പാലാ: സങ്കീർണ്ണമായ സ്കോളിയോസിസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ. നട്ടെലിന്റെ വളവ് നേരെയാക്കുന്ന ശസ്ത്രക്രിയയാണ് സ്കോളിയോസിസ്.
കോട്ടയം സ്വദേശിനിയായ പതിനേഴുകാരി പൊക്കക്കുറവ്, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങളുമായിട്ടാണ് ആശുപത്രിയിലെത്തിയത്. എന്നാൽ വിദഗ്ധ പരിശോധനകൾക്ക് പെൺകുട്ടിയെ വിധേയയാക്കിയപ്പോൾ അരക്കെട്ടിൽ നിന്നും മുകളിലേക്ക് നട്ടെല്ലിന്റെ വലത് ഭാഗത്തേക്ക് 65 ഡിഗ്രിയും ഇടത് ഭാഗത്തേക്ക് 30 ഡിഗ്രിയും വളഞ്ഞ് "S" ആകൃതിയിലാണെന്ന് കണ്ടെത്തി.
നട്ടെല്ലിന് വശങ്ങളിലേക്ക് ഉണ്ടാകുന്ന അസ്വഭാവിക വളവിനെയാണ് സ്കോളിയോസിസ് എന്ന് പറയുന്നത്. ശ്വാസതടസം, പൊക്കക്കുറവ്, നട്ടെല്ലിൽ മുഴപോലെ കാണുക, ഒരു തോൾഭാഗമോ ഇടുപ്പെല്ലോ മറ്റേതിനേക്കാളും പൊങ്ങി നിൽക്കുക എന്നിവയെല്ലാം സ്കോളിയോസിസിന്റെ ലക്ഷണങ്ങൾ.
വിദഗ്ധമായ പരിശോധനകൾക്കൊടുവിൽ പെൺകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വളരെ സങ്കീർണതകൾ നിറഞ്ഞ ഈ ശസ്ത്രക്രിയയിൽ ആശുപത്രിയിലെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ സഹകരണമുണ്ടായിരുന്നു. നട്ടെല്ലിന് 40 ഡിഗ്രിയിൽ അധികം വളവുള്ള സാഹചര്യത്തിലാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. നട്ടെല്ലിന്റെ കശേരുക്കൾ സ്ക്രൂകളും ദണ്ഡുകളും ഉപയോഗിച്ച് നേരെയാക്കുന്നതാണ് ഇത്തരം ശസ്ത്രക്രിയകൾ.
നട്ടെല്ലിന്റെ ഇരുവശങ്ങളിലും സ്ക്രൂകളുടെ സഹായത്തോടെ ദണ്ഡുകൾ ഘടിപ്പിച്ചു ഇവ നട്ടെല്ലിനോട് കൂടിച്ചേരാനായി ബോൺ ഗ്രാഫ്ട് ഉപയോഗിക്കുന്ന അതിസങ്കീർണ്ണമായ ശസ്ത്രക്രിയയാണിത്. ഇതിന് നേതൃത്വം നൽകിയത് ഓർത്തോപീഡിക് വിഭാഗത്തിലെ സീനിയർ കൺസൽട്ടന്റ് ഡോ. ഒ. റ്റി ജോർജാണ്. ഡോ. സാം സ്കറിയ, ഡോ. സുജിത് തമ്പി, ഡോ. പോൾ ബാബു എന്നിവരോടൊപ്പം അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ്മാരായ ഡോ. സേവ്യർ ജോൺ, ഡോ. ശിവാനി ബക്ഷി എന്നിവരുടെ സഹായത്തോടെയാണ് ആറു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
അതേസമയം ശസ്ത്രക്രിയക്ക് ശേഷം സാധാരണ നിലയിൽ നിവർന്നു നിൽക്കുവാൻ സാധിച്ചുവെന്നും കുട്ടിക്ക് നട്ടെല്ല് നിവർന്നതോടു കൂടി ഉയരം കൂടുകയും ചെയ്തുവെന്ന് ബന്ധുക്കൾ പറഞ്ഞു. വളരെ വേഗം തന്നെ തിരികെ സ്കൂളിൽ പോയി കൂട്ടുകാരുടെ ഒപ്പം പഠനം തുടരാൻ കുട്ടിക്ക് സാധിക്കുമെന്ന് ബന്ധുക്കൾ കൂട്ടിച്ചേർത്തു .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.