മാധ്യമങ്ങള്‍ ലോകത്തിന്റെ വിമോചന ശബ്ദമാകണം: ഡോ. ജെയിംസ് ആനാപറമ്പില്‍

മാധ്യമങ്ങള്‍ ലോകത്തിന്റെ വിമോചന ശബ്ദമാകണം: ഡോ.  ജെയിംസ് ആനാപറമ്പില്‍

സുവിശേഷത്തിന് അനുസൃതമായി കാലഘട്ടങ്ങളെ തിരിച്ചറിയണം: മാര്‍ ജോയ് ആലപ്പാട്ട്.
പരിശുദ്ധാത്മാവിനെ ശ്രവിക്കുന്നതാണ് സിനഡ്: മാര്‍ ജോസഫ് പാംപ്ലാനി.
സീന്യൂസ് ലൈവിന്റെ ഇംഗ്ലീഷ് പോര്‍ട്ടല്‍ ലോകത്തിന് സമര്‍പ്പിച്ചു.
'കര്‍ത്തന്‍ ടാക്കീസ്' യൂട്യൂബ് ചാനല്‍ ഗ്ലോബല്‍ കാത്തലിക് മീഡിയാ സെല്ലിന്റെ ഭാഗമായി.

കൊച്ചി: മാധ്യമങ്ങള്‍ ലോകത്തിന്റെ വിമോചന ശബ്ദമാകണമെന്ന് ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ.  ജെയിംസ് ആനാപറമ്പില്‍. മൂന്നാം സഹസ്രാബ്ദത്തിലേയ്ക്കുള്ള സഭയുടെ മുന്നേറ്റത്തിനായി 'ദൈവജനം ഒരുമിച്ച് നടക്കുന്ന, ഒന്നിച്ച് ചിന്തിക്കുന്ന' മഹാ സിനഡിനെക്കുറിച്ച് ഗ്ലോബല്‍ മീഡിയ സെല്‍ സംഘടിപ്പിച്ച ആധികാരിക പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രവണമാണ് ജ്ഞാനത്തിന്റെ ആരംഭം. മാധ്യമങ്ങള്‍ ശ്രവിച്ചതാണ് പ്രഘോഷിക്കുന്നത്. സ്വാന്ത്ര്യത്തിന്റെ കാവലാള്‍ എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. അവര്‍ ഓടി നടന്ന് ഒപ്പിയെടുക്കുന്നതാണ് ലോകം വീക്ഷിക്കുന്നത്. മാധ്യമങ്ങളെ കുത്തകകള്‍ പലപ്പോഴും വിലയ്ക്കെടുക്കുന്ന കാഴ്ച നാം കാണാറുണ്ട്. സമൂഹത്തിന്റെ ദ്രുവീകരണത്തിന് ശ്രമിക്കുന്ന മാധ്യമങ്ങളുടെ സ്വാധീനം നാം തിരിച്ചറിയണമെന്നും ഡോ. മാര്‍ ജെയിംസ് ആനാപറമ്പില്‍ ഓര്‍മ്മപ്പെടുത്തി.

സത്യത്തെ തമസ്‌ക്കരിക്കുന്ന, മാനവീക കുടുംബത്തെ മാലിന്യപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തനത്തെയും നാം കാണാതെ പോകരുത്. സമൂഹം ഇത്തരത്തില്‍ സഞ്ചരിക്കുമ്പോള്‍ 'സ്നേഹത്തിലൂടെ സത്യം പറയുക' എന്ന അപ്പോസ്തലന്റെ വാക്യം നമുക്ക് പ്രചോദനം ആകണമെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം ഹൃദയങ്ങളെ ചേര്‍ത്തു പിടിച്ച് ഒരു നവസമൂഹ നിര്‍മ്മിതിയ്ക്ക് മാധ്യമങ്ങള്‍ക്ക് സാധിക്കട്ടെ. അങ്ങനെ മൂല്യമുള്ള പൊതു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ഓരോ മാധ്യമങ്ങള്‍ക്കും കഴിയട്ടെയെന്നും മാര്‍ ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആശംസിച്ചു.

സുവിശേഷത്തിന് അനുസൃതമായി കാലഘട്ടങ്ങളെ തിരിച്ചറിയാന്‍ സാധിക്കണം: മാര്‍ ജോയ് ആലപ്പാട്ട്

സുവിശേഷത്തിന് അനുസൃതമായി കാലഘട്ടങ്ങളെ തിരിച്ചറിയാന്‍ സാധിക്കണമെന്നും അതിനായി വിശ്വാസികള്‍ പ്രബുദ്ധരാകണമെന്നും ചിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു. പഠന ശിബരത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്ത് ക്രിസ്തുവിന്റെ മനോഭാവത്തെ അനുരൂപപ്പെടുത്താന്‍ മെത്രാന്മാരേക്കാള്‍ ഉപരി അല്‍മായര്‍ക്കാണ് സാധിക്കുക. എല്ലാവരെയും ഉള്‍ക്കൊണ്ടാവണം സഭയിലെ സംവാദങ്ങള്‍ നടക്കേണ്ടത്. സഭയുടെ വളര്‍ച്ചയ്ക്കും ക്രിസ്തുവിന്റെ ദൗത്യത്തെക്കുറിച്ച് ലോകത്തോടു പങ്കുവയ്ക്കാനും അല്‍മായര്‍ക്ക് നിര്‍ണായകമായ ഉത്തരവാദിത്തമുണ്ട്.


പരിശുദ്ധാത്മാവിനാല്‍ ഒരു വ്യക്തിയെ നവീകരിക്കാനും ദൈവത്തെ ശ്രവിക്കാനുമുള്ള അവസരമാണ് സിനഡാലിറ്റി. സഭയുടെ ഭാവിയെ വ്യത്യസ്തമായി വീക്ഷിക്കാന്‍ സിനഡാലിറ്റിയിലൂടെ സാധിക്കുന്നു. ഇത് എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സംവാദത്തിലൂടെയും കേള്‍വിയിലൂടെയും കൂട്ടായ്മയിലൂടെയുമാണ് സാധിക്കുക.

പരിശുദ്ധാത്മാവിനാല്‍ നാം നവീകരിക്കപ്പെടണം. അതിനായി പരിശുദ്ധാത്മാവ് സഭയോട് എന്തു പറഞ്ഞു എന്നതിനെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടാവണം. ഇത്തരം ബോധ്യങ്ങളില്ലാത്തവരാണ് ഇന്ന് സഭയില്‍ കൂടുതലുള്ളത്. പരിശുദ്ധാത്മാവിന്റെ പ്രചോദനവും ഉറച്ച ബോധ്യവും ഉണ്ടാകുമ്പോള്‍ പ്രവര്‍ത്തിക്കാനുള്ള പ്രേരണ ലഭിക്കും.

സീന്യുസ് ലൈവ് പോര്‍ട്ടലിന്റെ സാന്നിധ്യം ലോകം മുഴുവന്‍ വ്യാപിക്കുകയാണ്. ഇന്നത്തെ കാലത്ത് പ്രേക്ഷിത പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ അവശ്യമുള്ളത് സൈബര്‍ ലോകത്താണ്. അതിന് ഏറ്റവുമധികം സാധിക്കുന്നത് അല്‍മായര്‍ക്കാണെന്നും ആ ദൗത്യത്തില്‍ സീന്യൂസ് മുന്നില്‍ നില്‍ക്കുന്നതായും മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു. സീന്യൂസ് ലൈവ് ന്യൂസ് പോര്‍ട്ടല്‍ ഇംഗ്ലീഷ് പതിപ്പിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

പരിശുദ്ധാത്മാവിനെ ശ്രവിക്കുന്നതാണ് സിനഡ്: മാര്‍ ജോസഫ് പാംപ്ലാനി

ണ്ട് ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് 2023 ലെ മെത്രാന്‍ സിനഡ് ക്രമീകരിച്ചിരിക്കുന്നതെന്ന് കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപതാ സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

ദൈവജനം മുഴുവന്‍ സഭയുടെ ദൗത്യത്തില്‍ പങ്കുചേരുന്നതിന് സൂചിപ്പിക്കുന്ന സിനഡാലിറ്റിയും മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ മൗതിക ശരീരത്തില്‍ അംഗമായ ഓരോ വിശ്വാസിയിലൂടെയും പരിശുദ്ധാത്മാവ് സംസാരിക്കുന്നു എന്ന ദൈവശാസ്ത്ര കാഴ്ചപ്പാടുമാണ് ഈ ആശയങ്ങള്‍. സഭ മുഴുവനും പങ്കാളികളാകുന്ന മൂന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ് സിനഡ് എന്നത്. പരിശുദ്ധാത്മാവിനെ ശ്രവിക്കുന്നതാണതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

ആഗോള മെത്രാന്‍ സിനഡ് ആരംഭിക്കുന്നത് റോമില്‍ മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ കൂടുന്ന മെത്രാന്മാരുടെ സമ്മേളനത്തിലൂടെയല്ല. ഇടവക, ഫൊറോന, രൂപതാ തലങ്ങളിലും ചെറു സമ്മേളനങ്ങളിലൂടെയുമാണ് സിനഡ് ആരംഭിക്കുന്നത്. 2022 ഏപ്രില്‍ മാസത്തിനു മുന്‍പായി പ്രാദേശിക തലത്തിലുള്ള സമ്മേളനങ്ങളും കൂട്ടായ്മകളും വിളിച്ചു ചേര്‍ക്കപ്പെടും. തുടര്‍ന്ന് രൂപതാ തല സമ്മേളനം നടത്തപ്പെടും. രൂപതാ, പ്രാദേശിക സമ്മേളനങ്ങളുടെ വെളിച്ചത്തില്‍ പൗരസ്ത്യ സഭകളുടെ മെത്രാന്‍ സിനഡുകള്‍ നടക്കും.


തുടര്‍ന്ന് വിവിധ ഭൂഖണ്ഡങ്ങളിലെ മെത്രാന്മാരുടെ കോണ്‍ഫറന്‍സുകള്‍ ചേരും. ഇത്തരത്തിലുള്ള ത്രിതല ചര്‍ച്ചാ ഫലങ്ങളുടെ വെളിച്ചത്തില്‍ സിനഡുകള്‍ക്ക് വേണ്ടിയുള്ള റോമിലെ കാര്യാലയം ഒന്നാമത്തെ കരട് രൂപപ്പെടുത്തുകയും ഈ കരട് രേഖ വിവിധ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സുകള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്യും. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഒരു നവീകരിക്കപ്പെട്ട കരട് രേഖ രൂപപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്ലോബല്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഗ്ലോബല്‍ മീഡിയാ സെല്‍ ചെയര്‍മാന്‍ വര്‍ഗീസ് തോമസ്, തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ.ടോം ഓലിക്കരോട്ട്, പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.കുര്യാക്കോസ് വെള്ളശാലയില്‍, കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് എഡ്വേര്‍ഡ് രാജു, സീന്യൂസ് ലൈവ് ഇംഗ്ലീഷ് പതിപ്പിന്റെ ചുമതലയുള്ള സോണി മനോജ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.

ഗ്ലോബല്‍ മീഡിയ സെല്‍ ചീഫ് കോര്‍ഡിനേറ്ററും സീന്യൂസ് ലൈവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ലിസി കെ. ഫെര്‍ണാണ്ടസ് സ്വാഗതവും ഗ്ലോബല്‍ മീഡിയ സെല്‍ സെക്രട്ടറിയും സീന്യൂസ് ലൈവ് ചീഫ് എഡിറ്ററുമായ ജോ കാവാലം നന്ദിയും പറഞ്ഞു.

ഗ്ലോബല്‍ മീഡിയാ സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ പഠന ശിബിരത്തിന് ഗ്ലോബല്‍ കത്തോലിക്കാ കോണ്‍ഗ്രസ്, കെ.സി.വൈ.എം, എസ്.എം.വൈ.എം ഗ്ലോബല്‍, തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട്, പാലാ, ചങ്ങനാശേരി പ്രവാസി അപ്പോസ്തലേറ്റുകള്‍ എന്നീ സംഘടനകള്‍ സഹകരിച്ചു. സീന്യൂസ് ലൈവ് യൂട്യൂബ് ചാനലിന്റെ ചുമതല വഹിക്കുന്ന ജോസഫ് ദാസനായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍.

കുവൈറ്റിലെ സീറോ മലബാര്‍ സഭാ അപ്പോസ്തലിക് വികാരി ഫാ. ജോണി ലോനിസ് മഴുവഞ്ചേരി പ്രാരംഭ പ്രാര്‍ത്ഥനയും ദീപിക ബാലജന സഖ്യം ഡയറക്ടര്‍ ഫാ. റോയ് കണ്ണന്‍ചിറ സമാപന പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.