ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ; ആലുവ സി.ഐയ്‌ക്കെതിരെ നടപടി

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ; ആലുവ സി.ഐയ്‌ക്കെതിരെ നടപടി

കൊച്ചി: പൊലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടിലെത്തിയ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. സി.ഐയെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് നീക്കി. ആലുവ എടയപ്പുറത്ത് മൊഫിയ പര്‍വീണ്‍ (23)ആണ് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കിയ ശേഷം ആത്മഹത്യ ചെയ്തത്. സി.ഐക്കെതിരേ നടപടി വേണമെന്ന് ആത്മഹത്യ കുറിപ്പില്‍ യുവതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സി.ഐയെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് നീക്കിയത്.

മൊഫിയ പര്‍വീണിന്റെ ആത്മഹത്യ ആലുവ ഡിവൈ.എസ്.പി. അന്വേഷിക്കും. മൊഫിയയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുക്കും. അതേസമയം മൊഫിയയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. ആവശ്യപ്പെട്ടു.

ഒരു മാസം മുന്‍പാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ മൊഴിയെടുപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഷനിനിലേക്ക് യുവതിയെയും പിതാവിനെയും വിളിപ്പിച്ചത്. സ്റ്റേഷനില്‍ ഭര്‍ത്താവും വീട്ടുകാരും ഉണ്ടായിരുന്നു. എന്തിനാണ് അവരെ വിളിപ്പിച്ചത് എന്ന് ചോദിച്ചപ്പോള്‍ നടപടിക്രമങ്ങളുടെ ഭാഗമായാണ് എന്നാണ് സ്റ്റേഷനില്‍ നിന്ന് പറഞ്ഞത്. തുടര്‍ന്ന് മൊഴിയെടുത്തിട്ട് പറഞ്ഞ് വിടണമെന്നും തനിക്ക് അയാളോടൊപ്പം നിന്ന് സംസാരിക്കാന്‍ കഴിയില്ലെന്നും യുവതി പറഞ്ഞു. പരാതി പറയാനെത്തിയ മൊഫിയയോടും പിതാവിനോടും സി.ഐ മോശമായി പെരുമാറിയെന്നാണ് ആരോപണം.

വീട്ടിലെത്തിയ പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൊഫിയയുടെ ആത്മഹത്യകുറിപ്പില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേയും ആലുവ ഈസ്റ്റ് സി.ഐക്കെതിരേയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് മൊഫിയയുടെ പിതാവ് ഇര്‍ഷാദും രംഗത്തെത്തിയിട്ടുണ്ട്. ആലുവ സി.ഐ തങ്ങളോട് മോശമായാണ് പെരുമാറിയത്. സ്റ്റേഷനിലേക്കു കയറിച്ചെന്നപ്പോള്‍ താന്‍ തന്തയാണോടോ എന്ന് സി.ഐ ചോദിച്ചു. മരുമകന്റേയും അവരുടെ വീട്ടുകാരുടേയും മുന്നില്‍വെച്ച് തന്നോടും മകളോടും മോശമായി സംസാരിച്ചുവെന്നും ഇര്‍ഷാദ് പറയുന്നു.

സ്റ്റേഷനില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ നമുക്ക് നീതി കിട്ടുന്നില്ലല്ലോ പപ്പാ എന്നാണ് മകള്‍ പറഞ്ഞത്. നീതി കിട്ടുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സി.ഐ ഞങ്ങളുടെ മുമ്പില്‍ വെച്ച് ഇങ്ങനെ സംസാരിക്കില്ലല്ലോ എന്നാണ് അവള്‍ പറഞ്ഞത്. ഞാന്‍ ഇത്രയൊക്കെ സഹിച്ച് പോയാണ് പരാതി കൊടുത്തത്. എന്നിട്ടും അവര്‍ എന്നോട് ഇങ്ങനെയാണല്ലോ പെരുമാറുന്നത് എന്നാണ് അവള്‍ പറഞ്ഞത്. മകള്‍ക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് അല്‍പം കരുണയാണ് വേണ്ടിയിരുന്നത്. കരുണ കിട്ടിയിരുന്നെങ്കില്‍ അവള്‍ ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്ന് ഇര്‍ഷാദ് പറയുന്നു. തൊടുപുഴയില്‍ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ത്ഥിയാണ് മരിച്ച മൊഫിയ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.