദനീയ കാലാവധി ബാധകമാവില്ല. എന്നുവച്ചാല്‍ പ്രസവത്തിന് തൊട്ടു മുന്‍പു വേണമെങ്കിലും ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാം.
ഇന്ത്യന്‍ പോപ്പുലേഷന്‍ കൗണ്‍സില്‍ നടത്തിയ പഠനങ്ങളിലെ അടിസ്ഥാന രഹിതവും അശാസ്ത്രീയവുമായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മേല്‍പ്പറഞ്ഞ പല ഭേദഗതികളും ബില്ലില്‍ ഉള്‍പ്പെടുത്തിയതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കുറ്റപ്പെടുത്തുന്നു. എംബിബിഎസ് ഡോക്ടര്‍മാരെപ്പോലെ തന്നെ നഴ്സുമാരും വൈദ്യന്മാരും ആയുര്‍വേദ ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതമായി ഗര്‍ഭച്ഛിദ്രം നടത്തുന്നുണ്ടന്ന വാദഗതിയെയും ഐഎംഎ ശക്തമായി എതിര്‍ക്കുന്നു.
ഗര്‍ഭഛിദ്രത്തിനു വിധേയരാകുന്നവരുടെ പേര് ഒരു കാരണവശാലും ഡോക്ടര്‍ വെളിപ്പെടുത്താന്‍ പാടില്ല. ലംഘിച്ചാല്‍ ഒരുവര്‍ഷം വരെ തടവോ, പിഴയോ രണ്ടും കൂടിയോ ലഭിക്കുമെന്നും നിയമ ഭേദഗതിയില്‍ പറയുന്നു. ഗര്‍ഭഛിദ്രത്തിനുള്ള സമയം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട ഭേദഗതി, ഇതാവശ്യമായ സ്ത്രീകള്‍ക്ക് മാന്യത, സ്വാശ്രയത്വം, ആത്മവിശ്വാസം, നീതി എന്നിവ ഉറപ്പാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിരത്തുന്ന വിചിത്ര ന്യായീകരണം.
നാളെ വായിക്കുക... ഗര്‍ഭഛിദ്രത്തിന്റെ അതിഭീകരമായ ഒമ്പത് മാര്‍ഗങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.