മലിനമാക്കല്ലേ മണ്ണും വിണ്ണും കണ്ണും കനവും...

മലിനമാക്കല്ലേ മണ്ണും വിണ്ണും കണ്ണും കനവും...

"നിന്നെക്കുറിച്ചാരുംപാടും.... ദേവി, നിന്നെത്തിരഞ്ഞാരു കേഴും?" സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗയുടെ നെഞ്ചിന്റെ ഉറവുതേടുന്നതാര് എന്നു ചോദിച്ചുകൊണ്ടാരംഭിക്കുന്ന പ്രശസ്ത കവി വി മധുസൂദനൻ നായരുടെ ഗംഗ എന്ന കവിത മലയാളിയുടെ മനസ്സിൽ കുലംകുത്തിയെഴുകാൻ തുടങ്ങിയിട്ട് വർഷം പലതു കഴിഞ്ഞു. ഇന്നു ഗംഗ എന്ന പുണ്യ നദി പുണ്യമില്ലാത്ത മനുഷ്യന്റെ കർമപാപത്തിന്റെ മാലിന്യം ചുമന്നു മലിനനദികളുടെ മാതാവായിക്കഴിഞ്ഞു.

മലിനമാകുന്നതു ഗംഗ മാത്രമല്ല. പഞ്ചഭൂതങ്ങളോന്നാകെ നെഞ്ചുപൊട്ടിക്കേഴുകയാണ്. പൃഥ്വി, അഗ്നി, തേജസ്, വായു, ആകാശം എന്ന പഞ്ചഭൂതങ്ങൾ തങ്ങളുടെ പിഞ്ചോമനകളായി വളർന്ന മർത്തൃമക്കൾ ബോധപൂർവവും ബോധമില്ലാതെയും ചെയ്യുന്ന ക്രൂരതയോർത്ത് തകർന്നടിയുകയാണ്. ഭൂമിയിൽ ഇന്നു മലിനമാകാത്ത ഒന്നുമില്ലാതെയായിരിക്കുന്നു. മണ്ണും ജലവും വായുവും അഗ്നിയും ആകാശവും മലിനമായിരിക്കുന്നു. വീടും നാടും മലിനമാണ്. മുറ്റം ചുറ്റും മലിനമാണ്. വഴിയും കുഴിയും പുഴയും മലിനമാണ്.

ജൈവ വൈവിധ്യങ്ങളുടെ ജീവനവും അതിജീവനവും വഴി പ്രപഞ്ചത്തിന്റെ നിലനിൽപ്പിനുണ്ടായിരുന്ന സന്തുലിതാവസ്ഥയാണ് ആധുനിക മനുഷ്യന്റെ അടങ്ങാത്ത ആർത്തി മൂലം ഉന്മൂലനം ചെയ്യപ്പെടുന്നത്. ഒന്നു മറ്റൊന്നിനു വളമായി പരസ്പരം തണുപ്പും തണലും നൽകി ജലവും ബലവും നൽകി പരിപാലിച്ചു വളർത്തിയ പ്രകൃതിയുടെ സഹജതാളം ഇന്ന് അവതാളമായി.

വായു മലിനീകരണമാണ് ഇന്നു മനുഷ്യൻ വില കൊടുത്തു വാങ്ങുന്ന കൊടിയ വിപത്ത് മോട്ടോർ വാഹനങ്ങളും ഫാക്ടറികളും വിസർജിക്കുന്ന കരിയും പുകയും ഇന്നു ഭൂമിയുടെ ഹരിത കഞ്ചുകത്തിനുമേൽ അമ്ലമഴയും അൾട്രാവയലറ്റ് റേഡിയേഷനും നൈട്രജൻ ഓക്സൈഡിന്റെ ആധിക്യവും ഓസോൺ പാളികൾ വിണ്ടുകീറുന്ന മൗന നിലവിളിയുമായി വിവർത്തനം ചെയ്യപ്പെടുകയാണ്. പച്ചമരത്തണലുകൾ അന്യമായ ഭൂമി ഓക്സിജൻ ലഭിക്കാതെ കാർബൺ ഡയോക്സൈഡും കാർബൺ മോണോക്സൈഡും നുണഞ്ഞു മരിക്കാൻ ഒരുങ്ങുന്നു.

ജലമലിനീകരണവും ജീവനാശകമാണ് കുളങ്ങൾ, തടാകങ്ങൾ, നദികൾ, സാഗരങ്ങൾ എല്ലാം എന്തിന്, ഭൂഗർഭജലം പോലും മലിനമാവുകയാണ് കാൽസ്യം, സോഡിയം മാംഗനീസ് തുടങ്ങിയവയുടെ കെമിക്കൽ വിസർജ്യങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്നതുകൊണ്ടാണ് വിവിധ ജല മേഖലകൾ വിഷപ്പാത്രങ്ങളാകുന്നത്. മാത്രമല്ല വ്യവസായശാലകളുടെയും പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും മഹാനഗരത്തിൽ അറിവുകളുടെയും ഉച്ചിഷ്ടങ്ങൾ നിക്ഷേപിക്കുന്ന പൊട്ടക്കിണർ ആയി മഹാനദികൾ പോലും അധപതിച്ചു കഴിഞ്ഞു അപൂർവ സുന്ദരമായ ജല ജീവി വർഗങ്ങളും ഈ നദി എന്ന വിഷപ്പാത്രത്തിൽ വീണ് മരിക്കുന്നു.

വായുവും ജലവും പോലെ മലിനമാവുകയാണ് മനുഷ്യന്റെ സ്വന്തം മണ്ണും. മനുഷ്യ നിർമ്മിതമായ ധാതുക്കളുടെ (ക്സെനോ ബോയോട്ടിക് കെമിക്കൽസ്) ആധിക്യമാണ് പ്രധാനമായും മണ്ണിനെ മലിനമാക്കുന്നത്. രാസവള പ്രയോഗത്തിന്റെ ഭൂപവ്യാപകമായ ദുർഫലങ്ങൾ ഒരു വശത്തു പെരുകുമ്പോൾ എണ്ണ കിണറുകളും ഖനികളും ഭൂഗർഭ അറകളും എല്ലാം ഭൂമിയുടെ മണ്ണ് ഉറപ്പിനെ ദുർബലമാക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് ലോകത്തിൽ ഒരു വർഷം വായു മലിനീകരണം മൂലം 24 ലക്ഷം പേർ മരിക്കുമ്പോൾ 51 ലക്ഷം പേർക്കാണ് ജലമലിനീകരണം വഴി ജീവൻ നഷ്ടമാകുന്നത്. മണ്ണിന്റെ മലിനീകരണം വഴി ലക്ഷക്കണക്കിനു മനുഷ്യർക്ക് ത്വക്കിനും ശ്വാസകോശത്തിനും രോഗം ബാധിച്ച ആരോഗ്യം നഷ്ടമാകുകയാണ്.

പരിസര മലിനീകരണത്തിന്റെ അടിമത്തത്തിൽനിന്ന് നമ്മുടെ ഇന്ത്യയെ രക്ഷിക്കാൻ പുതുതലമുറ വീണ്ടുമൊരു സ്വാതന്ത്ര്യ സമരം തന്നെ നടത്തേണ്ടിയിരിക്കുന്നു. 70 കോടി ജനങ്ങളും ഇന്ത്യയിൽ ശരാശരി ടോയ്‌ലറ്റ് സംവിധാനം ഇല്ലാത്തവരാണെന്ന് അറിയുക. അംബാനിമാരുടെ 5000 കോടികളുടെ സ്വർണമാളികകൾക്ക് താഴെ ചേരികളിലും ഗലികളിലും തിങ്ങിപ്പാർക്കുന്ന സാധാരണക്കാരൻ പ്രാഥമിക ആവശ്യങ്ങൾക്ക് ഇന്നും ഇന്ത്യയുടെ തെരുവോരങ്ങൾ സ്വന്തമാക്കുന്നതെന്തുകൊണ്ട് എന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മാലിന്യങ്ങൾ കണ്ടുകണ്ട് ശുചീകരണത്തിനുള്ള വാസന തന്നെ നമുക്ക് അന്യമായിക്കഴിഞ്ഞു. പഞ്ചഭൂതങ്ങൾ മാത്രമല്ല ഇന്ന് നമ്മുടെ നെഞ്ചിനുള്ളിലും മാലിന്യമാണ് അറപ്പുണർത്തുന്ന സൈബർ വേസ്റ്റ് കൊണ്ട് പല ബാലമനസ്സുകളും നിറഞ്ഞുകഴിഞ്ഞു. ഉപഭോഗ സംസ്കാരത്തിന്റെ ഭോഗതൃഷ്ണ നമ്മുടെ ഇന്ദ്രിയങ്ങളെ മലിനമാക്കുന്നു. നമ്മുടെ ബന്ധങ്ങൾ പലതും ഇന്നു മലിനമാണ് കുട്ടികളുടെ പോലും കണ്ണും കാഴ്ചയും നാവും നാദവും വാക്കും അർത്ഥവും പോലും ഇന്നും മലിനമാണ്.

നമുക്കു നമ്മുടെ വ്യക്തിത്വത്തിന്റെ പരിസരശുചീകരണം നടത്താം പ്രകൃതി മലിനീകരണം കാണാനുള്ള കാഴ്ച അപ്പോൾ നമുക്ക് ലഭിക്കും. നമുക്ക് ശേഷവും ഇവിടെ ജീവിക്കാൻ കൊതിച്ചു കുതിച്ചു വരുന്ന പുതു തലമുറകൾക്ക് ഉണ്ണാൻ ഭൂമിയെ ജൈവ സമൃദ്ധിയുടെ നന്മകൊണ്ട് നിറയ്ക്കാം. ജലവും വായുവും മണ്ണും ശുചീകരിച്ചു സമസൃഷ്ടി സ്നേഹത്തോടെ ഭാവിയുടെ കാവലാകാം.

ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്ത ഭാഗമാണിത്. പത്തുവർഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇന്റർനാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം പ്രപഞ്ച മാനസത്തിന് ലഭിച്ചിട്ടുണ്ട്.

ഫാ. റോയി കണ്ണൻചിറ സിഎംഐയുടെ കൂടുതൽ രചനകൾ വായിക്കുന്നതിന് : https://cnewslive.com/author/15946/1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.