ലുലു ഗ്രൂപ്പ് വായ്പ തുക അടച്ചു തീര്‍ത്തു; ജപ്തി ഭീഷണി ഒഴിവായത് ആമിനയ്ക്കും കുടുംബത്തിനും ആശ്വാസമായി

ലുലു ഗ്രൂപ്പ് വായ്പ തുക അടച്ചു തീര്‍ത്തു; ജപ്തി ഭീഷണി ഒഴിവായത് ആമിനയ്ക്കും കുടുംബത്തിനും ആശ്വാസമായി

കാഞ്ഞിരമറ്റം: ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് നഷ്ടപ്പെടുമെന്ന ഓര്‍ത്ത കിടപ്പാടം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ആമിനയും കുടുംബവും. അതിനു കാരണക്കാരനായ എം. എ യൂസഫലിയെയും അവര്‍ മറക്കുന്നില്ല. 'പടച്ചോന്‍ ആണ് എനിക്ക് യൂസഫലി സാറിനെ കാണിച്ച്‌ തന്നത്' എന്ന് പറയുമ്പോള്‍ ആമിനയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ആറ് വര്‍ഷം മുന്‍പ് ഇളയ മകളുടെ വിവാഹം നടത്താനാണ് ഇവര്‍ വീടിരുന്ന ഒമ്പത് സെന്റ് ഈടു വച്ചാണ് ആമിനയും സെയ്ത് മുഹമ്മദും കീച്ചേരി സഹകരണ ബാങ്കില്‍ നിന്നു രണ്ട് ലക്ഷം രൂപ വായ്പയെടുത്തത്. അടുത്ത കാലം വരെ കുറഞ്ഞ വരുമാനത്തില്‍ നിന്നും വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നു. എന്നാല്‍ സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ അത് മുടങ്ങുവാന്‍ തുടങ്ങി. ഇതോടെ പലിശയും മുതലും വലിയ ബാധ്യതയായി കുന്നുകൂടി.

തിരിച്ചടവു മുടങ്ങി ബാങ്കില്‍ നിന്നു ജപ്തി നോട്ടീസ് ലഭിച്ചതോടെ കുടുംബം എന്ത് ചെയ്യണം എന്നറിയാതെ ആശങ്കയിലായി. ഈ സമയമാണ് ആമിനയ്ക്കു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ കാണാന്‍ അവസരം ലഭിച്ചത്.
സെയ്ത് മുഹമ്മദിന്റെ ചികിത്സയ്ക്കായി ലേക‍്ഷോര്‍ ആശുപത്രിയില്‍ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതാണ്. ഹെലികോപ്റ്റര്‍ അപകടം ഉണ്ടായപ്പോള്‍ തന്നെ സഹായിച്ചവരെ കാണാന്‍ ഞായറാഴ്ച എം.എ യൂസഫലി എത്തിയതറിഞ്ഞാണ് മകളുടെ വീട്ടില്‍ നിന്ന് ആമിന അവിടേക്ക് ചെന്നത്.

മടങ്ങിപ്പോകാനായി കാറിലേക്കു കയറുമ്പോഴാണ് ആമിന തന്റെ വിഷമം യൂസഫലിയെ അറിയിച്ചത്. ആമിന കയ്യിലെ തുണ്ടുകടലാസില്‍ കുറിച്ച സങ്കടവുമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ എം.എ യൂസഫലി ജപ്തി ചെയ്യില്ലെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പു നല്‍കി.

ഇന്നലെ തന്നെ ലുലു ഗ്രൂപ്പ് അധികൃതര്‍ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ചു വായ്പ തീര്‍ത്തു. ശേഷം ആമിനയുടെ വീട്ടിലെത്തിയ അധികൃതര്‍ 50,000 രൂപയും ബാങ്കില്‍ പണം അടച്ചതിന്റെ രസീതും കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.