ഇന്ന് ലോക ഭിന്നശേഷി ദിനം

ഇന്ന് ലോക ഭിന്നശേഷി ദിനം

രുണിന് സഞ്ചരിക്കണമെങ്കില്‍ കൈകള്‍ നിലത്തൂന്നി നിരങ്ങി നീങ്ങണം. ഇങ്ങനെയാണെങ്കിലും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടുമ്പോള്‍ അരുണിന്റെ ശാരീരിക പരിമിതികള്‍ പകച്ച് നില്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

കൃഷി ചെയ്യാന്‍ സ്ഥലമില്ല, വിത്തില്ല, സമയമില്ല അങ്ങനെ നൂറ് കൂട്ടം പരാതികളാണ് നമ്മുക്കൊക്കെ പറയാനുള്ളത്. എന്നാല്‍ ഈ ചോദ്യം വേങ്ങര ഊരകം പുല്ലഞ്ചാലിലെ കാരാട് അരുണ്‍ കുമാറിനോട് ചോദിച്ചാല്‍ അദ്ദേഹം തന്റെ വിശാലമായ കൃഷിയിടം കാണിച്ചു തരും. വിത്തും വളവും സ്ഥലവും ഒന്നും അല്ല മനസാണ് ആദ്യം വേണ്ടത് എന്ന് പറയാതെ തെളിയിച്ചു കാണിക്കുക ആണ് ഈ 52 കാരനായ ഭിന്നശേഷിക്കാരന്‍.

ജന്മനാ കാലുകള്‍ക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാന്‍ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ പറ്റില്ല. പക്ഷെ അരുണ്‍ ഒറ്റക്ക് നട്ടുപിടിപ്പിച്ചത് 50 വാഴയാണ്.

ഇത് ആദ്യമായല്ല അരുണ്‍ കൃഷി ചെയ്യുന്നത്. മറ്റൊരാള്‍ പാട്ടത്തിന് എടുത്ത സ്ഥലത്തില്‍ കുറച്ച് ഭാഗത്ത് അരുണിന്റെ ആഗ്രഹം മനസിലാക്കി കൃഷി ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. കൃഷിയിടത്തിലെ അരുണിന്റെ അധ്വാനം അതിരാവിലെ തുടങ്ങും. ചെറിയ സഹായമൊക്കെ ഒപ്പം ഉള്ളവര്‍ ചെയ്തു കൊടുക്കും. നിലം ഒരുക്കലും വാഴക്കന്ന് നടലും പിന്നീട് തടം ഒരുക്കലും എല്ലാം അരുണ്‍ തന്റെ ശാരീരിക പരിമിതികളെ മറികടന്ന് തനിച്ചാണ് ചെയ്യുന്നത്. അരുണിന് സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്. പക്ഷെ കൃഷിയെ കുറിച്ച് ചോദിച്ചാല്‍ ആയിരം നാവാണ്.

രാവിലെ ആറരയ്ക്ക് കൃഷി സ്ഥലത്ത് വന്ന് പണി തുടങ്ങും. ഉച്ചയോടെ മാത്രമേ ജോലി നിര്‍ത്തുവെന്ന് വീട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ ആയി അരുണ്‍ ഇത് പോലെ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട്. കൃഷി വകുപ്പും അരുണിന്റെ പരിമിതികള്‍ അറിഞ്ഞ് സഹായിക്കുന്നുണ്ട്.

അരുണ്‍ ഒരു ഊര്‍ജ്ജം ആണ്, പ്രചോദനം ആണ്. ശരീരം അല്ല, മനസാണ് എല്ലാത്തിനും അടിസ്ഥാനവും കരുത്തും എന്ന് തെളിയിക്കുകയാണ് അരുണ്‍ തന്റെ ജീവിതത്തിലൂടെ. ഈ ഭിന്നശേഷി ദിനത്തില്‍ അരുണിനെ പോലെ പ്രകാശം പരത്തുന്നവര്‍ക്കുള്ള വഴി തെളിയിക്കാന്‍ നമ്മുക്കാവട്ടെ.


അരുണിനെ പോലെ ശരീരം തളര്‍ത്താത്ത മനസുമായി ജീവിക്കുന്നവരെ ഓര്‍ക്കാന്‍ ഒരു ദിനം. ഡിസംബര്‍ മൂന്ന് ലോക ഭിന്നശേഷി ദിനമാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലേയും വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ വര്‍ഷവും ഡിസംബര്‍ മൂന്ന് ആഗോള ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ലോക ജനസംഖ്യയുടെ ഏഴ് ബില്യണ്‍ അല്ലെങ്കില്‍ ഏകദേശം 15 ശതമാനം ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

ഈ വര്‍ഷത്തെ ലോക ഭിന്നശേഷി ദിന വിഷയം,'കോവിഡ് 19ന് ശേഷമുള്ള ലോകത്തില്‍ വൈകല്യമുള്ളവരുടെ നേതൃത്വം, പങ്കാളിത്തം എന്നിവ ഉറപ്പാക്കുക, നിലനിര്‍ത്തുക' എന്നതാണ്.

രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ജീവിതത്തിന്റെ എല്ലാ വശങ്ങളിലും വൈകല്യമുള്ള വ്യക്തികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 1992ല്‍ ആണ് ഭിന്നശേഷി ദിനം സംബന്ധിച്ച പ്രമേയം പാസാക്കിയത്.

വൈകല്യമുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ശേഷമാണ് 2006ല്‍ വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സിആര്‍പിഡി നിലവില്‍ വന്നത്. ഭിന്നശേഷിയെ സംബന്ധിക്കുന്ന ഒരു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ആണ് യുഎന്‍ സിആര്‍പിഡി. 2006 ഡിസംബര്‍ 13 നാണ് ഇത് അംഗീകരിക്കപ്പെട്ടത്. 2008 മെയ് മൂന്നാം തീയതി ഉടമ്പടി പ്രാബല്യത്തില്‍ വന്നു. ഉടമ്പടിയില്‍ ഒപ്പിട്ടത് 158 ലോകരാഷ്ട്രങ്ങളാണ്. ഇതില്‍ 150 എണ്ണം ഉടമ്പടിയുടെ നിയമാവലികള്‍ക്ക് വിധേയരാണെന്ന് സമ്മതിച്ചു.

സുസ്ഥിര വികസനത്തിനും മറ്റ് അന്തര്‍ദേശീയ വികസനങ്ങള്‍ക്കുമായി സിആര്‍പിഡി 2030 അജണ്ട മുന്നോട്ടുവച്ചു. വൈകല്യമുള്ള വ്യക്തികളുടെ ക്ഷേമവും വികസവും നടപ്പാക്കാന്‍ വേണ്ടിയാണ് ഈ അജണ്ട മുന്നോട്ട് കൊണ്ടുവന്നത്. സമൂഹത്തിലെ വികലാംഗരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, അവരോടുള്ള വിവേചനം അവസാനിപ്പിക്കുക, അവര്‍ക്ക് തുല്യ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.