തലശേരി ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ്: യുഡിഎഫിന് ഗംഭീര വിജയം

തലശേരി ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ്: യുഡിഎഫിന് ഗംഭീര വിജയം

കണ്ണൂർ: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗംഭീര വിജയം. കോൺഗ്രസ് പാനൽ തോറ്റാൽ സുധാകരൻ രാജിവെക്കേണ്ടിവരുമെന്ന് പറഞ്ഞ മമ്പറം ദിവാകരന് ഇത് വലിയ തിരിച്ചടിയുമായി.

ആശുപത്രി ഭരണസമതി തിരഞ്ഞെടുപ്പിലെ വിജയം സംസ്ഥാനത്ത് കോൺഗ്രസ് ലക്ഷ്യംവെക്കുന്ന കേഡർ സംവിധാനത്തിന്റെ തുടക്കംകൂടിയാണ്. സാധാരണ സി.പി.എം. പോലുള്ള സംഘടനകളിൽ കാണുന്ന തന്ത്രപൂർവമുള്ള സംഘാടകത്വമാണ് കോൺഗ്രസ് ഇവിടെ കാണിച്ചത്.

1990-കളിൽ ജില്ലയിൽ കോൺഗ്രസിന്റെ ഒരുപാട് സഹകരണസംഘങ്ങൾ സി.പി.എം. പിടിച്ചെടുത്തിരുന്നു. അതേസമയം ഈ തിരഞ്ഞെടുപ്പിൽ പാർട്ടി അതിന്റെ എല്ലാ തന്ത്രങ്ങളും പുറത്തെടുത്തു. തികച്ചും സി.പി.എം. ശൈലിയിൽ. വോട്ടർമാരെ കൊണ്ടുവരാൻ പ്രത്യേക സംവിധാനമൊരുക്കി. മണ്ഡലം കമ്മിറ്റികൾ ഇതിനായി എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. തളരാതെ മണിക്കൂറുകൾ വോട്ടർമാരെ വരിനിർത്തി.

ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച മമ്പറം ദിവാകരനെ പാർട്ടിയിൽനിന്ന് പുറത്താക്കിക്കൊണ്ടായിരുന്നു കെ.സുധാകരൻ തുടങ്ങിയത്. അത് വിമർശമുണ്ടാക്കിയെങ്കിലും അച്ചടക്കനടപടിയെന്ന രീതിയിൽ അംഗീകരിക്കപ്പെട്ടു. കണ്ണൂരിലും മമ്പറത്തെ അനുകൂലിക്കുന്ന ഒട്ടേറെപ്പേരുണ്ടെങ്കിലും എവിടെയും കാര്യമായ എതിർപ്പുണ്ടായില്ല. ഇത് പാർട്ടിയുടെ ശക്തിയെയാണ് കാണിക്കുന്നത്. ഞായറാഴ്ച ബൂത്തിനുമുന്നിൽ ഒൗദ്യോഗിക നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ച ഒരുമണ്ഡലം പ്രസിഡന്റിനെ മണിക്കൂറുകൾക്കകം ഡി.സി.സി. പ്രസിഡന്റ് പുറത്താക്കിയതും പാർട്ടിയുടെ കേഡർ സ്വഭാവം വെളിപ്പെടുത്തുന്നതായി.

സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ചതാണ് ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ്. അതിൽ പരാജയപ്പെട്ടാൽ സുധാകരന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, വൻ ഭൂരിപക്ഷത്തോടെയുള്ള വിജയം കെ.പി.സി.സി. പ്രസിഡന്റിന്റെ നിലപാടിനുള്ള അംഗീകാരമായി. എന്നാൽ അമിതാഹ്ളാദ പ്രകടനം വേണ്ടെന്നും വ്യക്തികൾക്കെതിരേയുള്ള വിജയമല്ല, മറിച്ച് പാർട്ടിയുടെ ഐക്യത്തിന്റെ വിജയമാണിത് എന്നുമാണ് ഫലമറിഞ്ഞശേഷം സുധാകരൻ പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.