സഹകരണ മേഖലയില്‍ നിയന്ത്രണം: ആര്‍ബിഐ നീക്കത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

സഹകരണ മേഖലയില്‍ നിയന്ത്രണം:  ആര്‍ബിഐ നീക്കത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: സഹകരണ മേഖലയില്‍ ആര്‍ബിഐ നിബന്ധന കര്‍ശനമാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. സഹകരണ മേഖലയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ആര്‍ബിഐ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

ആര്‍ബിഐക്ക് നിവേദനം നല്‍കും. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു. സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ബാധകമായിരിക്കില്ലെന്ന ആര്‍ ബി ഐ പരസ്യത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിത്. ഇക്കാര്യത്തില്‍ കേരളം പോലെ സഹകരണ പ്രസ്ഥാനങ്ങള്‍ ശക്തമായ മറ്റ് സംസ്ഥാനങ്ങളുമായും കൂടിയാലോചന നടത്തും.

കേരളത്തിന് ബാധകമല്ലാത്ത കാര്യങ്ങള്‍ ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് സഹകരണ മേഖലയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി തിങ്കളാഴ്ച തിരുവനന്തപുരത്ത് സഹകാരികളുടെ യോഗം ചേരുമെന്നും അറിയിച്ചു.

സഹകരണസംഘങ്ങള്‍ ബാങ്കുകളെന്ന പേരില്‍ പ്രവര്‍ത്തിക്കരുതെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം. 2020 സെപ്തംബറിലെ ബാങ്കിംഗ് നിയമ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് സഹകരണസംഘങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ എത്തിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഡിഐസിജിസി പരിരക്ഷ ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്കിന്റെ പുതിയ പരസ്യത്തില്‍ പറയുന്നു.

സംസ്ഥാനത്തെ 1600 ഓളം സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ നീക്കം. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ നിയമനടപടിക്കായി നിയമോപദേശം തേടിയെങ്കിലും കേസിന് പോയിരുന്നില്ല. എന്നാല്‍ റിസര്‍വ് ബാങ്ക് നിബന്ധന കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.