കാക്കിക്കുള്ളിലെ കാപാലികര്‍: കേരള പൊലീസിലെ 744 ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് മുഖ്യമന്ത്രി

കാക്കിക്കുള്ളിലെ കാപാലികര്‍: കേരള പൊലീസിലെ 744 ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതികളെന്ന് സര്‍ക്കാര്‍. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 744 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും 691 പേര്‍ക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ക്രിമിനല്‍ കേസ് പ്രതികളായ 18 പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. പിരിച്ചുവിട്ടവരുടെ കണക്ക് പൊലീസ് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി കുറ്റക്കാരായി കണ്ടെത്തിയ ശേഷം പിരിച്ചുവിട്ടവരുടെ കണക്കു മാത്രമാണിത്.

മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചു. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 744 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായും രേഖകള്‍ പറയുന്നു. നിയമസഭയില്‍ വടകര എം.എല്‍.എ കെ കെ രമയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം തുടങ്ങി കേസുകള്‍ വഴി ക്രിമിനലുകളുടെ പട്ടികയിലുള്‍പ്പെടുന്ന പൊലിസുകാര്‍ മുതല്‍ ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണം പോലുള്ള കേസുകളിലും മൃതദേഹത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചവരും വരെ ക്രിമിനല്‍ കേസ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഇതിനകം കേസില്‍ ഉള്‍പ്പെട്ട് സസ്‌പെന്‍ഷനിലാകുന്ന പല പൊലീസ് ഉദ്യോഗസ്ഥരും തിരികെ കയറുകയും നിര്‍ണായക പദവികള്‍ വഹിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വായിച്ചിരുന്നു.

മുഖ്യമന്ത്രി വായിച്ച പട്ടികയില്‍ ഉള്ള അച്ചടക്ക നടപടി നേരിട്ടവരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സ്റ്റേഷന്‍ ചുമതലയും സബ് ഡിവിഷന്‍ ചുമതലയും വഹിക്കുന്നുണ്ട്. ഉത്രക്കേസില്‍ അച്ചടക്ക നടപടി നേരിട്ട എസ്എച്ച്ഒ സുധീര്‍ ആലുവ പൊലീസിലെ പ്രധാനപ്പെട്ട സ്റ്റേഷനിലെത്തിയത് തന്നെ ഇതിനു തെളിവാണ്. നവ വധുവിന്റെ ആത്മഹത്യയില്‍ ആരോപണ നേരിടുകയാണ് ഇപ്പോള്‍ സുധീര്‍.

സംസ്ഥാനത്ത് പൊലിസ് അതിക്രമങ്ങളും ജനങ്ങളോട് മോശമായി പെരുമാറുന്നതുമായ സംഭവങ്ങളും ആവര്‍ത്തിച്ചുവരുന്ന പശ്ചാത്തലത്തിലായിരുന്നു കെ.കെ രമയുടെ ചോദ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.