ന്യൂഡൽഹി: നാഗാലാന്‍ഡിലെ സിവിലിയന്‍ കൊലപാതകങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാഗാലാന്‍ഡില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
പൗരന്മാരോ, ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികനും കൊല്ലപ്പെട്ടു. സംഭവത്തില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ തൊഴിലാളികളുടെ സംഘം ട്രക്കില്‍ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷസേന വെടിവെച്ചത്.
വിഘടനവാദികള്‍ ആക്രമണം നടത്താന്‍ എത്തുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൈന്യം ഇവിടെ തെരച്ചില്‍ നടത്തുകയായിരുന്നു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ വെടിവെച്ചെന്നാണ് സൈന്യത്തിന്റെ വിശദീകരണം. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
വെടിവെപ്പിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷസാഹചര്യമാണ്. പ്രതിഷേധം നടത്തിയ ഗ്രാമീണര്‍ സൈനിക വാഹനങ്ങള്‍ കത്തിച്ചു. സമാധാനം പാലിക്കണമെന്നും കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി വ്യക്തമാക്കി. ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ നടക്കുന്ന ഹോണ്‍ബില്‍ ഉത്സവത്തില്‍ നിന്ന് ആറ് ഗോത്രസംഘടനകള്‍ പിന്‍മാറി. മറ്റു അനിഷ്ടസംഭവങ്ങള്‍ നടക്കാതെയിരിക്കാന്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.